പടിഞ്ഞാറെക്കരയിൽ വെള്ളം കയറി നശിച്ചത് കർഷകരുടെ സ്വപ്നങ്ങൾ

ഉദയനാപുരം: ഓണവിപണി ലക്ഷ്യമിട്ട് പാട്ടഭൂമിയിൽ നടത്തിയ ഏത്തവാഴകൃഷി വെള്ളം കയറി പൂർണമായി നശിച്ചത് കർഷകരുടെ പ്രതീക്ഷകളെ തകർത്തു. ഉദയനാപുരം പടിഞ്ഞാറെക്കരഭാഗത്ത് ഏത്തവാഴകൃഷി നടത്തിയ വേഴക്കേരിമണിയപ്പൻ, പെരുമ്പ്ലാത്ത് പങ്കജാക്ഷൻ എന്നിവരുടെ ഏത്തവാഴകൃഷിയാണ് നശിച്ചത്. കുലകൾ 70 ശതമാനത്തോളം മൂപ്പെത്തിയപ്പോൾ കൃഷിയിടം വെള്ളത്തിൽ മുങ്ങിയതിനെ തുടർന്ന് വാഴകൾ ഒടിഞ്ഞു നശിച്ചു. വർഷങ്ങളായി വാഴകൃഷി നടത്തി ഉപജീവനം നടത്തിവരുന്നവരാണിവർ. ബാങ്കിൽ നിന്നും വായ്പയെടുത്തും വ്യക്തികളിൽ നിന്ന് പണം കടുവാങ്ങിയുമാണ് കൃഷിയിറക്കിയത്. മണിയൻ 400 ഓളം ഏത്തവാഴകളും പങ്കജാക്ഷൻ 350 ഏത്തവാഴകളുമാണ് നട്ടിരുന്നത്.രണ്ടുപേരുടേയും കൃഷി 'സമീപ പുരയിടങ്ങളിലായിരുന്നു. ഒടിഞ്ഞ് മണ്ണൊടു ചേർന്നു കിടക്കുന്ന
വലിയ ഏത്തക്കുലകൾ കച്ചവടക്കാർ നിശ്ചയിക്കുന്ന വിലക്ക് കൊടുക്കാൻ കർഷകർ തയ്യാറായിട്ടും കറിവയ്ക്കുന്നതിന് വാങ്ങാൻ പോലും ആരും തയ്യാറാകുന്നില്ല.
സാങ്കേതിക കാരണങ്ങൾ നിരത്തി ഏത്തവാഴയ്ക്ക് കൃഷിഭവനുകളും ഇൻഷ്വറൻസ് പരിരക്ഷ നിഷേധിച്ചു.മണിയന് മൂന്നര ലക്ഷം രൂപയടേയും പങ്കജാക്ഷന് മൂന്ന് ലക്ഷം രൂപയടേയും നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.