അപ്പർ കുട്ടനാടൻ കർഷകർക്ക് തിരിച്ചടി: വെച്ചൂർ മോഡേൺ റൈസ് മില്ല് പൂട്ടാൻ നീക്കം
വൈക്കം: അപ്പർ കുട്ടനാടൻ മേഖലയിലെ കർഷകർക്ക് താങ്ങായി ഇടത് സർക്കാർ തുടങ്ങിയ വൈക്കം വെച്ചൂരിലെ മോഡേൺ റൈസ് മില്ലിൻ്റെ പ്രവർത്തനം നിർത്തി. സ്വകാര്യ റൈസ് മിൽ ലോബിയുടെ സ്വാധീനത്തിൽ ഒരു വിഭാഗം ഉദ്യോഗസ്ഥർ സ്ഥാപനത്തിന് താഴിടാൻ ശ്രമിക്കുന്നതായാണ് പരാതി. റൈസ് മില്ലിൻ്റെ മുന്നിൽ സ്ഥാപിച്ചിരുന്ന ബോർഡടക്കം എടുത്ത് മാറ്റിയ നിലയിലാണ്.
രണ്ടാഴ്ചയായി റൈസ് മില്ലിൻ്റെ പ്രവർത്തനം പൂർണ്ണമായി നിലച്ച നിലയിലാണ്. കേടാകാതെ 2500 മെട്രിക് ടൺ നെല്ല് സൂക്ഷിക്കാൻ കഴിയുന്ന സൈലൊയുടെ കേട്പാടുകൾ പറഞ്ഞാണ് മില്ല് അടച്ച് പൂട്ടാൻ നീക്കം തുടങ്ങിയത്. പത്ത് താൽക്കാലിക ജീവനക്കാരെ പിരിച്ച് വിടുകയും മറ്റ് ചില ജീവനക്കാരെ ഓയിൽ പാം കൊല്ലത്തെ ഫാക്ടറിയിലേക്ക് മാറ്റുകയും ചെയ്തതായാണ് വിവരം. പുതിയ സർക്കാർ പൊതുമേഖല സ്ഥാപന മേധാവികളെയും ബോർഡ് രൂപീകരണവും നടത്തുന്നതിനു മുമ്പ് തന്നെ ഉദ്യോഗസ്ഥരാണ് സ്വകാര്യ മില്ലുകളെ സഹായിക്കാൻ ഓയിൽ പാം മിൻ്റെ കീഴിലെ ഈ റൈസ് മില്ല് അടച്ച് പൂട്ടുന്നതെന്നാണ് പരാതി. 2011 ലാണ് ഇടതുസർക്കാർ വെച്ചൂരിൽ വി.ബി ബിനു ചെയർമാനായ ഓയിപാം ഇൻഡ്യയുടെ കീഴിൽ റൈസ് മില്ല് തുടങ്ങിയത്. മില്ലിലെ ഉത്പാദനവും സംഭരണവും നിർത്തിയതോടെ ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് മുൻ ഓയിൽ പാം ചെയർമാൻ വി.ബി. ബിനു പറഞ്ഞു.

പാലക്കാട് നിന്നടക്കം നെല്ല് എത്തിച്ച് കുട്ടനാടൻ റൈസ് എന്ന ജനപ്രിയ അരി പുറത്തിറക്കുകയും ചെയ്തതോടെയാണ് സ്വകാര്യമില്ല് ലോബി ഈ റൈസ് മില്ലിനെതിരെ നീക്കം തുടങ്ങിയത്. മുൻമ്പുണ്ടായിരുന്ന ചില ഓയിൽ പാം നേതൃത്വത്തിൻ്റെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ നെല്ല് സംഭരണത്തിലടക്കം വീഴ്ചവരുത്തി മില്ലിൻ്റെ തകർത്ത് സ്വകാര്യ മില്ലുകളെ സഹായിക്കാൻ ഏറെക്കാലമായി ശ്രമം നടത്തി വരുകയായിരുന്നു. ഇതിനിടെയാണ് സർക്കാർ മാറി ഓയിൽ പാം മിന് പുതിയ നേതൃത്വം വരുന്നതിന് മുമ്പായി തന്നെ നിസാരകാരണം പറഞ്ഞ് മില്ലിൻ്റെ പ്രവർത്തനം ഉദ്യോഗസ്ഥർ നിർത്തിയിരിക്കുന്നത്. കൊയ്ത്ത് തുടങ്ങാൻ മാസങ്ങൾ മാത്രമുള്ളപ്പോൾ സംഭരണ നടപടികൾ തുടങ്ങേണ്ട സമയത്താണ് കർഷകരെയാകെ പ്രതിസന്ധിയിലാക്കുന്ന നടപടി ഉണ്ടായിരിക്കുന്നത്.

സർക്കാരിൻ്റെ അടിയന്തിര ഇടപെടൽ വേണമെന്നാണ് കർഷകരുടെ ആവശ്യം. എന്നാൽ 20 കോടിയിലധികം ബാധ്യതയെന്ന എ.ജി. റിപ്പോർട്ടിനെ തുടർന്നാണ് മില്ല് താൽക്കാലികമായി അടച്ചതെന്നും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ വിഷയം കൊണ്ടുവരുമെന്നുമാണ് ഇന്ന് മില്ല് സന്ദർശിച്ച കെ.ബിനിമോൻ എം.എൽ.എ അറിയിച്ചത്. മില്ല് അടച്ച് പൂട്ടാൻ അനുവദിക്കില്ലെന്നും ബിനിമോൻ പറഞ്ഞു.
Comments ()