ട്രാഫിക് ഫൈൻ അടച്ചില്ലെങ്കിൽ ഇനി വീട്ടിലെ കറന്റ് പോകും! ഇ-ചലാൻ കുടിശ്ശിക പിരിക്കാൻ സുപ്രീംകോടതിയുടെ പുതിയ നിർദേശങ്ങൾ
ന്യൂഡൽഹി: ട്രാഫിക് നിയമ ലംഘനങ്ങൾക്ക് ചുമത്തുന്ന ഇ-ചലാൻ തുക പിരിച്ചെടുക്കാൻ കർശനവും വേറിട്ടതുമായ നടപടികൾ നിർദേശിച്ച് സുപ്രീംകോടതി. കേവലം ഇ-ചലാനുകൾ നൽകുന്നതിൽ മാത്രം നടപടികൾ ഒതുക്കാതെ, പിഴത്തുക ഫലപ്രദമായി ഈടാക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് നിർദേശം നൽകി.
കോടതി മുന്നോട്ടുവെച്ച പ്രധാന മാർഗങ്ങൾ:
- വൈദ്യുതി ബില്ലിനൊപ്പം ട്രാഫിക് പിഴയും: അടയ്ക്കാത്ത ട്രാഫിക് പിഴകൾ വാഹന ഉടമയുടെ വൈദ്യുതി ബില്ലിനൊപ്പം ഉൾപ്പെടുത്തുക. ബിൽ അടച്ചില്ലെങ്കിൽ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കപ്പെടുമെന്നതിനാൽ വേഗത്തിൽ പിഴ ഈടാക്കാൻ ഇത് സഹായിക്കും.
- ആർ.സി (RC) സേവനങ്ങൾ തടയും: കുടിശ്ശിക തീർക്കാതെ വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പുതുക്കുക, ഡ്യൂപ്ലിക്കേറ്റ് ആർ.സി അനുവദിക്കുക, ഉടമസ്ഥാവകാശം കൈമാറുക എന്നിവ അനുവദിക്കില്ല. പരിവാഹൻ പോർട്ടലിൽ ഇത്തരം വാഹനങ്ങളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തും.
- ലൈസൻസും സർട്ടിഫിക്കറ്റുകളും റദ്ദാക്കും: കുടിശ്ശികക്കാരുടെ വാഹനങ്ങളുടെ ഫിറ്റ്നസ്, പൊല്യൂഷൻ സർട്ടിഫിക്കറ്റുകൾ തടഞ്ഞുവെക്കുക, ഡ്രൈവിംഗ് ലൈസൻസ് പുതുക്കി നൽകാതിരിക്കുക, നിലവിലുള്ള ലൈസൻസുകൾ റദ്ദാക്കുക തുടങ്ങിയ നടപടികൾ സ്വീകരിക്കുക.
- വാഹനം പിടിച്ചെടുക്കൽ: മിന്നൽ പരിശോധനകളിൽ പിഴയടക്കാത്ത വാഹനങ്ങൾ കണ്ടെത്തിയാൽ, നിയമനടപടികൾ സ്വീകരിച്ച് വാഹനം പിടിച്ചെടുക്കുന്ന കാര്യവും പരിഗണിക്കണം.

എന്തുകൊണ്ട് ഈ കർശന നടപടി?
രാജ്യത്താകെ ഇ-ചലാൻ വഴി 45,000 കോടി രൂപയോളം പിഴ പിരിച്ചെടുക്കാനുണ്ടെന്നും, എന്നാൽ ഇതുവരെ 25,000 കോടി രൂപ മാത്രമാണ് ഈടാക്കാനായതെന്നും അധികൃതർ കോടതിയെ അറിയിച്ചിരുന്നു. 2012-ൽ ഡോ. എസ്. രാജശേഖരൻ സമർപ്പിച്ച റോഡ് സുരക്ഷാ പൊതുതാൽപ്പര്യ ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതി ഈ സുപ്രധാന നിരീക്ഷണങ്ങൾ നടത്തിയത്.
Comments ()