ജീവിതം: രണ്ടാം ഘട്ടം
(ഫോസ്കാക് സംസ്ഥാനതല ചെറുകഥാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ചെറുകഥ)
സേതുമാധവന്റെ ജീവിതത്തിൽ തന്റെ എല്ലാമായ ഭാര്യയുടെ മരണം സൃഷ്ടിച്ച ഏകാന്തത അസഹനീയമായപ്പോഴാണ് അങ്ങനെ ഒരു തീരുമാനത്തിന് സമ്മതിച്ചത്.
ഏകാന്തതയ്ക്ക് ഒരു മറുമരുന്നായി കണ്ടത് യാത്രയായിരുന്നു. പക്ഷേ രണ്ടു മൂന്നു കൊല്ലം കഴിഞ്ഞപ്പോൾ അതും മടുത്തു.
മകൻ വിവാഹം കഴിച്ച് ഭാര്യയും കുട്ടികളുമായി അമേരിക്കയിലേക്ക് പോകുമ്പോൾ ഒത്തിരി നിർബന്ധിച്ചു കൂടെ വരാൻ. എത്ര പറഞ്ഞിട്ടും സേതു തയ്യാറായില്ല.
"അച്ഛൻ എനിക്ക് ഒരു സമാധാനവും തരില്ല. ഞങ്ങളുടെ കൂടെ താമസിക്കുന്നതിന് എന്താണ് ഇത്ര മടി?"
"നിനക്കതറിയില്ല. എനിക്ക് ഇവിടം വിട്ടു പോകാനാവില്ല മോനെ. ഈ വീട്, ഈ മണ്ണ്... ഇതില്ലെങ്കിൽ ഞാനില്ല. ഇതാണ എന്റെ സ്വർഗ്ഗം. ഇവിടെ എന്റെ അച്ഛനപ്പൂപ്പന്മാരുടെയും ഭാര്യയുടെയും ഓർമ്മകൾ പങ്കുവെച്ച് കഴിയുന്നതാണ് സുഖം. ഇവിടെ താമസിക്കുമ്പോൾ ഞാൻ പറയുന്നതിന്റെ മറുപടി അവർ തരുന്നത് എനിക്ക് കേൾക്കാം. പിന്നീട് മരണശേഷം ഇവരോടൊപ്പം ഈ മണ്ണിൽ അന്ത്യവിശ്രമം കൊള്ളണം. ആരെയെങ്കിലും ബുദ്ധിമുട്ടിക്കാതെ ഈ പ്രകൃതിഭംഗി ആസ്വദിച്ച് ജീവിക്കണം. ഞാനാണെങ്കിൽ വേറെ എങ്ങും പോയി താമസിച്ചിട്ടില്ല. അതുകൊണ്ടുതന്നെ എന്റെ സ്വർഗ്ഗം ഈ മണ്ണും ഈ പരിസരങ്ങളുമാണ്. വലിയ ആഗ്രഹങ്ങളൊന്നും പണ്ടും ഇല്ല, ഇന്നുമില്ല. നീ സന്തോഷത്തോടെ പൊയ്ക്കോളൂ. നമ്മൾക്കിപ്പോൾ എന്നും കാണാൻ സൗകര്യങ്ങൾ ഉണ്ടല്ലോ."
അങ്ങനെ അവരെ പറഞ്ഞുവിട്ടു. സമാധാനത്തോടെ അവൻ എവിടെയായാലും കഴിയട്ടെ, അത് എനിക്കും സമാധാനം തരും. അല്ലെങ്കിലും അവന് എന്താണ് ഈ വീടുമായി അടുപ്പം? പഠിത്തവും ജോലിയുമൊക്കെയായി പല സ്ഥലത്തുമായി ജീവിച്ച അവന് ഇവിടവുമായി എന്ത് ബന്ധം?
പക്ഷേ കഴിഞ്ഞ ആഴ്ചയിലാണ് വീണ്ടും പ്രശ്നം ഗുരുതരമായത്. എന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ മരണം അവനെങ്ങനെയോ അറിഞ്ഞു. അവനെ ഞാൻ അറിയിക്കാതിരിക്കുകയായിരുന്നു. ഇന്നലെ വൈകിട്ടും ഞാൻ കൂട്ടുകാരനുമായി സംസാരിച്ചതാണ്. അവനും ഒറ്റയ്ക്കാണ് താമസം. അവന്റെ മക്കളും വിദേശത്താണ്. രാവിലെ എഴുന്നേറ്റപ്പോൾ കേട്ട വാർത്ത അവൻ മരിച്ചു എന്നുള്ളതാണ്!
പാൽ വാങ്ങിക്കാൻ വരാത്തപ്പോൾ പാൽക്കാരൻ ജനലിൽ കൂടി നോക്കിയപ്പോഴാണ് മുറിയിൽ വീണുകിടക്കുന്നത് കണ്ടത്. നാട്ടുകാർ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചുകഴിഞ്ഞിരുന്നു. ഡോക്ടർ പറഞ്ഞത് ഇന്നലെ വൈകിട്ടാണ് അറ്റാക്ക് ഉണ്ടായതെന്നാണ്. അപ്പോൾ തന്നെ എത്തിച്ചിരുന്നെങ്കിൽ രക്ഷപ്പെടുത്താമായിരുന്നു. കൂടെ ആരുമില്ലായിരുന്നു. ആരോ പറയുന്നുണ്ടായിരുന്നു, മക്കൾ രണ്ടും വിദേശത്താണ്, ആരും നോക്കാനില്ലെന്ന്. ഇതിനെയൊക്കെ, പറയുന്നത് അധികമാകുകയില്ലെങ്കിൽ, കൊലപാതകം എന്നാണ് പറയേണ്ടത്.
