|
Loading Weather...
Follow Us:
BREAKING

ആ പൂത്തറ ഒരു വൈക്കംകാരൻ്റെയാണ്

ആ പൂത്തറ ഒരു വൈക്കംകാരൻ്റെയാണ്
പൂത്തറ ജോസഫ്

എസ്. സതീഷ്കുമാർ

വൈക്കം: പൂത്തറ വെറുമൊരു പൂവൊ തറയൊ അല്ല. അതൊരു ഒന്നൊന്നര കായാണ്. ആ പൂത്തറക്ക് പിന്നിലെ വൈക്കംകാരൻ ആരെന്നറിയാം

വലിപ്പം കൊണ്ട് വേറിട്ടതും ലാഭകരവുമായ തനത് ജാതിക്കായ് വിളയിച്ച് സ്വന്തം വീട്ടുപേരുമിട്ട് എൺപത്തിമൂന്നാം വയസ്സിൽ ബ്രാൻഡ് സ്വന്തമാക്കിയ കർഷനാണ് ഈ വൈക്കംകാരൻ, പൂത്തറ ജോസഫ്. വലിപ്പവും തൂക്കവും കൂടിയ പൂത്തറ എന്ന ജാതിക്കായ് വിളയിച്ച് കേരള കാർഷിക സർവ്വകലാശാലയുടെ കെ.എ.യു ബ്രാൻഡ് നേടി, വൈക്കപ്രയാർ സ്വദേശിയായ ജോസഫ്. നാല് ജാതി ഇനങ്ങൾക്ക് മാത്രം ലഭിച്ചിട്ടുള്ള ബ്രാൻഡ് ആണ് ഈ കർഷകന് ഇപ്പോൾ സ്വന്തമായുള്ളത്. കാർഷിക വിദഗ്ധരുടെ അഞ്ച് വർഷത്തെ നിരീക്ഷണങ്ങൾക്കും പഠനങ്ങൾക്കും ശേഷമാണ് ജോസഫിൻ്റെ ഈ ഒരിനം ജാതിക്ക്, 2018ൽ കെ.എ.യു. ബ്രാൻഡ് നൽകിയത് എന്നതും ശ്രദ്ധേയമാണ്. കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയുടെ ചുരുക്കപ്പേരാണ് ഈ കെ.എ.യു എന്ന ഈ ബ്രാൻഡ്. ഫാക്ടിൽ നിന്ന് സ്വയം വിരമിച്ച ശേഷം രണ്ടര പതിറ്റാണ്ടായി നല്ലൊരു കർഷകനായി ജീവിതം നയിക്കുന്നയാളാണ് ജോസഫ്. നെല്ലും തെങ്ങും ജാതിയും കൃഷി ചെയ്യുന്ന ജോസഫ് എന്ന കർഷകൻ തൻ്റെ കൃഷിയിടത്തിൽ വിളഞ്ഞ ജാതിക്കായ്കൾ മികച്ചതെന്ന് കണ്ടാണ് ബഡ് ചെയ്ത് തൂക്കവും വലിപ്പവുമുള്ള ജാതി കായ്ക്കൾ ഉത്പാദിപ്പിച്ചു തുടങ്ങിയത് എന്നും നമ്മൾ അറിയണം. അങ്ങനെയിരിക്കെ 2010ലാണ് കർഷകർക്ക് പരിശീലനം നൽകാനെത്തിയ വിദഗ്ദ്ധർ ജോസഫിൻ്റെ ഈ ജാതികൃഷി കാണുന്നത്. തുടർന്ന് ഡോ. മിനി രാജിൻ്റെ നേതൃത്വത്തിലുള്ള സംഘം ജോസഫിൻ്റെ രണ്ട് ജാതിമരങ്ങൾ നിരീക്ഷിച്ച് പഠനവും നടത്തി. ഇവയിൽ ഒന്നിനാണ് കേരള കാർഷിക സർവ്വകലാശാലയുടെ കെ.എ.