ആരുമറിയാതെ ചെമ്പിൽ ജോണിൻ്റെ ചരമവാർഷികം
എസ്. സതീഷ്കുമാർ
വൈക്കം: നാട് മറന്ന ജനപ്രിയ എഴുത്തുകാരൻ്റ പത്താം ചരമവാർഷികവും ആരുമോർക്കാതെ കടന്നു പോയി.
വൈക്കം സ്വദേശിയായ ജനപ്രിയ നോവലിസ്റ്റ് ചെമ്പിൽ ജോൺ വിട പറഞ്ഞിട്ട് ഒരു പതിറ്റാണ്ട് പിന്നിടുന്നു. 2015 ഡിസംബർ 17നായിരുന്നു ശ്വാസകോശ സംബന്ധമായ രോഗം ബാധിച്ച് ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് ജോൺ എഴുത്തൊഴിഞ്ഞത്. എഴുപതുകളിൽ ജനപ്രിയ നോവലിസ്റ്റായി ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ എഴുത്തുകാരനാണ് ചെമ്പിൽ ജോൺ. തയ്യൽക്കാരനായി ചെമ്പിൽ തുടങ്ങിയ ജീവിതം. മനുഷ്യൻ നരകം സൃഷ്ടിക്കും എന്ന ആദ്യ നാടകരചന കെ.സി.ബി.സി പുരസ്ക്കാരം നേടി. 70 ഓളം നോവലുകൾ എഴുതി. ആദ്യനോവലായ ബി.എസ്. സിക്കാരി മനോരമയിൽ പ്രസിദ്ധീകരിച്ചു. ചെമ്പിൽ ജോണിൻ്റെ ആറ് നോവലുകളാണ് സിനിമയായത്. കല്യാണ ഫോട്ടോ, നാടൻ പെണ്ണ്, പടക്കുതിര, കോട്ടയം കൊലക്കേസ്, അമൃതചുംബനം, കരിമ്പൂച്ച എന്നിവയാണ് അഭ്രപാളികളികളിൽ കാഴ്ചയായത്. 1981ൽ ബേബി സംവിധാനം ചെയ്ത കരിമ്പൂച്ച എന്ന സിനിമക്ക് സംഭാഷണങ്ങൾ എഴുതിയത് ചെമ്പിൽ ജോണായിരുന്നു. ജീവൻ്റെ വില എന്ന ചെറുകഥ മറ്റുചില ഇന്ത്യൻ ഭാഷകളിലേക്കും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. 2014 ൽ സാംസ്കാരിക വകുപ്പിൻ്റെ ഗുരുശ്രേഷ്ഠ പുരസ്കാരം ചെമ്പിൽ ജോണിനെ തേടിയെത്തി. ചെമ്പ് എന്ന ഗ്രാമത്തിലെ ജോൺ ചേട്ടൻ്റെ തയ്യൽക്കടയിലെ സന്ദർശകനായിരുന്നു ഒരുകാലത്ത് മലയാളത്തിൻ്റെ വെള്ളിനക്ഷത്രം മമ്മൂട്ടിയും. മമ്മൂട്ടിയുടെ സിനിമാ പ്രവേശത്തിന് ജോൺ ചേട്ടനും ഒരു പങ്ക് വഹിച്ചിരുന്നു. മലയാളത്തിലെ പ്രമുഖ എഴുത്തുകാർക്കൊപ്പം സ്ഥാനം നേടി, ഒരു കാലത്ത് വായനക്കാർ കാത്തിരുന്ന് വായിച്ച നോവലുകളുടെ സൃഷ്ടാവിൻ്റെ ചരമദിനമാണ് ആരുമറിയാതെ കടന്ന് പോയത്. ചെമ്പിൽ കത്തനാകുറ്റ് തറവാട്ടിലായിരുന്നു ജോണിൻ്റെ ജനനം. എഴുത്തിലൂടെ, ചെമ്പിൽ ജോൺ എന്ന പേരിലൂടെ, വൈക്കത്തെ ചെമ്പ് എന്ന ഗ്രാമത്തിൻ്റെ പേര് പുറത്തറിയച്ചത് സാധാരണക്കാരനായി ജീവിച്ച ഈ ജനപ്രിയ നോവലിസ്റ്റായിരുന്നു. അതിനും ശേഷമാണ് ചെമ്പിൽ നിന്ന് മമ്മൂട്ടിയെന്ന നക്ഷത്രം ഉദിച്ചുയർന്നത്. വായനയിലൂടെ ജോണിനെ അറിഞ്ഞവരുടെ മനസ്സിൽ എന്നും മായാത്ത ഓർമ്മയായി ഈ മുഖം ഉണ്ടാകും.

എന്നാൽ ജോണിനെ സാംസ്ക്കാരിക കേരളം മറന്ന മട്ടാണ്. പത്താം ചരമ വാർഷികത്തിലും വൈക്കത്തിൻ്റെ യശസ്സുയർത്തിയവരിൽ ഒരാളായ ഈ ജനകീയ എഴുത്തുകാരനെ ഒന്ന് ഓർമ്മിക്കാൻ പോലും വൈക്കത്തെ സാംസ്ക്കാരിക പ്രവർത്തകർക്ക് കഴിഞ്ഞില്ല.