ഇനി മക്കൾ വരുന്നതുവരെ മോർച്ചറിയിൽ കിടന്നോളും. അഞ്ചാറു ദിവസം കഴിഞ്ഞിട്ടേ ബോഡി കൊണ്ടുവരികയുള്ളൂ. അപ്പോഴേക്കും ദുഃഖവും തണുക്കും, ശരീരവും നന്നായി തണുക്കും. എന്തായാലും ആൾക്കാർ പഴയതുപോലെ ഇപ്പോൾ ആരെങ്കിലും മരിച്ചെന്നറിഞ്ഞാൽ ഞെട്ടില്ല. മരിച്ചെന്നറിഞ്ഞിട്ടും ആരും പോകുകയോ കാണുകയോ കരയുകയോ ഒന്നും ചെയ്യേണ്ട.
പണ്ടൊക്കെ പരമാവധി 24 മണിക്കൂറിനുള്ളിൽ സംസ്കാരം നടത്തും. ഭൗതികശരീരം എവിടെയാണെന്ന് ചോദിക്കേണ്ട കാര്യമില്ല. ഇപ്പോൾ മരിച്ചുകഴിഞ്ഞവരെ ഏത് ആശുപത്രിയിലെ മോർച്ചറിയിലാണ് എന്ന് അന്വേഷിച്ചാൽ മതി. മരണവീട് അറിയാൻ പണ്ട് ഗൂഗിൾ മാപ്പ് നോക്കേണ്ടായിരുന്നു, മരണവീട്ടിലെ പൊട്ടിക്കരച്ചിൽ വളരെ ദൂരെവരെ കേൾക്കാമായിരുന്നു. ഇപ്പോൾ മരണവീടില്ല, വിജനവീടാണ്. മരിച്ചയാളുടെ ശവശരീരമോ ബന്ധുക്കളോ കരച്ചിലോ ഒന്നുമില്ല.
മരിച്ചയാളെ മോർച്ചറിയിൽ ഉപേക്ഷിച്ചിട്ട് മക്കളും ബന്ധുക്കളും വേറെ പണിക്ക് പോകും. എല്ലാവരുടെയും സൗകര്യമനുസരിച്ച് ഞായറാഴ്ചയിലോ അവധിദിവസങ്ങളിലോ ഭൗതികശരീരം വീട്ടിൽ കൊണ്ടുവരും. രണ്ടു മണിക്കൂർ വീട്ടിൽ വെക്കും. അപ്പോൾ കരയേണ്ടവർക്ക് കരയാം. അത്രയും ദിവസം കൂടി മരിച്ചയാൾക്ക് ശരീരവുമായി ഭൂമിയിൽ കഴിയാം, പക്ഷേ മോർച്ചറിയിലാണെന്ന് മാത്രം! അപ്പോഴേക്കും മരിച്ചയാൾ പലരുടെയും മനസ്സിൽ നിന്നുതന്നെ പോയിക്കിട്ടും. പിന്നെ എന്ത് കരയാനാണ്? മരണത്തിന്റെ വേദന, മോർച്ചറിയിലെ ശവശരീരത്തെപ്പോലെ മരവിക്കും. ഇവിടെ അടുത്ത് എന്റെ ഒരു സുഹൃത്തിന്റെ അച്ഛൻ മരിച്ചപ്പോൾ രണ്ടാം ശനിയാഴ്ചയാണ് അടക്കിയത്. മക്കളെല്ലാം സർക്കാർ ജോലിക്കാർ!
ആഗ്രഹമുണ്ട് സുഹൃത്തിന്റെ ശവശരീരം കാണാൻ. കൃത്രിമമൊട്ടും ഇല്ലാതെ ശരിക്കുമുള്ള വികാരതള്ളലിൽ രണ്ടു തുള്ളി കണ്ണുനീർ തന്റെ പ്രിയപ്പെട്ട സുഹൃത്തിന്റെ ഭൗതികശരീരത്തിൽ വീഴിക്കണമെന്ന് ആഗ്രഹമുണ്ട്. അഞ്ചു ദിവസം കഴിയുമ്പോൾ എന്റെ വേദനയും മരവിക്കും. അഞ്ചു ദിവസം കഴിഞ്ഞേ ഒന്ന് കാണാൻ പറ്റൂ. ശവശരീരത്തിനും ശിക്ഷ! ശവശരീരം പോലും ഇരുന്നു കരഞ്ഞു ആറി തണുത്തു കാണും. ഫ്രിഡ്ജിനകത്തു വെച്ച സാധനം പുറത്തെടുക്കുന്നതുപോലെ തണുത്തു മരവിച്ച്, മരിച്ച ശരീരം ഒന്നുകാണാം. മണ്ണിൽ ലയിച്ച് സൂക്ഷ്മജീവികൾക്ക് എപ്പോഴേ ആഹാരമാകേണ്ടതാണ്. എന്തായാലും വെന്റിലേറ്ററിലും മോർച്ചറിയിലും ഒക്കെ കിടന്നു ശവശരീരമായിട്ടായാലും മനുഷ്യന് കൂടുതൽ കാലം ഇപ്പോൾ ഭൂമിയിൽ കഴിയാം!
