ആർദ്രാ ദർശനം ഭക്തിസാന്ദ്രമായി
ആർ. സുരേഷ് ബാബു
വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ ആർദ്രാ ദർശനം ഭക്തിസാന്ദ്രമായി.വൈക്കത്തപ്പന്റെ തിരുനാളായ ധനു മാസത്തിലെ തിരുവാതിര നാളിൽ ഭഗവാൻ വാഹനമായ ഋഷഭത്തിന്റെ പുറത്തെഴുന്നള്ളി ഭക്തർക്ക് ദർശനം നല്കുന്നതായി വിശ്വാസം. വെള്ളിയിൽ നിർമ്മിതമായ ഋഷഭത്തിൽ വൈക്കത്തപ്പന്റെ തിടമ്പ് എഴുന്നള്ളിച്ച് പട്ടുടയാടകളും കട്ടി മാലകളും കൊണ്ട് അലംകരിച്ച് മുളം തണ്ടിലേറ്റി അവകാശികളായ മൂസതുമാർ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിന് മൂന്നു പ്രദക്ഷിണം പൂർത്തിയാക്കി ശ്രീ കോവിലിലേക്ക് പ്രവേശിച്ചു.
ഈ സമയം ദർശനം നടത്തുന്ന ഭക്തർക്ക് ദീർഘമംഗല്യവും കുടുംബ ഐക്യവും ഐശ്വര്യവും ലഭിക്കുമെന്ന് വിശ്വാസത്തിൽ നിരവധി ഭക്തർ ക്ഷേത്രത്തിലെത്തിയിരുന്നു. വൈക്കം മഹാദേവ ക്ഷേത്രത്തിൽ ആർദ്ര ദർശന സമയത്ത് എഴുന്നള്ളിക്കുന്ന വെള്ളിയിൽ നിർമ്മിച്ച ഋഷഭത്തിന്റെ ശിരസ് അല്പം ചരിഞ്ഞ രീതിയിലാണന്ന പ്രത്യേകതയുണ്ട്. ശിവഭക്തനായ നന്ദനാർക്ക് ഭക്തജന തിരക്ക് മൂലം ഭഗവാന്റെ എഴുന്നള്ളത്ത് കാണുവാൻ സാധിക്കില്ലന്ന് മനസ്സിലാക്കിയ ഋഷഭം നന്ദനാർക്ക് കാണത്തക്കവിധം ശിരസ് ചെരിച്ചു കൊടുത്തുതായി വിശ്വാസം. വൈക്കത്തപ്പന്റെ തിരുനാളായ തിരുവാതിര നാളിൽ ശ്രീ പാർവതി ശ്രീ പരമേശ്വരന്റെ ദീർഘായുസിനായി വൃതമനുഷ്ഠിക്കുന്നു എന്നാണ് ഐതീഹ്യം. കാലാകാലനായ ശ്രീ പരമേശ്വരനാണ് തിരുവാതിരയുടെ ആരാധന മൂർത്തി. ഉപാസനാ മൂർത്തി ശ്രി പാർവതിയും. ശക്തിയുടെ സഹായം ഇല്ലാതെ ശിവനെ പ്രാപിക്കാനാവില്ലന്ന് സാരം. തിരുവാതിരയുടെ മുഖ്യ ചടങ്ങ് സ്നാനമാണ്. തിരുവാതിര നാളിൽ പുലർച്ചെ അഷ്ടമംഗലത്തോടെ വീട്ടമ്മമാർ കുളിക്കാൻ ഒരുങ്ങുന്നത് 'ധനു മാസത്തിലെ തിരുവാതിര ഭഗവാൻ തന്റെ തിരുനാളല്ലോ, എന്ന പാട്ടു പാടി കൊണ്ടാണ്. ഒരു പെൺകുട്ടിയുടെ വിവാഹ ശേഷം ആദ്യം വരുന്ന തിരുവാതിരയാണ് പൂത്തിരുവാതിര. മുറ്റത്ത് അരിമാവണിഞ്ഞ് അമ്മിക്കുഴവി വച്ച് പാർവതി - പരമേശ്വരൻമാരെ സങ്കൽപ്പിച്ച് ആരാധന നടത്തുന്നതും സവിശേഷതയാണ്. വൃതാനുഷ്ഠാനവും എട്ടാങ്ങാടി നിവേദ്യവും ഉറക്കമിളയ്ക്കലും പാതിര പൂ ചൂടലും തിരുവാതിര പുഴുക്കും തിരുവാതിരയുടെ പ്രത്യേകതയാണ്.