|
Loading Weather...
Follow Us:
BREAKING

അഭിമാന നിമിഷങ്ങൾ: അതി ദരിദ്രരില്ലാത്ത കേരളം പിറന്നു

അഭിമാന നിമിഷങ്ങൾ: അതി ദരിദ്രരില്ലാത്ത കേരളം പിറന്നു

വൈക്കം: ഇത് അഭിമാനത്തിൻ്റെ കേരളപ്പിറവി. കേരളത്തിന്റെ ചരിത്രത്തില്‍ സുപ്രധാന നാഴികക്കല്ലായ അതി ദരിദ്രരില്ലാത്ത കേരളം പിറന്നു. ലോകത്തെ രണ്ടാമത്തെ, രാജ്യത്തെ ആദ്യത്തെ അതിദരിദ്രരില്ലാത്ത സംസ്ഥാനം, നമ്മുടെ കേരളം. കേരളപ്പിറവി ദിനത്തില്‍ ഈ സുപ്രധാന പ്രഖ്യാപനത്തിനായി കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം ചേര്‍ന്നു. 

മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ പ്രസംഗം

ദേശീയ പ്രസ്ഥാനം ഒരു നൂറ്റാണ്ടുമുമ്പ് ഉയര്‍ത്തിയതാണ് ഭാഷാ സംസ്ഥാനങ്ങളുടെ രൂപീകരണം. പക്ഷെ, സ്വാതന്ത്ര്യലബ്ധിക്ക് ശേഷമുള്ള ആദ്യ നാളുകളില്‍ ഇതിനായി ദീര്‍ഘമായ പോരാട്ടങ്ങള്‍ വേണ്ടിവന്നു. ഈ പോരാട്ടങ്ങളുടെ പരിണിത ഫലമാണ് ഐക്യകേരള രൂപീകരണം. ഐക്യകേരളം എന്ന മലയാളികളുടെ സ്വപ്ന സാക്ഷാത്കാരം യാഥാര്‍ത്ഥ്യമായ ശേഷം 69 വര്‍ഷം ഇന്ന് പൂര്‍ത്തിയാവുകയാണ്. ഓരോ കേരളപ്പിറവി ദിനവും നാം ആഹ്ലാദത്തോടെ ആഘോഷിക്കാറുണ്ട്. എന്നാല്‍ ഈ വര്‍ഷത്തെ കേരളപ്പിറവി ദിനം കേരള ജനതയ്ക്കാകെ ഒരു പുതുയുഗപ്പിറവിയുടെ ദിനമാണ്.

അതിദരിദ്രരില്ലാത്ത ആദ്യത്തെ ഇന്ത്യന്‍ സംസ്ഥാനമായി നമുക്ക് കേരളത്തെ മാറ്റാന്‍ കഴിഞ്ഞു എന്ന കാരണത്താല്‍ ചരിത്രത്തില്‍ ഇടംനേടുന്ന കേരളപ്പിറവിയാണ് ഇന്ന്. ചരിത്രപ്രധാനമായ ഒട്ടനവധി നിയമനിര്‍മ്മാണങ്ങള്‍ക്കും നയപ്രഖ്യാപനങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുള്ള നിയമസഭയാണിത്. നവകേരള സൃഷ്ടിയുടെ ഒരു നാഴികക്കല്ല് കൂടി പിന്നിടുന്ന ചരിത്ര മുഹൂര്‍ത്തത്തിലാണ് ഈ സഭ സമ്മേളിക്കുന്നത്.

2021-ല്‍ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്കുശേഷം ചേര്‍ന്ന ആദ്യ മന്ത്രിസഭാ യോഗത്തില്‍ എടുത്ത പ്രധാന തീരുമാനമായിരുന്നു അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം. നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ ജനങ്ങള്‍ക്ക് നല്‍കിയ ഒരു സുപ്രധാന വാഗ്ദാനം നിറവേറ്റുന്നതിന്‍റെ തുടക്കം കൂടിയായിരുന്നു ഇത്.