തനിക്കും ഇങ്ങനെയൊക്കെയല്ലേ സംഭവിക്കാൻ പോകുന്നത്? മരിച്ചിട്ടാണെങ്കിലും മോർച്ചറിയിൽ തണുത്തു മരവിച്ച് ഒറ്റയ്ക്ക് കഴിയുന്ന കാര്യമോർത്ത് വല്ലാത്ത പേടി തോന്നുന്നു. തമാശയായിട്ടാണെങ്കിലും കാടുകയറി എന്തിനുവേണ്ടാത്ത കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നു.
എങ്ങനെയോ മകൻ ഇതറിഞ്ഞപ്പോൾ പൊട്ടിത്തെറിച്ചു.
"അച്ഛന്റെ കൊലപാതകി എന്ന് ആളുകളെക്കൊണ്ട് പറയിക്കണം എന്നാണോ അച്ഛന്റെ ആഗ്രഹം?" വീഡിയോയിൽ മകൻ ദേഷ്യപ്പെട്ടു. അവന്റെ ദുഃഖം എനിക്ക് മനസ്സിലാകും, എന്തായാലും അവൻ എന്റെ മകനല്ലേ.
"ഇല്ല മോനേ, ഞാൻ വിദേശത്ത് താമസിച്ചാലും പരമാവധി ഒരാഴ്ചയിൽ കൂടുതൽ ജീവിക്കില്ല, ഞാൻ മാനസികമായി തകരും. എനിക്ക് ഇവിടം വിട്ടുപോകാനാവില്ല. എന്നെ ഇവിടെനിന്ന് കൊണ്ടുപോകുന്നതും ഒരു കൊലപാതകം തന്നെയാണ് മോനേ."
അവനൊന്നും മിണ്ടിയില്ല. അവന്റെ മുഖം കണ്ടപ്പോൾ അവൻ എന്തോ തീരുമാനിച്ചുറച്ചതുപോലെ തോന്നി.
ഒരാഴ്ച കഴിഞ്ഞപ്പോഴാണ് അവന്റെ ഒരു നിർദ്ദേശം വന്നത്. അച്ഛന്റെ ഒരു നല്ല ഫോട്ടോ അവന് വേണം. എന്തിനാണെന്ന് മനസ്സിലായില്ല. മരിച്ചുകഴിയുമ്പോൾ അവിടെയുള്ള അവന്റെ കൂട്ടുകാരെ കാണിക്കാനായിരിക്കും. കേട്ടപ്പോൾ ഞാൻ ഒന്നും മറുപടി പറഞ്ഞില്ല. ഞാൻ ഫോട്ടോ അയച്ചുകൊടുത്തു.
രണ്ടു ദിവസം കഴിഞ്ഞപ്പോൾ 60-ഓളം ഫോട്ടോകൾ അവൻ എനിക്ക് അയച്ചുതന്നു. മുഴുവൻ സ്ത്രീകൾ! ഇവർ അച്ഛനെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർ!
"അച്ഛൻ ഒരു സുന്ദരക്കുട്ടപ്പനാണ് കേട്ടോ. അല്ലെങ്കിൽ ഇത്രയ്ക്കും പെണ്ണുങ്ങൾ വിവാഹം കഴിക്കാൻ തയ്യാറാകുമോ?" 45 തൊട്ട് 70 വയസ്സുവരെയുള്ളവർ.
തനിക്ക് 65 വയസ്സായി. ഈ ഫോട്ടോയിലെ ആരെയെങ്കിലും കണ്ടാൽ പ്രായക്കൂടുതൽ ഉണ്ടെന്ന് തോന്നുകയില്ല. ഈ പ്രായത്തിലും ചുണ്ടും ചുവപ്പിച്ച് തലമുടിയും കറുപ്പിച്ച് വാർദ്ധക്യത്തെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമം കണ്ടിട്ട് മടുപ്പ് തോന്നി. തന്നെപ്പോലെ 65 വയസ്സുള്ള ഒരു വയസ്സനെ വിവാഹം കഴിക്കാൻ ഇവരൊക്കെ എങ്ങനെ തയ്യാറായി എന്ന് അറിയാതെ ചോദിച്ചുപോയി.
ഫോട്ടോകൾ വന്നപ്പോൾ ഞാൻ ചോദിച്ചു, "എടാ, നിന്റെ അമ്മയുടെ സ്ഥാനത്ത് നിനക്ക് ഇവരെ കാണാനാകുമോ?"
മകന്റെ മറുപടി രസകരമായിരുന്നു: "അമ്മ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ അച്ഛൻ ഒരു രണ്ടാം വിവാഹം കഴിച്ചാൽ ഞങ്ങൾ അച്ഛനെ വെച്ചേക്കില്ല! അമ്മ മരിച്ചു, ഞങ്ങളുടെ മനസ്സിൽ ഇപ്പോഴും ജീവനോടെയുണ്ട്. പക്ഷേ ജീവിച്ചിരിക്കുന്ന അച്ഛൻ സന്തോഷത്തോടെ ആരോഗ്യത്തോടെ ജീവിക്കണം. എന്നാലേ എനിക്കും സന്തോഷത്തോടെ ജീവിക്കാൻ സാധിക്കൂ. അല്ലാത്തപക്ഷം രണ്ടുപേരും നഷ്ടപ്പെട്ടവനാകും ഞാൻ."
"എടാ, ഒരു പരിചയവുമില്ലാത്ത, എവിടെയോ എങ്ങോ കഴിയുന്ന ഇവരെ വിവാഹം കഴിക്കാൻ എന്നെക്കൊണ്ട് സാധിക്കില്ല."
