റോഡിന് അനുവദിച്ച ഫണ്ട് പാർട്ടി തോറ്റപ്പോൾ പിൻവലിച്ചെന്ന്
എസ്. സതീഷ്കുമാർ
വൈക്കം: തദ്ദേശ സ്വയം ഭരണ സ്ഥാപന തെരഞ്ഞെടുപ്പിന് മുമ്പ് റോഡിനായി എം.എൽ.എ അനുവദിച്ച ഫണ്ട് കോൺഗ്രസ് സ്ഥാനാർത്ഥി വാർഡിൽ ജയിച്ചപ്പോൾ പിൻവലിച്ചതായി ആക്ഷേപം.

വൈക്കം നഗരസഭ 23-ാം വാർഡിലെ വൈനവേലി - പോളശ്ശേരി റോഡിനാണ് സി.കെ. ആശ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ അനുവദിച്ചിരുന്നത്. എം.എൽ.എയ്ക്കും അന്നത്തെ വാർഡ് കൗൺസിലർക്കും അഭിവാദ്യം അറിയിച്ച് വാർഡ് വികസന സമിതി ബോർഡും വച്ചിരുന്നു. എന്നാൽ നഗരസഭ തിരഞ്ഞെടുപ്പിൽ റോഡ് ഉൾപ്പെടുന്ന വാർഡും സമീപ വാർഡുകളിലും യു.ഡി.എഫ് ആണ് വിജയിച്ചത്. ഇതോടെ ജനുവരിയിൽ പദ്ധതി റദ്ദാക്കണമെന്ന് എം.എൽ.എ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയതായാണ് കോൺഗ്രസിൻ്റെ പരാതി. പദ്ധതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടതായുള്ള കോട്ടയം ജില്ലാ കളക്ടുടെ കത്ത് പുറത്ത് വിട്ടുകൊണ്ടാണ് കോൺഗ്രസ് ആക്ഷേപം ഉന്നയിക്കുന്നത്.