ഇതേത്തുടര്‍ന്ന് രണ്ട് മാസത്തിനുള്ളില്‍ തന്നെ അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്താനുള്ള പ്രക്രിയ ആരംഭിച്ചു. തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍ (കില) ന്‍റെ നേതൃത്വത്തില്‍ ഇത്തരം കുടുംബങ്ങളെ കണ്ടെത്താനായി നിയമസഭാംഗങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടെ സജീവ ജനപങ്കാളിത്ത ത്തോടെയാണ് ഈ പ്രക്രിയ നടന്നത്.

എല്ലാ വിഭാഗം ജനങ്ങളേയും പങ്കെടുപ്പിച്ചുകൊണ്ടും അവരുടെ അഭിപ്രായങ്ങളിലൂടെ ഉരുത്തിരിഞ്ഞുവന്ന ആശയങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടും, ഗുണഭോക്തൃ കുടുംബങ്ങളെ കണ്ടെത്തിയാണ് ചരിത്രപ്രധാനമായ ഈ പദ്ധതിക്ക് ആരംഭം കുറിച്ചത്. അതിദാരിദ്ര്യ നിര്‍ണ്ണയം പൈലറ്റ് അടിസ്ഥാനത്തില്‍ വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയിലും അഞ്ചുതെങ്ങ്, തിരുനെല്ലി ഗ്രാമ പഞ്ചായത്തുകളിലും നടപ്പിലാക്കി. പിന്നീട് ഇത് സംസ്ഥാനത്തെമ്പാടും വ്യാപിപ്പിച്ചു.

തദ്ദേശസ്ഥാപന തലത്തില്‍ നടത്തിയ വിവരശേഖരണത്തിലൂടെ കണ്ടെത്തിയ കുടുംബങ്ങളെ സൂക്ഷ്മപരിശോധന നടത്തി വാര്‍ഡ് സമിതികള്‍ ശിപാര്‍ശ ചെയ്തു. ഈ കുടുംബങ്ങളെ സംബന്ധിച്ച് മൊബൈല്‍ ആപ്പ് വഴി കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു. ഇത് സൂപ്പര്‍ ചെക്കിന് വിധേയമാക്കുകയും കരട് പട്ടിക തയ്യാറാക്കുകയും ചെയ്തു. ഈ പട്ടിക ഗ്രാമസഭകളില്‍ അവതരിപ്പിച്ച് അതില്‍ നിന്നാണ് 1,032 തദ്ദേശസ്ഥാപനങ്ങളിലായി 64,006 കുടുംബങ്ങളിലെ 1,03,099 വ്യക്തികളെ അതിദരിദ്രരായി കണ്ടെത്തിയത്. നേരത്തെ സൂചിപ്പിച്ചതുപോലെ, വിപുലമായ പങ്കാളിത്താധിഷ്ഠിതമായ പ്രക്രിയയിലൂടെയാണ് ഗുണഭോക്തൃ നിര്‍ണ്ണയം നടത്തിയത്.

ആഹാരം, ആരോഗ്യം, വാസസ്ഥലം, വരുമാനം എന്നിവ യാണ് അതിദരിദ്രരെ നിര്‍ണ്ണയിക്കുന്നതിനുള്ള ക്ലേശ ഘടകങ്ങളായി കണക്കാക്കിയത്. അതിനുശേഷം ഹ്രസ്വകാല-ഇടക്കാല-ദീര്‍ഘകാല പരിപാടികളായി തരംതിരിച്ചുകൊണ്ട് ഓരോ കുടുംബത്തിനും മൈക്രോ പ്ലാനുകള്‍ തയ്യാറാക്കി. 2023-24, 2024-25 സാമ്പത്തിക വര്‍ഷങ്ങളില്‍ 50 കോടി രൂപ വീതവും 2025-26 ല്‍ 60 കോടി രൂപയും ഈ പദ്ധതിക്കായി പ്രത്യേകം അനുവദിച്ചു. ആരോഗ്യ പരിപാലനത്തിനും, ഭവന നിര്‍മ്മാണത്തിനും, ജീവനോപാധികള്‍ ഉറപ്പാക്കുന്നതിനുമാണ് ഈ തുക വിനിയോഗിച്ചത്.