എന്തോ, അവൻ ആ ശ്രമം ഉപേക്ഷിച്ചതുപോലെ തോന്നി. സമാധാനമായി.
ഒരാഴ്ചയ്ക്ക് ശേഷം രണ്ടു സ്ത്രീകൾ വീട്ടിൽ വന്നു. രണ്ടും സുന്ദരികൾ! ഒരു മുപ്പത്-മുപ്പത്തിയഞ്ച് വയസ്സിന് താഴെയുള്ളവർ. ഒരു പുതുഫാഷൻ സ്ത്രീകൾ!
ഞാനങ്ങ് അന്തിച്ചുപോയി. ദൈവമേ, ഈ ചെറുക്കൻ ഒപ്പിക്കുന്ന ഓരോ പരിപാടികൾ! അവൻ തന്നിരിക്കുന്ന ഫോട്ടോയിൽ ഇവരുടെ മുഖമില്ല, മാത്രമല്ല ഇവർ വളരെ ചെറുപ്പമാണ്. എന്റെ മകന്റെ പ്രായം പോലുമില്ല. പുതുതലമുറയ്ക്ക് വിവാഹത്തിന് പ്രായം പ്രശ്നമല്ലായിരിക്കും, കുട്ടികൾ വേണമെന്ന് നിർബന്ധവുമില്ല. ഇനി വേണമെങ്കിൽത്തന്നെ പ്രസവിക്കാനും തയ്യാറല്ല, വേറെ എന്തെല്ലാം മാർഗ്ഗമുണ്ട്. ഇതുവരെ ഫോട്ടോയിലായിരുന്നു ആലോചന, ഇപ്പോൾ നേരിട്ട് വന്നും ആലോചന തുടങ്ങിയോ? രണ്ടാം വിവാഹത്തിൽ പെണ്ണുങ്ങൾ വന്ന് ചെറുക്കനെ കാണുകയായിരിക്കും രീതി! എന്തായാലും ഇവരെ അകത്തോട്ട് കേറ്റുന്ന പ്രശ്നമില്ല.
കതക് തടഞ്ഞു ഞാൻ നിന്നു, ഒരു മല്ലന്റെ മട്ടിൽ. അകത്തേക്ക് കയറ്റണോ വേണ്ടയോ എന്ന മട്ടിൽ.
"ഞങ്ങൾ ഒന്നകത്തേക്ക് വരട്ടെ?" ആ ചോദ്യത്തിൽ ഞാൻ വീണുപോയി! രക്ഷയില്ല, ഞാൻ അവരെ അകത്തേക്ക് കടന്നിരിക്കാൻ ക്ഷണിച്ചു.
എന്തായാലും നെറ്റിയിലെ കുങ്കുമവുമൊക്കെ കണ്ടിട്ട് വിവാഹിതരാണെന്ന് തോന്നുന്നു.
"ഞാനൊഴിച്ച് വേറാരും ഇവിടെയില്ല. അതുകൊണ്ട് കാപ്പിയില്ല, ഒരു ഗ്ലാസ് ജ്യൂസ് എടുക്കട്ടെ?"
"വേണ്ട, അച്ഛൻ ഒന്നിരിക്കൂ! ഞങ്ങൾക്ക് അച്ഛനോട് അല്പം സംസാരിക്കാനുണ്ട്."
സത്യം പറഞ്ഞാൽ 'അച്ഛൻ' എന്ന് എന്നെ വിളിച്ചപ്പോൾ എന്റെ സപ്തനാഡികളും തളർന്നു, അല്പം ചമ്മൽ വന്നു. മാന്യത കാണിച്ച് 'ചേട്ടൻ' എന്നോ മറ്റോ അവർക്ക് വിളിക്കാമായിരുന്നു.
"പറയൂ, ഞാൻ കേൾക്കാം."
"അച്ഛന് ഞങ്ങളെ അറിയാമോ?"
"ഇല്ലല്ലോ!"
"ഇവിടെ അടുത്തുള്ള പൂവത്തുങ്കൽ വീടറിയുമോ?"
"അതെന്താ നിങ്ങൾ അങ്ങനെ ചോദിക്കുന്നത്? അവിടെയുള്ളവർ ആരെങ്കിലും എന്നെ അറിയാതെയുണ്ടോ?"
"ഞങ്ങൾ അവിടുത്തെ മാലതിയുടെ മക്കളാണ്."
"ഓ! പുതിയ തലമുറയിലെ കുട്ടികളെ ആരെയും എനിക്കറിയില്ല. മാലതിയും അവരുടെ അമ്മയും അച്ഛനുമൊക്കെ ഇവിടെ ഒരു വീടുപോലെ കഴിഞ്ഞവരാണ്. മാലതി ഇവിടെയില്ല എന്നാണല്ലോ ഞാൻ കേട്ടത്!"
"ഞങ്ങൾ ഇപ്പോൾ കുറെക്കാലത്തേക്ക് ഇവിടെത്തന്നെയാണ്. അടുത്തയാഴ്ച ഞങ്ങൾ ഞങ്ങളുടെ വീട്ടിലേക്ക് പോകും."
"അതുപോകട്ടെ, നിങ്ങൾ എന്നെ എന്തിനാണ് കാണാൻ വന്നത്?"
