വിനീഷ്യസ് ജൂനിയർ വീണ്ടും ഇന്ത്യൻ മണ്ണിൽ; സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഇന്ന് ഇന്ത്യ-ബ്രസീൽ ചരിത്രപ്പോരാട്ടം
കൊൽക്കത്ത: ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ സുപ്രധാന ദിനങ്ങളിലൊന്നാണിന്ന്. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 7.30-ന് നടക്കുന്ന ആവേശകരമായ മത്സരത്തിൽ ഇന്ത്യ സാക്ഷാൽ ബ്രസീലിനെ നേരിടും. വിനീഷ്യസ് ജൂനിയർ, മാർക്കിന്യോസ് തുടങ്ങിയ ലോകോത്തര താരങ്ങൾ അണിനിരക്കുന്ന ബ്രസീൽ ടീമിനെ വരവേൽക്കാൻ സ്റ്റേഡിയം തിങ്ങിനിറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെള്ളിയാഴ്ച വൈകി ബ്രിസ്ബേനിൽ നിന്നുള്ള 11 മണിക്കൂർ വിമാനയാത്രയ്ക്ക് ശേഷമാണ് ബ്രസീൽ സംഘം ഇന്ത്യയിലെത്തിയത്. ഹോട്ടലിലെത്തിയ വിനീഷ്യസ് ആരാധകർക്കൊപ്പം സന്തോഷത്തോടെ ചിത്രങ്ങളെടുക്കാനും ഓട്ടോഗ്രാഫുകൾ നൽകാനും സമയം കണ്ടെത്തി.

സൂപ്പർ താരം വിനീഷ്യസ് ജൂനിയർ ഇന്ത്യൻ മണ്ണിൽ പന്തുതട്ടാൻ വരുന്നത് ഇതാദ്യമായല്ല. 2016 ഒക്ടോബറിൽ ഗോവയിൽ നടന്ന പ്രഥമ ബ്രിക്സ് അണ്ടർ-17 ഫുട്ബോൾ കപ്പിലൂടെയാണ് താരം മുൻപ് ഇന്ത്യയിലെത്തിയത്. അന്ന് ഫ്ലമെംഗോ യൂത്ത് അക്കാദമി താരമായിരുന്ന വിനീഷ്യസിന്റെ മികവിലാണ് ഇന്ത്യ, ദക്ഷിണാഫ്രിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങളെ വീഴ്ത്തി ബ്രസീൽ കിരീടം ചൂടിയത്. ആദ്യ മത്സരങ്ങളിൽ പകരക്കാരനായി ഇറങ്ങി റഷ്യയ്ക്കും ഇന്ത്യയ്ക്കുമെതിരെ ഗോളുകൾ നേടിയ താരം, അഞ്ച് ഗോളുകളോടെ ടൂർണമെന്റിലെ ടോപ്പ് സ്കോററുമായി. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യക്കെതിരെ ബ്രസീൽ 3-1ന് ജയിച്ചപ്പോൾ 82-ാം മിനിറ്റിലായിരുന്നു വിനീഷ്യസിന്റെ ഗോൾ. ഈ ടൂർണമെന്റിന് ശേഷം ഏകദേശം ഒരു വർഷം കഴിഞ്ഞപ്പോഴാണ് 46 മില്യൺ യൂറോയ്ക്ക് താരം റയൽ മാഡ്രിഡിലേക്ക് ചേക്കേറിയത്. 2017-ൽ ഇന്ത്യയിൽ നടന്ന ഫിഫ അണ്ടർ-17 ലോകകപ്പിൽ താരം പങ്കെടുക്കേണ്ടതായിരുന്നെങ്കിലുംറയൽ മാഡ്രിഡ് അന്ന് അനുമതി നൽകിയിരുന്നില്ല.
ഇന്ത്യയെക്കുറിച്ച് മികച്ച ഓർമ്മകളാണുള്ളതെന്ന് സിബിഎഫ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ വിനീഷ്യസ് വ്യക്തമാക്കി. കുട്ടിയായിരുന്നപ്പോഴാണ് താൻ ആദ്യമായി ഇന്ത്യയിൽ വന്നതെന്നും, വീണ്ടുമൊരു തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഫുട്ബോളിനെയും ബ്രസീലിനെയും സ്നേഹിക്കുന്ന വലിയൊരു ആരാധകവൃന്ദം ഇന്ത്യയിലുണ്ടെന്നും, നിരവധി പേർ തനിക്ക് മെസ്സേജുകൾ അയക്കാറുണ്ടെന്നും താരം കൂട്ടിച്ചേർത്തു. ഇന്ത്യക്കാരുടെ ഈ വലിയ സ്നേഹം മുൻപ് തനിക്ക് അറിയില്ലായിരുന്നുവെന്ന് പറഞ്ഞ വിനീഷ്യസ്, വീണ്ടും ഇന്ത്യയിൽ തിരിച്ചെത്തിയതിലുള്ള അതിയായ സന്തോഷവും പങ്കുവെച്ചു.
Comments ()