നാം ഇപ്പോള്‍ കൈവരിച്ചത് അനിതരസാധാരണമായ നേട്ടമാണ്. എവിടെ നിന്നാണ് നമ്മള്‍ ഇവിടെ എത്തിയത് എന്നതിനെക്കുറിച്ച് ഒരു ഹ്രസ്വ അവലോകനം ഇവിടെ പ്രസക്തമാണ്. അഞ്ച് ദശാബ്ദങ്ങള്‍ക്കു മുമ്പ് (1970 നവംബര്‍) ഏഷ്യന്‍ സര്‍വ്വേ എന്ന അക്കാദമിക് ജേര്‍ണലില്‍ കേരളത്തിന്‍റെ അന്നത്തെ സ്ഥിതിയെപ്പറ്റി റോബര്‍ട്ട് എല്‍ ഹാര്‍ഡ്ഗ്രേവ് എന്ന പ്രശസ്ത സാമൂഹ്യശാസ്ത്രജ്ഞന്‍ പറഞ്ഞത് ഇപ്രകാരമാണ്:

"കേരളത്തിന്‍റെ പ്രതിശീര്‍ഷ വരുമാനം ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വളരെ താഴെയാണ്. ഉയര്‍ന്ന ജനന നിരക്കും ഭൂമിക്കുമേലുള്ള സമ്മര്‍ദ്ദവും ഈ കൊച്ചുസംസ്ഥാനത്തില്‍ വളരെ അധികമാണ്". എന്നാല്‍, ഇന്നത്തെ കേരളം അതല്ല. ജനനനിരക്കും മരണനിരക്കും കുറയ്ക്കുന്നതില്‍ നാം ഏറെ നേട്ടങ്ങള്‍ കൈവരിച്ചിരിക്കുന്നു. കാര്‍ഷിക ബന്ധങ്ങളിലെ സമഗ്ര പരിഷ്കരണവും, ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ പൊതു ഇടപെടലും, ശക്തമായ പൊതുവിതരണ സമ്പ്രദായവും നമ്മുടെ പുരോഗതിയില്‍ വഹിച്ച പങ്ക് വളരെ വലുതാണ്.

ഐക്യരാഷ്ട്രസഭയുടെ ഇക്കണോമിക് & സോഷ്യല്‍ അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്‍റ്, സെന്‍റര്‍ ഫോര്‍ ഡെവലപ്മെന്‍റ് സ്റ്റഡീസ് മുഖേന നടത്തിയ 1975 ലെ "കേരളത്തിലെ ദാരിദ്ര്യം, തൊഴിലില്ലായ്മ, വികസന നയം" എന്ന വിഷയത്തിലെ പഠന റിപ്പോര്‍ട്ടില്‍ പേജ് 11 ലെ പട്ടിക 1-ല്‍ 15 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ 1961-62 ലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ജനസംഖ്യയുടെ ശതമാനം എത്രയാണെന്ന് കാണിച്ചിട്ടുണ്ട്.

ഈ കണക്കുകളെ വിമര്‍ശന വിധേയമാക്കിയിട്ടുണ്ടെങ്കിലും ഒരു കാര്യം ശ്രദ്ധേയമാണ്. കേരളത്തില്‍ ഗ്രാമീണ മേഖലയില്‍ 90.75 ശതമാനവും നഗര മേഖലയില്‍ 88.89 ശതമാനവും ജനങ്ങള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയായിരുന്നു. അതായത്, അക്കാലത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയായിരുന്നത് കേരളത്തിലായിരുന്നു. അവിടെ നിന്നാണ് കേരളം ഇന്ന് അതിദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്ത ആദ്യത്തെ ഇന്ത്യന്‍ സംസ്ഥാനമായി തലയുയര്‍ത്തി നില്‍ക്കുന്നത്.

നിതി ആയോഗിലെ വിദഗ്ദ്ധരുടെ അനുമാനത്തില്‍ ബഹുമുഖ ദാരിദ്ര്യ സൂചിക പ്രകാരം ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കേരളത്തിലെ ജനസംഖ്യ 2022-23 ല്‍ 0.48 ശതമാനമാണ്. ഇതനുസരിച്ച് 1,64,640 പേരാണ് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളത്. 2025 ലെ കേരള ജനസംഖ്യ 3.60 കോടി ആയിട്ടാണ് അനുമാനിക്കപ്പെടുന്നത്. ഇതില്‍ 1,72,800 ആളുകളാണ് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളതായി നിതി ആയോഗിന്‍റെ കണക്കുകള്‍ കാണിക്കുന്നത്. ഇതില്‍ ഉള്‍പ്പെട്ട 64,006 കുടുംബങ്ങളിലെ 1,03,099 പേരെയാണ് അതിദരിദ്രരായി കണ്ടെത്തിയത്.

ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക് 26.59 ശതമാനമാണ്. അഖിലേന്ത്യാ ശരാശരി 11.28 ശതമാനമാണ്. ബഹുജന പ്രസ്ഥാനങ്ങളും പുരോഗമന സ്വഭാവമുള്ള സര്‍ക്കാരുകളും നടത്തിയ നിരന്തരമായ ഇടപെടലുകളാണ് നാം കൈവരിച്ച ഈ നേട്ടത്തിനു പിന്നില്‍.

സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്ന പശ്ചാത്തല സൗകര്യ വികസന പദ്ധതികള്‍ നടപ്പാക്കുന്നതിനൊപ്പം, ഒരു വിഭാഗത്തില്‍പ്പെട്ട ജനങ്ങളും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തുക എന്നത് സംസ്ഥാന സര്‍ക്കാരിന്‍റെ സുപ്രധാന ലക്ഷ്യമാണ്. ഇതിന്‍റെ ഭാഗമായാണ് വിവിധ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്. ഈ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ അവിഭാജ്യ ഘടകമാണ് അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം.

അടിസ്ഥാന രേഖകള്‍ പോലുമില്ലാതെ ബുദ്ധിമുട്ടിയിരുന്നവര്‍ക്കായി 'അവകാശം അതിവേഗം' എന്ന യജ്ഞം നടത്തി. 21,263 പേര്‍ക്കാണ് ഇതിലൂടെ സേവനങ്ങളും രേഖകളും ലഭ്യമാക്കിയത്. ആരോഗ്യ ഇന്‍ഷുറന്‍സ്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, തൊഴില്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയവയൊക്കെ എത്തിച്ചുകൊടുത്തു.

മൂന്ന് നേരവും ആഹാരം കണ്ടെത്താന്‍ കഴിയാത്തവര്‍ക്ക് ഭക്ഷ്യക്കിറ്റുകളും തടസ്സമില്ലാത്ത ആഹാരലഭ്യതയും ഉറപ്പാക്കി. കുടുംബശ്രീയുടെ ജനകീയ ഹോട്ടലുകള്‍ അടക്കം ഇതിന് ഉപയോഗിച്ചു. 20,648 അതിദരിദ്ര കുടുംബങ്ങള്‍ക്ക് ഇന്ന് ഭക്ഷണം ഉറപ്പാക്കുന്നുണ്ട്. ആരോഗ്യ സേവനം, മരുന്ന് ലഭ്യത, വാക്സിനേഷന്‍, കൂട്ടിരിപ്പ് എന്നിവയൊക്കെ ഉറപ്പുവരുത്തി. പാലിയേറ്റീവ് കെയര്‍ മുതല്‍ അവയവമാറ്റ ശസ്ത്രക്രിയ വരെ ലഭ്യമാക്കി. തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ചും ജീവനോപാധികള്‍ നല്‍കിയും ഷെല്‍ട്ടര്‍ ഹോമുകള്‍ ഉറപ്പാക്കിയുമാണ് കാര്യങ്ങള്‍ മുന്നോട്ടു നീക്കിയത്.

പുതിയ വീട് വേണ്ടവര്‍ക്ക് അത്, ഭൂമിയും വീടും വേണ്ടവര്‍ക്ക് അത്, വീട് പുതുക്കി പണിയേണ്ടവര്‍ക്ക് അത്, എന്നിവയെല്ലാം ലഭ്യമാക്കി. ഭൂമി പതിച്ചുനല്‍കല്‍ അടക്കമുള്ള കാര്യങ്ങള്‍ സുഗമമാക്കി. സാമൂഹ്യക്ഷേമ പദ്ധതികള്‍, പഠന സൗകര്യം, ഗ്രാമീണ തൊഴിലുറപ്പ്, ജീവനോപാധി വിതരണം തുടങ്ങിയവയിലൂടെ ഒരിടത്തും പട്ടിണിയില്ല എന്നുറപ്പാക്കി. മുഖ്യമന്ത്രിതലം മുതല്‍ കൃത്യമായ മേല്‍നോട്ടം നടത്തിയതും ഓരോ അവസരത്തിലും ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതും ലക്ഷ്യം കൈവരിക്കുന്നത് ദ്രുതഗതിയിലാക്കി.