"അച്ഛനറിയാമല്ലോ, ഞങ്ങളുടെ അച്ഛൻ ചെറുപ്പത്തിലേ മരിച്ചു. പിന്നെ അമ്മയായിരുന്നു ഞങ്ങളെ വളർത്തി വലുതാക്കി വിവാഹവും കഴിപ്പിച്ചുതന്നത്. ഞങ്ങളുടെ മക്കളെയും അമ്മയാണ് ഇതുവരെ വളർത്തിയത്. ഇപ്പോൾ കുട്ടികൾക്ക് സ്കൂളിൽ പോകാൻ പ്രായവുമായി. അമ്മ ഞങ്ങളോട് ചോദിക്കും, 'ഇനി എന്താടി ചെയ്യാൻ' എന്ന്. ശരിയാണ്, അമ്മയ്ക്ക് ഇനി ഞങ്ങൾക്ക് വേണ്ടി ചെയ്യാൻ ഒന്നുമില്ല. ഇനിയെങ്കിലും അമ്മ സന്തോഷത്തോടെ ജീവിക്കണമെന്ന് ഞങ്ങൾക്ക് ആഗ്രഹമുണ്ട്. അതുകൊണ്ട് ഇനിയെങ്കിലും അമ്മയെ ഒന്നു വിവാഹം കഴിപ്പിക്കണം എന്ന് ഞങ്ങൾക്ക് ആഗ്രഹമുണ്ട്. ഇതിനും മുൻപും ഞങ്ങൾ ഒന്നു ശ്രമിച്ചുനോക്കിയതാണ്, അന്ന് അമ്മയ്ക്ക് പറയാൻ കാരണങ്ങൾ ഒത്തിരിയുണ്ടായിരുന്നു. ഇനിയെങ്കിലും..."
അവർ തുടർന്നു: "അമ്മ അച്ഛനെക്കുറിച്ച് പറഞ്ഞു ഞങ്ങൾക്ക് കേട്ടറിവുണ്ട്. അപ്പോഴാണ് ഈ വിവാഹപരസ്യം കണ്ടത്. അച്ഛൻ ശ്രമിച്ചാൽ ഇത് നടക്കും. ഇത് നടന്നാൽ ഞങ്ങൾക്കും ഇഷ്ടപ്പെട്ട കരങ്ങളിൽ അമ്മയെ ഏൽപ്പിച്ചു എന്ന ആശ്വാസമുണ്ടാകുമല്ലോ."
"ഇല്ല മക്കളേ, ഇനി അതൊന്നും ശരിയാകുകയില്ല. ചെറുപ്രായത്തിലെ അടുപ്പമല്ലേ, അതൊന്നും ആരും ഗൗരവമായി എടുക്കില്ല."
"എന്നാലും അച്ഛൻ വിചാരിച്ചാൽ അമ്മയെ മാത്രമല്ല, ഞങ്ങളെക്കൂടി രക്ഷപ്പെടുത്താൻ സാധിക്കും. ഞങ്ങൾക്ക് വിദേശത്ത് കുറെക്കാലത്തേക്ക് ജോലിക്ക് പോകാനുള്ള അവസരമുണ്ട്. പിന്നെ എന്റെ മകൾ ന്യൂസിലന്റിൽ സെറ്റിൽഡ് ആയി, അമ്മയാണെങ്കിൽ അങ്ങോട്ട് വരികയുമില്ല. അച്ഛൻ ശ്രമിച്ചാൽ ധൈര്യമായി ഞങ്ങൾക്കും വിദേശത്ത് പോകാൻ സാധിക്കും."
വേറെ വഴിയില്ലാതെ ഞാൻ അർദ്ധസമ്മതം മൂളി. കാര്യം ശരിയാണ്, മാലതിയെ എനിക്കറിയാം. അന്നത്തെ കുട്ടിപ്രേമത്തിലെ കാമുകിയുമാണ് അവൾ. ചെറുപ്പത്തിൽ ഞാനുൾപ്പെടെ പലരും മാലതിയെ നോട്ടമിട്ടിരുന്നു. അതിൽ ഏറ്റവും ചെറുത് ഞാനായതുകൊണ്ട് ഞാൻ എന്റെ സ്നേഹം പുറത്തു പ്രകടിപ്പിച്ചില്ല, മനസ്സിലായിരുന്നു പ്രേമിച്ചത്. പക്ഷേ അവരൊക്കെ മുതിർന്നപ്പോൾ വേറെ പെണ്ണിനെ കെട്ടി സുഖമായി ജീവിക്കുന്നത് കണ്ടപ്പോൾ പ്രേമം എന്നൊക്കെ പറയുന്നത് ഇത്രയൊക്കെയേ ഉള്ളൂ എന്ന് മനസ്സിലായി.
എനിക്ക് ജോലി കിട്ടിയപ്പോൾ മാലതിയുടെ കല്യാണവും കഴിഞ്ഞു. എനിക്ക് മാലതിയോടുള്ള പ്രേമം ഒരു വശം മാത്രമാണെന്നാണ് എന്റെ വിശ്വാസം. സത്യം പറഞ്ഞാൽ അന്ന് ഞാൻ മാലതിയോട് കാര്യമായി സംസാരിച്ചിട്ടുപോലുമില്ല, പരസ്പരം കണ്ടാൽ ചിരിക്കും എന്ന് മാത്രം.
മക്കൾ രണ്ടുപേരും അമ്മയെയും കൂട്ടി വരാമെന്ന് പറഞ്ഞുപോയി. ഇവർ താമസിക്കുന്ന വീടിനടുത്തുള്ള ബീച്ചിൽ വെച്ച് മാലതിയുമായി സംസാരിക്കാൻ ഞാൻ ശ്രമിക്കാം എന്ന് പറഞ്ഞ് അവരെ ഒരുവിധത്തിൽ പറഞ്ഞുവിട്ടു.