യു പൂത്തറ ബ്രാൻഡ് സ്വന്തമാക്കാനായത്. സംസ്ഥാനത്തെ വിവിധ കർഷകരുടെ അമ്പത്തിമൂന്ന് ഇനങ്ങൾ നിരീക്ഷിച്ച ശേഷമാണ് കൃഷി വിദഗ്ധർ ജോസഫ് ചേട്ടൻ്റെ പൂത്തറ ഉൾപ്പെടെ അഞ്ച് ഇനങ്ങൾ മാത്രം പഠന വിധേയമാക്കിയത്. ഇത് കർഷകൻ്റെ ഇനമായി രജിസ്റ്റർ ചെയ്ത് നൽകുകയും ചെയ്തിട്ടുണ്ട്. തീർന്നില്ല, കാർഷിക സർവ്വകലാശാല പൂത്തറ തൈകൾ ഉത്പാദിക്കുന്നുണ്ടെന്ന് മാത്രമല്ല ജോസഫ് ഈ ജാതി തൈകൾ ആവശ്യക്കാർ മുൻകൂട്ടി പറഞ്ഞാൽ നൽകുകയും ചെയ്യും. ഒരു വർഷത്തിനകം പൂവിട്ട് കായ് വരും എന്ന് മാത്രമല്ല കുലകളായി കായും വരും ജോസഫ് ചേട്ടൻ്റെ പൂത്തറക്ക്. ഉണങ്ങിയ ഒരു ജാതിക്കായ്ക്ക് 10 ഗ്രാമാണ് തൂക്കം. വലുതെങ്കിൽ 16 ഗ്രാമും. കെ.എ.യു പൂത്തറക്ക് തൊണ്ണൂറ് മുതൽ നൂറ് എണ്ണം വരെയുണ്ടെങ്കിൽ ഒരു കിലോ തൂക്കവും കിട്ടും. പൂത്തറ ജാതിപത്രിക്ക് നാല് ഗ്രാം തൂക്കമാണത്രെ ഉണ്ടാവുക. സർവ്വകലാശാല കെ.എ.യു ജാതിക്ക് ശരാശരി 2.1 ഗ്രാം തൂക്കം കണക്കാക്കുമ്പോഴാണ് ഈ കർഷകൻ്റെ പൂത്തറ ഇനത്തിന് ഈ തൂക്കം എന്ന് കൂടി അറിയണം. പതിനഞ്ച് വർഷമെത്തിയ ഒരു ജാതിയിൽ നിന്ന് 20 കിലോ ഉണക്ക ജാതിക്കായ് ലഭിക്കുമ്പോൾ 4.2 കിലോ ഉണക്ക ജാതിപത്രിയും ലഭിക്കും എന്നത് ഈ കർഷകൻ്റെ തനത് ഇനമായ പൂത്തറയുടെ പ്രത്യേകതയാണ്. ഞെട്ടണ്ട കേട്ടോ... എഴുപത് ജാതിയിൽ നിന്ന് മൂന്നൂറ്റി അമ്പത് മുതൽ നാനൂറ് കിലോവരെയാണ് ജോസഫ് ചേട്ടൻ വിളവെടുക്കുന്നത്. കഴിഞ്ഞ വർഷം ജോസഫിന് ഫസ്റ്റ്ഗ്രേഡ് ജാതിപത്രിക്ക് മാത്രം 2750 രൂപയാണ് ഇങ്ങനെ വരുമാനം ലഭിച്ചത്. ജാതിക്ക് പ്രീമിയം വില ലഭിക്കുന്ന കർഷകൻ കൂടിയായ ജോസഫ് ചേട്ടന് ജനിതക വൈവിധ്യത്തെ സംരക്ഷിച്ചുള്ള സസ്യസംരക്ഷണത്തിന് കേന്ദ്ര കൃഷി ക്ഷേമ മന്ത്രാലയത്തിൻ്റെ പ്ലാന്റ് ജീനോം സേവിയർ പുരസ്ക്കാരമടക്കം നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. ഇന്ത്യയിൽ കേന്ദ്ര കൃഷി ക്ഷേമ മന്ത്രാലയത്തിൻ്റെ പുരസ്കാരം ലഭിച്ച അഞ്ച് പേരിൽ ഒരാളാണ് ഈ കർഷകൻ എന്നു കൂടി നമ്മൾ അറിയണം. ഇങ്ങനെയൊക്കെയാണ് തൻ്റെ തറവാട്ട് മുറ്റത്തെ എഴുപത് ജാതി മരങ്ങളിൽ നിന്ന് ലക്ഷങ്ങളുടെ വരുമാനമുണ്ടാക്കി വിശ്രമജീവിതം കൃഷിക്കൊപ്പമാക്കി ആനന്ദം കണ്ടെത്തുന്ന ജോസഫ് ചേട്ടൻ വേറിട്ട കർഷകനാകുന്നത്.