അതിദരിദ്ര പട്ടികയില്‍പ്പെട്ട 4,677 കുടുംബങ്ങള്‍ക്കാണ് വീട് ആവശ്യമായി വന്നത്. ലൈഫ് മിഷന്‍ മുഖേന വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. അതുപോലെ 2,713 കുടുംബങ്ങള്‍ക്ക് ആദ്യം ഭൂമിയും പിന്നീട് ഭവനനിര്‍മ്മാണത്തിനുള്ള സഹായവും നല്‍കി. ഭവനപുനരുദ്ധാരണം നടത്താന്‍ ഒരു ലക്ഷം രൂപ മാത്രം നല്‍കാനേ ചട്ടമുണ്ടായിരുന്നുള്ളു. എന്നാല്‍ അതിദരിദ്ര കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വരെ നല്‍കുന്നതിനായി പ്രത്യേക നടപടികള്‍ സ്വീകരിച്ചു.

ഭൂമി ആവശ്യമുള്ളവര്‍ക്ക് അത് കണ്ടെത്തുന്നതിനായി ബൃഹത്തായ ഇടപെടലുകളാണ് ഉണ്ടായത്. 28 ഏക്കര്‍ ഭൂമിയാണ് അതിനായി സ്പെഷ്യല്‍ ഡ്രൈവിലൂടെ കണ്ടെത്തിയത്. ഇതു കൂടാതെ 'മനസ്സോടിത്തിരി മണ്ണ്' യജ്ഞത്തിന്‍റെ ഭാഗമായി 2.03 ഏക്കര്‍ ഭൂമിയും ലഭ്യമാക്കി. ഭൂമി നല്‍കാന്‍ മുന്നോട്ടുവന്ന എല്ലാ സുമനസ്സുകള്‍ക്കും ഈ അവസരത്തില്‍ നന്ദി അറിയിക്കുന്നു.

വരുമാനമില്ലാതെ കഷ്ടത അനുഭവിച്ചിരുന്ന 4,394 കുടുംബങ്ങള്‍ക്ക് സ്വയം വരുമാനം നേടാനുള്ള സഹായം നല്‍കി. കുടുംബശ്രീ മുഖേന ഉജ്ജീവനം പദ്ധതിയിലൂടെ 3,822 പേര്‍ക്ക് പരിശീലനവും ധനസഹായവും ഉറപ്പാക്കി. 35,041 കുടുംബങ്ങളെ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാക്കി. ഇതിനു പുറമെ 228 പേര്‍ക്ക് ജീവനോപാധികളും നല്‍കി.

5,132 കുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് ലഭ്യമാക്കി. 5,583 കുട്ടികള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് മുഖേന പ്രത്യേക ശ്രദ്ധ നല്‍കുന്നതിനുള്ള പദ്ധതിയും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായുള്ള യാത്രാ സൗജന്യവും നടപ്പാക്കി. 331 കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് ലഭ്യമാക്കി. 331 കുടുംബങ്ങള്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കി. 428 ഏകാംഗ കുടുംബങ്ങളെ സുരക്ഷിതമായ ഷെല്‍ട്ടര്‍ ഹോമുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. അതിനുപുറമെ 520 കുടുംബങ്ങളെയും മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനായി 1,000 കോടിയിലധികം രൂപയാണ് കേരളം ചെലവഴിച്ചത്. ദാരിദ്ര്യ ലഘൂകരണത്തിന്‍റെ ഭാഗമായി കേരളത്തില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര ശ്രദ്ധ ആകര്‍ഷിച്ചവയാണ്. 1940-കളില്‍ തിരുവിതാംകൂറില്‍ വലിയ തോതില്‍ ഭക്ഷ്യക്ഷാമം അനുഭവപ്പെടുകയും പല ഭാഗങ്ങളിലും കൊടിയ ദാരിദ്ര്യം നടമാടുകയും ചെയ്തു. മലബാറിലും തെക്കന്‍ കാനറയിലും ജന്മിമാരുടെ പൂഴ്ത്തിവയ്പ്പ് കാരണം ഭക്ഷ്യ ധാന്യങ്ങളില്ലാതെ സാധാരണ ജനങ്ങള്‍ വലയുന്ന അവസ്ഥയും സംജാതമായി. ഇതിനെതിരെ ചരിത്രപ്രസിദ്ധമായ കര്‍ഷക സമരങ്ങളും തൊഴിലാളി സമരങ്ങളും അരങ്ങേറുകയും, അവയെ സാമ്രാജ്യത്വ-നാട്ടുരാജാക്കന്മാരുടെ ഭരണകൂടങ്ങള്‍ ക്രൂരമായി അടിച്ചമര്‍ത്തുകയും ചെയ്തു.