അപ്പോഴാണ് മകന്റെ വീഡിയോ കോൾ പ്രത്യക്ഷപ്പെട്ടത്: "തമ്മിൽ സംസാരിച്ച് എങ്ങനെയെങ്കിലും സമ്മതിപ്പിക്കണം. അച്ഛൻ പോയേ പറ്റൂ. എനിക്ക് ഇവിടെ സമാധാനത്തോടെ കഴിയണം. അല്ലെങ്കിൽ ജോലി രാജിവെച്ച് ഞാൻ അച്ഛന്റെ കൂടെ താമസിക്കണം. അമ്മയോ മറ്റോ ആയിരുന്നെങ്കിൽ ഞാൻ പറഞ്ഞാൽ എന്റെ കൂടെ വന്നേനേ. അച്ഛനാണ് ഇങ്ങനെ കടുംപിടുത്തം പിടിക്കുന്നത്. പ്രായമായാൽ അച്ഛനും അമ്മയും മക്കളുടെ കൂടെയാണ് കഴിയേണ്ടത്, അല്ലെങ്കിൽ അവർ പറയുന്നത് കേൾക്കണം."
ശരിയാണ് മോനേ, ഒന്നാമത് എനിക്ക് മറ്റൊരു രാജ്യത്ത് അവിടുത്തെ സംസ്കാരവുമായി ഇണങ്ങിச்சேർന്ന് താമസിക്കാൻ ബുദ്ധിമുട്ടാണ്. പിന്നെ മറ്റുള്ളവരെ, സ്വന്തം മകനായാൽ പോലും ബുദ്ധിമുട്ടിക്കാതെ ജീവിക്കണം, അതാണ് ആഗ്രഹം.
മകന്റെ കൈകൾ കൂടി ഇതിന്റെ പിന്നിലുണ്ടെന്നറിഞ്ഞപ്പോൾ രംഗത്തിറങ്ങാതെ രക്ഷയില്ലെന്ന് മനസ്സിലായി.
എന്തായാലും ബീച്ചിൽ വെച്ച് ഞങ്ങൾ കണ്ടുമുട്ടി. മാലതി എന്നെ മനസ്സിലാക്കുമോ എന്നായിരുന്നു എനിക്ക് സംശയം. എന്നെ കണ്ടപ്പോൾ അവൾ അതിശയിച്ചപോലെ തോന്നി. മാലതിയാകട്ടെ പ്രായവും മാനസികദുഃഖവും വിഷാദവുമൊക്കെ ബാധിച്ചവളെപ്പോലെ തോന്നി.
എന്റെ കൂടെ മാലതിയും നടന്നു. സംസാരിച്ചത് ഞാൻ മാത്രം. ഒറ്റപ്പെട്ട ജീവിതത്തിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ചാണ് ഞാൻ സംസാരിച്ചത്:
"മാലതിയെപ്പോലെതന്നെ എനിക്കും ആരും അടുത്തെങ്ങുമില്ല എന്നൊരു തോന്നൽ എപ്പോഴും വേട്ടയാടുകയാണ്. ഈ വലിയ ലോകത്തിൽ ഞാൻ മാത്രം! അസഹനീയമാണ് ആ ചിന്ത. ഒരു കൂട്ട് ജീവിതത്തിൽ എപ്പോഴും വേണം. ഭാര്യയ്ക്കും ഭർത്താവിനും മാത്രമേ പരസ്പരം മനസ്സിലാക്കാൻ പറ്റൂ. അതിൽ ഒരാൾ പോയാൽ പിന്നെ ജീവിതം ബുദ്ധിമുട്ടാണ്. മക്കളുണ്ടെങ്കിലും അവർക്ക് ആരെയൊക്കെ ശ്രദ്ധിക്കണം?.
പണ്ടൊക്കെയാണെങ്കിൽ 60-65 വയസ്സുവരെയൊക്കെയേ ജീവിതമുള്ളൂ, ഇപ്പോഴാണെങ്കിൽ മനുഷ്യൻ മരിക്കുന്നത് 90-ഉം 100-ഉം അതിനപ്പുറമുള്ള വയസ്സിലാണ്. എന്നു പറഞ്ഞാൽ 68 വയസ്സുള്ള ഞാൻ 32 വയസ്സെങ്കിലും ഇനിയും ജീവിക്കണം, മാലതിക്കാണെങ്കിൽ 40 വയസ്സോളം! ഇത്രയും കാലം എങ്ങനെ ഒറ്റയ്ക്ക് കഴിയും?
മാലതി ഒന്നോർക്കണം, കുടുംബത്തിലെ നമ്മുടെ റോൾ മിക്കവാറും കഴിഞ്ഞു. വേണ്ടിവന്നാൽ കൊച്ചുമക്കളുടെ കല്യാണത്തിന് ദക്ഷിണ വാങ്ങിക്കണം. ഇനിയുള്ള ഇത്രയും നീണ്ടകാലം എങ്ങനെയാണ് ഒറ്റയ്ക്ക് ജീവിച്ചുതീർക്കുക? സത്യം പറഞ്ഞാൽ ഉത്തരവാദിത്തങ്ങളില്ലാതെ, ടെൻഷനില്ലാതെ, പ്രായമുള്ള ഭാര്യയും ഭർത്താവും ഒന്നിച്ചു ജീവിക്കേണ്ട സമയമാണിപ്പോൾ, പക്ഷേ രണ്ടുപേരും ജീവിച്ചിരിക്കണം എന്ന് മാത്രം.
