അഗിണിൻ്റെ താടിക്കാരൻ വൈറൽ
വൈക്കം: അഗിൺ വെറുതെ ഒരു രസത്തിനെടുത്തതായിരുന്നു താടിക്കാരൻ സുഹൃത്തിൻ്റെ ആ വീഡിയോ. പക്ഷേ അതങ്ങ് വൈറലായി. വൈറലായെന്ന് പറഞ്ഞാൽ വെറും വൈറലല്ല, ദശലക്ഷങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ അതേറ്റെടുത്തത്. ഏഷ്യയിലെ ഒന്നാമത്തെ, ലോകത്തെ രണ്ടാമത്തെ ഏറ്റവും നീളമുള്ള താടിയുടെ ഉടമയാണ് കൊടുമൺ സ്വദേശിയായ പ്രവീൺ പരമേശ്വരൻ. പ്രവീണിൻ്റെ അടുത്ത സുഹൃത്താണ് അഗിൺ. ഒരു മാസം മുൻപാണ് വീഡിയോ സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. ഈ സമയത്തിനുള്ളിൽ വീഡിയോ ഏകദേശം 41 ലക്ഷം പേർ കാണുകയും 65000 പേർ ഷെയർ ചെയ്യുകയും ചെയ്തു. പ്രവീണുമായി പതിനഞ്ച് വർഷത്തെ സൗഹൃദമാണ് അഗിണ് ഉള്ളത്. സിനിമ, സീരിയൽ അഭിനേതാവും അസി. ഡയറക്ടറുമാണ് പ്രവീൺ പരമേശ്വരൻ. വൈക്കം ഇൻഡോ അമേരിക്കൻ ഹോസ്പിറ്റലിലാണ് അഗിൺ ജോലിചെയ്യുന്നത്. അഷ്ടമിക്ക് പ്രവീൺ വൈക്കത്ത് വരുന്നുണ്ടെന്ന് അഗിൺ പറഞ്ഞു.