1956-ല്‍ കേരള സംസ്ഥാനം രൂപീകൃതമായശേഷം നടന്ന സുപ്രധാന കാല്‍വെപ്പായിരുന്നു കുടിയൊഴിപ്പിക്കല്‍ നിരോധനവും, സമഗ്ര കാര്‍ഷികബന്ധ പരിഷ്കരണവും. 1960-കളില്‍ രൂക്ഷമായ ഭക്ഷ്യക്ഷാമം അനുഭവപ്പെട്ടപ്പോള്‍ കേരളത്തിലെ ബഹുജന പ്രസ്ഥാനങ്ങള്‍ സംഘടിതമായ പ്രക്ഷോഭങ്ങള്‍ നടത്തുകയും തല്‍ഫലമായി സാര്‍വ്വത്രിക റേഷനിംഗ് സമ്പ്രദായം നടപ്പില്‍ വരികയും ചെയ്തു.

കൂലിക്കായി കര്‍ഷകത്തൊഴിലാളികള്‍ നടത്തിയ പോരാട്ടങ്ങള്‍ ഉള്‍പ്പെടെ പട്ടിണിക്കും ദാരിദ്ര്യത്തിനും എതിരെ ഒട്ടനവധി സമരങ്ങള്‍ ഉയര്‍ന്നുവന്നു. ഇവയ്ക്കൊപ്പം, പുരോഗമന സ്വഭാവമുള്ള സര്‍ക്കാരുകള്‍ സാമ്പത്തിക ഞെരുക്കങ്ങള്‍ക്കിടയിലും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മുടക്കമില്ലാതെ നടപ്പാക്കിയത് കേരളത്തിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ജനസംഖ്യയെ ഗണ്യമായി കുറച്ചുകൊണ്ടുവരാന്‍ സഹായകമായി. അതിദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പ്രക്രിയ ഇതിനു മുമ്പ് സാര്‍വ്വത്രിക പൊതുവിതരണ സമ്പ്രദായത്തിനും, ഭൂരാഹിത്യവും ഭവനരാഹിത്യവും നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനും കൈക്കൊണ്ട നടപടികളുടെ തുടര്‍ച്ചയാണ്. ഇവയുടെയൊക്കെ ഫലമാണ് നാം ഇന്ന് പ്രഖ്യാപിക്കുന്ന ഈ അഭിമാനകരമായ നേട്ടം.

ഈ നിലയില്‍ സമയബന്ധിതമായി ജനകീയ പങ്കാളിത്തത്തോടെ ക്ലേശകരമാംവിധമാണ് ലക്ഷ്യം സാധിച്ചത് എന്നത് എടുത്തുപറയേണ്ടതില്ലല്ലോ. അതിദാരിദ്ര്യമുക്ത പദവി സുസ്ഥിരമായി നിലനിര്‍ത്തുന്നതിനുള്ള ജാഗ്രത്തായ പ്രവര്‍ത്തനങ്ങളാണ് ഇനി നടക്കേണ്ടത്. മുക്തരായവരിലാരും തിരികെ അതിദാരിദ്ര്യത്തിലേക്ക് വീണുപോകില്ലെന്നുറപ്പാക്കണം. അതിനായി കാലാകാലങ്ങളില്‍ കൃത്യമായ പരിശോധന നടത്തേണ്ടതുണ്ട്. ഇതിനായുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. വിവിധ തലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള രൂപരേഖ തയ്യാറായിട്ടുണ്ട്. അതിദാരിദ്ര്യ മുക്തരായവരുടെ കുടുംബങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും സാമൂഹികനീതി, തുല്യത എന്നിവ ഉറപ്പു വരുത്തുന്നതിനും ജാഗ്രതയോടെയുള്ളതും ജനപങ്കാളിത്തത്തോടെയുള്ളതുമായ ഇടപെടലുകള്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകും.