എനിക്കും മാലതിക്കും പരസ്പരം അറിയാം. തുറന്നുപറഞ്ഞാൽ മാലതിയെ ചെറുപ്പത്തിൽ ഇഷ്ടവുമായിരുന്നു. മാലതിക്ക് എന്നെ ഇഷ്ടമാണെങ്കിൽ ഒന്നിച്ചൊരു ജീവിതം ആലോചിക്കാം. ഒന്നു ഞാൻ പറയാം, മാലതിക്ക് എന്നെ ഇഷ്ടപ്പെടാനുള്ള സൗന്ദര്യം എനിക്കുണ്ടോ എന്ന് എനിക്കറിഞ്ഞുകൂടാ, പക്ഷേ മാലതിയെ സ്നേഹിക്കാനും സംരക്ഷിക്കാനുമുള്ള ഒരു മനസ്സ് എനിക്കുണ്ട്. എന്തായാലും തീരുമാനമെടുക്കേണ്ടത് മാലതിയാണ്.
മാലതിക്ക് പൂർണ്ണസമ്മതമാണെങ്കിൽ മാത്രം ഇങ്ങനെയൊരു ജീവിതം ആലോചിച്ചാൽ മതി. മാലതി എന്നോടൊപ്പം ഉണ്ടെങ്കിൽ ഒരു കുടുംബജീവിതം! അല്ലെങ്കിൽ ഈ ഒറ്റപ്പെട്ട ജീവിതവുമായി മുന്നോട്ടുപോകാനാണ് എന്റെ തീരുമാനം. മാലതി നല്ലവണ്ണം ആലോചിച്ച് ഒരു തീരുമാനമെടുത്താൽ മതി, ഞാൻ കാത്തിരിക്കാൻ തയ്യാറാണ്."
മാലതി എന്തോ മറുപടി പറയാൻ ശ്രമിക്കുന്നതുപോലെ തോന്നി, അപ്പോഴേക്കും കുട്ടികൾ വന്നു.
പിന്നെ ഞാൻ വിളിച്ചില്ല, മക്കളും വിളിച്ചില്ല. ആ പ്രശ്നം അതോടെ അവസാനിച്ചു. ഞാൻ എന്റെ ഏകാന്തവാസം പുനരാരംഭിച്ചു, കൂടെ കുറെ യാത്രയും കുറെ വായനയും!
രണ്ടു മാസത്തിനു ശേഷമാണ് ഞാൻ തൃശ്ശൂർക്ക് പോയത്. തൃശ്ശൂർ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമാണ്. മാസത്തിൽ രണ്ടു മൂന്നു ദിവസം അവിടെ താമസിക്കും. വടക്കുംനാഥനും ചുറ്റുമുള്ള സ്ഥലങ്ങളും, പത്തൻസ് ഉൾപ്പെടെയുള്ള നല്ല വെജിറ്റേറിയൻ ഹോട്ടലുകൾ, സിനിമാ തിയേറ്റർ, പിന്നെ കറന്റ് ബുക്സ്, ഡി.സി ബുക്സ് അടക്കം നിരവധി പുസ്തകക്കടകൾ.
ഇത്തവണയും വടക്കുംനാഥനെ പ്രദക്ഷിണം വെച്ചിട്ട് വഴിയെ പോകുന്നവരെയും അമ്പലത്തിലേക്ക് പോകുന്നവരെയുമൊക്കെ നോക്കി അവിടെയിരുന്നു. വഴിയോട് ചേർന്നിരുന്ന ഞാൻ അമ്പലത്തിലേക്ക് നോക്കിയപ്പോഴാണ് അതാ അവൾ ഒരു മിന്നായംപോലെ അകത്തേക്ക് കടന്നതായി തോന്നി! വ്യക്തമായി കാണാൻ പറ്റിയില്ല, എങ്കിലും അത് അവൾ തന്നെയല്ലേ? മനസ്സ് പറയുന്നു അത് മാലതിയായിരിക്കും എന്ന്. എന്തായാലും നട അടയ്ക്കുന്നതുവരെ കാത്തിരിക്കാൻ തീരുമാനിച്ചു.
അമ്പലത്തിന്റെ നട നോക്കി ഞാനിരുന്നു. ഒരു മണിക്കൂർ കഴിഞ്ഞിരിക്കും, സെറ്റ് മുണ്ടും ഉടുത്ത് അവൾ ഇറങ്ങിവരുന്നു. ക്ഷീണിച്ചിട്ടുണ്ടെങ്കിലും, മുഖത്ത് ദുഃഖഭാവമാണെങ്കിലും എന്ത് രസമാണ് മാലതിയെ ഈ വേഷത്തിൽ കാണാൻ!
എന്നെ കണ്ടിട്ട് അവൾ ഓടി എന്റെയടുത്ത് വന്നു, എന്തോ പരാതി ബോധിപ്പിക്കാൻ വരുന്ന കുട്ടിയെപ്പോലെ. ഞാൻ ഉടനെ ചോദിച്ചു: "മാലതി എന്താ ഇവിടെ?"
"എന്റെ രണ്ടാമത്തെ മോൾ തൃശ്ശൂരാണ്, ഇവിടെ ഒരു ഫ്ലാറ്റിൽ."
"ചേട്ടനെന്താ ഇവിടെ?"
"ഞാൻ ഇടയ്ക്കിടയ്ക്ക് ഇവിടെ വരും. മാലതിയെന്താ തനിച്ചു വന്നത്?"
