കാർഷിക മേഖലയിൽ സാങ്കേതിക വിപ്ലവം: ഡ്രോൺ സ്വന്തമാക്കി വൈക്കത്തെ കർഷകൻ
വൈക്കം: കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾക്കായി സ്വന്തമായി ഡ്രോൺ വാങ്ങി കർഷകൻ. വൈക്കം തലയാഴം കൂവം സ്വദേശി സുകുവാണ് 10ലക്ഷത്തോളം രൂപ വിനിയോഗിച്ച് ഡ്രോൺ വാങ്ങി പരീക്ഷണാർഥം വീടിന് സമീപത്തെ 68 ഏക്കർ മണ്ണാറംകണ്ടം പാടശേഖരത്തിലെ തുരുത്തേൽ ഭാഗത്ത് മരുന്നടിച്ചത്. കാർഷിക മേഖലയിലെ യന്ത്രവത്ക്കരണം പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സുകുവിൻ്റെ ഈ നീക്കം. തലയാഴത്തും വെച്ചൂരുമായി 10ഏക്കറോളം നെൽകൃഷി ചെയ്യുന്ന സുകു സ്വന്തം കൃഷിയുടെ മരുന്നടിക്കും വളമിടുന്നതിനും വേണ്ടിയാണ് ഡ്രോൺ വാങ്ങിയത്. 20 മിനിറ്റ് കൊണ്ട് മൂന്ന് ഏക്കറിൽ ഡ്രോണിൻ്റെ സഹായത്താൽ മരുന്നടിക്കാനാകും. 30 ലിറ്റർ മരുന്ന് ലായനിയുമായാണ് ബാറ്ററിയുടെ പവറിൽ ഡ്രോൺ പറക്കുന്നത്. ഒരു ബാറ്ററി അരമണിക്കൂറിനകം ചാർജ് ചെയ്യാനാകും.
തൻ്റെ ആവശ്യത്തിന് പുറമെ മറ്റു കർഷകർ ആവശ്യപ്പെട്ടാൽ ഡ്രോൺ ഉപയോഗിച്ച് മരുന്നും വളവും തളിച്ചു കൊടുക്കാൻ സുകു തയ്യാറാണ്. ഒരു ഏക്കറിൽ ഡ്രോൺ ഉപയോഗിച്ച് മരുന്നും വളവും തളിക്കാൻ 600 രൂപയാണ് ഇടാക്കുന്നത്. കൃഷി ജോലികൾക്ക് ആളെ കിട്ടാത്ത സാഹചര്യത്തിൽ കർഷകർക്ക് ഡ്രോൺ ഏറെ ഗുണകരമാവും. മരുന്നടി, വളമിടൽ എന്നിവയ്ക്കു പുറമെ വിതയ്ക്കാനും കക്കാ വിതറാനും ഡ്രോൺ വഴി സാധിക്കും. തലയാഴത്ത് 26 പാട ശേഖരങ്ങളിലായി 1300 ഏക്കർ നിലമാണുള്ളത്. 32 പാടശേഖരങ്ങളിലായി 3000 ഏക്കറിൽ വെച്ചൂരിലും നെൽകൃഷിയുണ്ട്. സമീപ പഞ്ചായത്തായ കല്ലറയിലുമടക്കം നെൽകൃഷി ക്ക് ഈ കർഷകൻ്റെ ഡ്രോൺ പ്രയോജനപ്പെടുത്തി കർഷകർക്ക് മരുന്ന് പ്രയോഗത്തിന് വളമിടാനും കഴിയും. ഡ്രോണിൻ്റെ പ്രവർത്തനോദ്ഘാടനം കെ. ബിനിമോൻ എം.എൽ.എയാണ് നിർവഹിച്ചത്.
Comments ()