ഇവിടെ എടുത്തുപറയേണ്ട മറ്റൊരു കാര്യം, അതിദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിലൂടെ ഐക്യരാഷ്ട്രസഭ വിഭാവനം ചെയ്യുന്ന സുസ്ഥിരവികസന സൂചികയില്‍ കേരളം ശ്രദ്ധേയമായ മുന്നേറ്റം നടത്തിയിരിക്കുന്നു എന്നതാണ്. അതിദാരിദ്ര്യാവസ്ഥയില്‍ കഴിഞ്ഞിരുന്ന വിഭാഗത്തെ വ്യാപകമായ ജന പങ്കാളിത്തത്തോടെ കൃത്യമായ ആസൂത്രണത്തിന്‍റെയും നിര്‍വ്വഹണത്തിന്‍റെയും അടിസ്ഥാനത്തില്‍ മോചിപ്പിച്ചെടുക്കുകയാണ് നമ്മള്‍ ചെയ്തത്. കേരളത്തിലെ ജനങ്ങളോട് ഇന്ന് ഈ പ്രഖ്യാപനം നടത്തുന്ന സമയത്ത്, ഈ സഭയില്‍ അംഗമായിരിക്കാന്‍ കഴിയുന്നു എന്നത് മുഴുവന്‍ ബഹുമാനപ്പെട്ട അംഗങ്ങള്‍ക്കും അഭിമാനകരമായിരിക്കും എന്നതില്‍ എനിക്കുറപ്പുണ്ട്. ഈ സഭയുടെ പൊതുവായ സന്തോഷത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് അഭിമാനപൂര്‍വ്വം പ്രഖ്യാപിക്കട്ടെ. കേരളം ഇന്ന് അതിദാരിദ്ര്യമുക്ത സംസ്ഥാനമായി മാറിയിരിക്കുന്നു. പുതിയ ഒരു മാതൃക കൂടി രാഷ്ട്രത്തിനു മുമ്പാകെ നാം സമര്‍പ്പിക്കുകയാണ്. കേരളം പല ക്ഷേമ പ്രവര്‍ത്തനങ്ങളുടെയും പരീക്ഷണശാലയാണ്. അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന്‍റെ കാര്യത്തിലും, നമ്മുടെ പരീക്ഷണങ്ങള്‍ രാജ്യത്തെ ഇതര സംസ്ഥാനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുന്ന മാതൃകയാകുമെന്ന് പ്രത്യാശിക്കാം.

തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, തദ്ദേശസ്വയംഭരണ വകുപ്പ്, കില, കുടുംബശ്രീ മിഷന്‍, ലൈഫ് മിഷന്‍, റവന്യൂ, ഭക്ഷ്യ-പൊതുവിതരണ, കൃഷി, ഗതാഗത, ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹ്യനീതി, തൊഴില്‍, രജിസ്ട്രേഷന്‍, ഫിഷറീസ്, വനിത-ശിശു, വൈദ്യുതി, ജലവിഭവ, സഹകരണ വകുപ്പുകള്‍ തുടങ്ങിയവ ചേര്‍ന്ന വലിയ കൂട്ടായ്മയാണ് പദ്ധതി വിജയിപ്പിക്കുന്നതിനായി രൂപപ്പെട്ടത്. സന്നദ്ധപ്രവര്‍ത്തകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെ പങ്കാളിത്തവും സഹായവും മുന്‍കൈ പ്രവര്‍ത്തനങ്ങളും ഇതിനായി ഉപയോഗപ്പെടുത്തി. ഇതില്‍ സഹകരിച്ചവര്‍ക്കൊക്കെ ഈ ഘട്ടത്തില്‍ അകമഴിഞ്ഞ നന്ദി പറയട്ടെ.

