മേരാ നാം പായൽ ഹേ (കഥ)
"മേരാ നാം പായൽ ഹേ!"അവൾ കൊഞ്ചി കൊണ്ട് പറഞ്ഞു. എനിക്ക് ഒത്തിരി ഇഷ്ടമാണ് അവളുടെ ചിരി.
അവൾ എന്റെ മകളല്ല, എന്നാലും അങ്ങനെ ഒരു വാത്സല്യം അവളോട് എനിക്കെപ്പോഴും തോന്നും.
ഏഴ് വയസ്സാണവൾക്ക്. ചെമ്പൻ മുടിയും, നുണക്കുഴിയും, വെള്ളാരം കണ്ണും ഒക്കെ ഉള്ള ഒരു കൊച്ചു സുന്ദരി. അവളെ ഞാൻ എന്നും കാണും.
ദിവസവും ഞാൻ പോകുന്ന വഴിയിൽ ഒരു ട്രാഫിക് സിഗ്നലിനു മുന്നിൽ വാഹനങ്ങൾ നിർത്തിയിട്ടേക്കുന്നതിനു ഇടയിൽ അവളും സഹോദരനും കസർത്ത് കാണിക്കും.
അവൻ കൊട്ടുമ്പോൾ അവൾ ഒരു ചെറിയ വളയത്തിലൂടെ നിഷ്പ്രയാസം കയറിയിറങ്ങും! ചിലപ്പോ അവളാവും കൊട്ടുന്നത്, അപ്പോൾ അവൻ ചാടി മറിഞ്ഞ് കസർത്ത് കാണിക്കും. ഞാനവരെ അങ്ങനെ ശ്രദ്ധിക്കാറുണ്ടായിരുന്നില്ല. പക്ഷേ, ഒരു ദിവസം ട്രാഫിക്കിൽ നിർത്തിയിട്ടിരുന്ന ഓട്ടോയിൽ ഇരുന്ന ഞാൻ ആ കാഴ്ച കണ്ടു. കസർത്ത് കാണിക്കുന്നതിനിടയിൽ താഴേക്ക് തളർന്നു വീഴുന്ന പെൺകുട്ടി.!
ഒരു നിമിഷം ഞാൻ ഭയന്നു !! പെട്ടെന്ന് ഓട്ടോയിൽ നിന്നിറങ്ങി അവിടേക്കു ഓടിച്ചെന്നു. അവളെ കോരിയെടുത്തു.
ഞാൻ നാലുപാടും നോക്കി. സിഗ്നൽ ലൈറ്റിൽ പച്ച വെളിച്ചം തെളിഞ്ഞു. വാഹനങ്ങളുടെ ഹോൺ ഉച്ചത്തിൽ മുഴങ്ങി. ആർക്കും സമയം ഇല്ലല്ലോ എല്ലാവർക്കും തിരക്കാണ്.
നാലായി തിരിയുന്ന ആ റോഡിന്റെ മധ്യത്തിൽ ട്രാഫിക് ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്നു അതിനടുത്ത് ഒരു കണിക്കൊന്ന മരം നിൽപ്പുണ്ട്. അവിടെയാണ് അവളും കുടുംബവും താമസിക്കുന്നത്.
അവളുടെ അമ്മയുടെ മടിയിലേക്ക് ഞാനവളെ കിടത്തി. എന്റെ ബാഗിൽ നിന്നു വെള്ളം എടുത്ത് ഞാൻ അവളുടെ മുഖത്ത് തളിച്ചു.അവൾ കണ്ണു തുറന്നു, അവളെ ഞാൻ കുറച്ചു വെള്ളം കുടിപ്പിച്ചു. "ക്യാ നാം ഹേ ആപ്കി ?" ഞാൻ ചോദിച്ചു."മേരാ നാം പായൽ ഹേ." അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
ആദ്യം അവളുടെ അമ്മയായ സ്ത്രീയോട് എനിക്ക് ദേഷ്യം തോന്നിയെങ്കിലും അവരുടെ അവസ്ഥ എന്റെ കണ്ണു നിറച്ചു. ആരുടെയോ പാതിരാ വികൃതിയെ ഉദരത്തിൽ ചുമന്നു നടക്കുകയാണ് ആ സ്ത്രീ. അവരുടെ ഭർത്താവ് മരിച്ചു പോയപ്പോൾ ജീവിക്കാൻ നിവൃത്തി ഇല്ലാതെ അവർ രണ്ടു മക്കളുമായി തെരുവിലേക്കു ഇറങ്ങിയതാണ്.
പായലും അവളുടെ സഹോദരനും ചേർന്നാണ് ആഹാരത്തിനുള്ള വക തേടുന്നത്. ഞാൻ അവൾക്കു എന്റെ ബാഗിൽ ഇരുന്ന ഭക്ഷണം കൊടുത്തു. എന്റെ കയ്യിൽ ഒരു ചോക്ലേറ്റ് ഉണ്ടായിരുന്നു അത് ഞാൻ അവളുടെ കയ്യിലേക്ക് വച്ചുകൊടുത്തു. അവൾ അത് വാങ്ങിയിട്ട് എന്നെ നോക്കി മനോഹരമായി ഒന്ന് ചിരിച്ചു.
എന്നിട്ട് എന്നെ കെട്ടിപിടിച്ചു എന്റെ കവിളിൽ ഒരു മുത്തം തന്നു. അങ്ങനെ ഞങ്ങൾ കൂട്ടുകാരായി.
എന്നും അവൾക്കായി ഞാൻ എന്തെങ്കിലും കൊണ്ടുപോകും.
രാവിലേ എന്റെ വരവും കാത്തു റോഡരികിൽ അവൾ ഉണ്ടാവും എന്നെ കാണുമ്പോൾ ഉള്ള അവളുടെ വെള്ളാരം കണ്ണിലെ തിളക്കം കണ്ടാൽ വാരി പുണർന്നൊരു മുത്തം നൽകാൻ തോന്നും. അവളുടെ ചിരി ആണെന്റെ ഒരു ദിവസത്തെ ഊർജ്ജം എന്ന് തോന്നാറുണ്ട്.
എന്റെ പായൽ!!!
വെള്ളാരം കണ്ണുള്ള എന്റെ കൊച്ചു സുന്ദരി...
രചന: രേഖാ ബിനീഷ്
Mob: +91 80764 12670
Comments ()