62 ലക്ഷത്തോളം കുടുംബങ്ങള്‍ക്കു ക്ഷേമ പെന്‍ഷന്‍ നല്‍കിയതും, 4.70 ലക്ഷത്തോളം ഭവനരഹിത കുടുംബങ്ങള്‍ക്ക് വീടുകള്‍ ലഭ്യമാക്കിയതും, 6,000-ത്തോളം ജനകീയാരോഗ്യ കേന്ദ്രങ്ങള്‍ സ്ഥാപിച്ചതും, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ വ്യാപിപ്പിച്ചതും, 43 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് ലഭ്യമാക്കിയതും, നാലു ലക്ഷം കുടുംബങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കിയതും അടക്കമുള്ള നടപടികളാണ് കേരളത്തിലെ അതിദാരിദ്ര്യത്തിന്‍റെ വ്യാപ്തിയും തീവ്രതയും വലിയ അളവില്‍ കുറയ്ക്കാന്‍ സഹായകരമായത്.

നവകേരള നിര്‍മ്മിതിയുടെ ഒരു പ്രധാന നാഴികക്കല്ലു കൂടി നാം പിന്നിടുകയാണ്. എന്നാല്‍ ഇത് അവസാനമല്ല, പുതിയ തുടക്കമാണ്. അതിദാരിദ്ര്യം വീണ്ടും തലപൊക്കുന്നില്ലെന്ന് ഉറപ്പുവരുത്തും. നവകേരളം കെട്ടിപ്പടുക്കുന്നതിനുള്ള നമ്മുടെ യാത്ര കൂടുതല്‍ ഊര്‍ജ്ജസ്വലമായി തുടരുമെന്ന പ്രഖ്യാപനം ബഹുമാനപ്പെട്ട സഭാംഗങ്ങളെയെല്ലാം സാക്ഷി നിര്‍ത്തി കേരള ജനതയെ അറിയിക്കുന്നതില്‍ വളരെയേറെ സന്തോഷവും അഭിമാനവും ഉണ്ട്.

നാടിന്‍റെ വികസനത്തിന്‍റെ ഗുണഫലം സമൂഹത്തിന്‍റെ എല്ലാ വിഭാഗത്തിനും ലഭിക്കുമ്പോള്‍ മാത്രമേ സാമൂഹ്യ വികസനവും സാമ്പത്തിക പുരോഗതിയും അര്‍ത്ഥവത്താവുകയുള്ളൂ. അപ്പോള്‍ മാത്രമേ കേരളം എല്ലാ വിഭാഗം ജനങ്ങളുടെയും സ്വന്തം നാടായി മാറുകയുള്ളൂ. സജീവ ജനപങ്കാളിത്തത്തോടെയും, സര്‍ക്കാര്‍ വകുപ്പുകളുടെയും, സ്ഥാപനങ്ങളുടെയും, സുമനസ്സുകളുടെയും സഹായത്തോടെയും സഹകരണത്തോടെയുമാണ് കേരളത്തിന് ലോകത്തിന്‍റെ സാമൂഹ്യ ഭൂപടത്തില്‍ അനിഷേധ്യമായ സ്ഥാനം നേടാനായത്.

ഈ അഭിമാനകരമായ നേട്ടം കേരള ജനതയ്ക്കാകെ അവകാശപ്പെട്ടതാണ്. ഒരു ചരിത്ര മുഹൂര്‍ത്തത്തിനാണ് നമ്മള്‍ സാക്ഷ്യം വഹിക്കുന്നത്. ഇതിലൂടെ നവകേരള സൃഷ്ടിക്കായുള്ള പ്രയാണത്തില്‍ സുപ്രധാനമായ ഒരു പടവുകൂടി നമ്മള്‍ താണ്ടിയിരിക്കുകയാണ്. ഒരു ജനതയാകെ ഒരുമയോടെ രംഗത്തിറങ്ങുകയും ലക്ഷ്യബോധത്തോടെ മുന്നേറുകയും ചെയ്താല്‍ നമുക്ക് അസാധ്യമായി ഒന്നുമില്ലെന്നാണ് ഈ നേട്ടം തെളിയിക്കുന്നത്.