മറുപടി പറയാൻ മടിക്കുന്നത് കണ്ടു. ഞാൻ തുടർന്നു:
"ഞാൻ തൃശ്ശൂരിൽ മാസത്തിൽ നാലഞ്ചു ദിവസം കാണും. ഇഷ്ടംപോലെ ബുക്ക്സ്റ്റാളുകൾ, ഇഷ്ടംപോലെ വെജിറ്റേറിയൻ ഹോട്ടലുകൾ, തിയേറ്ററുകൾ... ഇതിനെല്ലാം ഉപരി വടക്കുംനാഥൻ! പോരേ? അതെല്ലാം പോകട്ടെ, സമയം 12 മണിയായല്ലോ. നട അടയ്ക്കുന്നതുവരെ അമ്പലത്തിൽ തങ്ങുമോ? ആഹാരമൊക്കെ വെച്ചിട്ടായിരിക്കും വന്നത്. മകളുണ്ടല്ലേ! മകളുടെ കൂടെയായതുകൊണ്ട് ചെന്ന് ആഹാരം കഴിച്ചാൽ മാത്രം മതിയായിരിക്കും, മകളെല്ലാം ശരിയാക്കി വെച്ചിട്ടുണ്ടായിരിക്കും."
അവൾ ഒരു കരച്ചിലിന്റെ വക്കിലെത്തിയതുപോലെ തോന്നി! മടിച്ചു മടിച്ചാണ് മാലതി അത് പറഞ്ഞത്: "എല്ലാവരും പത്ത് പന്ത്രണ്ട് ദിവസം ടൂർ പോയിരിക്കുകയാണ്!"
"മാലതിക്ക് കൂടെ പോകാൻ വയ്യേ?"
അവളുടെ മുഖം വിവർണ്ണമാകുന്നത് ഞാൻ കണ്ടു.
"എന്നെ വിളിക്കാതെ ഞാൻ എങ്ങനെ പോകും? ഫ്ലാറ്റ് നോക്കാൻ ആളു വേണ്ടേ..."
വല്ലാത്ത ദുഃഖം തോന്നി അവളുടെ ജീവിതത്തെക്കുറിച്ച് ഓർത്ത്. മക്കൾക്ക് എന്തുമാത്രം സ്നേഹം കൊടുത്തു, തിരിച്ചു കിട്ടുന്നത്...!
"പോട്ടെ, സാരമില്ല. ഞാനും കൂടെ വരാം." ഞങ്ങൾ നടന്നു.
"ചേട്ടനറിയാമോ, രണ്ടേകാൽ കോടി രൂപയ്ക്കാണ് ഞാൻ ആ റോഡരുകിലെ കടകളെല്ലാം കൂടി വിറ്റത്. മൂന്നു കോടി വരെ വാങ്ങിക്കാൻ ആളുണ്ടായിരുന്നു. തൃശ്ശൂരിൽ ഫ്ലാറ്റ് വാങ്ങിക്കണം എന്ന് പറഞ്ഞപ്പോൾ പെട്ടെന്ന് വിറ്റു. വിറ്റതിൽ ഒന്നേകാൽ കോടി ഇവൾക്കും ഒരു കോടി മറ്റവൾക്കും കൊടുത്തു. അന്ന് ഞാൻ കൊടുത്ത പണത്തിനാണ് ഇത്രയും നല്ല ഫ്ലാറ്റ് വാങ്ങിച്ചത്. മക്കളുടെ കൂടെ താമസിക്കാമല്ലോ, പിന്നെ എന്തിന് പണം എന്ന് കരുതി. മരുമകന്റെ അച്ഛനും അമ്മയും വീടുവിട്ട് ഫ്ലാറ്റിൽ താമസമാക്കി. അവർ പറയുന്നതുപോലെ ഇവിടെ നടക്കൂ."
മാലതിയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.
"ഫ്ലാറ്റിൽ ഒറ്റയ്ക്ക് കഴിയാൻ പേടിയില്ലേ?"
"പേടിച്ചിട്ട് എന്തു കാര്യം! ഞാൻ ചെന്നാൽ ഉടൻ കതകടയ്ക്കും, പിന്നെ തുറക്കാറില്ല. കാരണം തൊട്ടടുത്ത ഫ്ലാറ്റിലെ തമിഴൻ ഭർത്താവ് വന്നിട്ടുണ്ട്. അയാൾ അയാളുടെ മുറി തുറന്നുവെച്ച് വെളിയിൽ നിൽക്കും. അയാളെ കാണുമ്പോഴേ എനിക്ക് പേടിയാ! കതക് അടയ്ക്കുമ്പോഴേ സമാധാനം വരൂ."
"ഇങ്ങനെയുള്ള ഒരു സ്ഥലത്ത് നിന്നെ ഒറ്റയ്ക്ക് വിട്ടത് ശരിയായില്ല."
"ചേട്ടനറിയാമല്ലോ, ഭർത്താവ് നേരത്തെ മരിച്ചതുകൊണ്ട് ഞാൻ തന്നെയാണ് രണ്ടുപേരെയും വളർത്തി വലുതാക്കി വിവാഹവും കഴിപ്പിച്ചു കൊടുത്തത്. ആരും സഹായിക്കാനില്ലായിരുന്നു. രണ്ടു മക്കളുടെയും കുഞ്ഞുങ്ങളെ സ്കൂളിൽ പോകുന്നതുവരെ നോക്കി. ഇനി അവർക്ക് എന്നെ എന്തിനാണ്? പണം കൂടി കിട്ടിയപ്പോൾ...!
അവരുടെ പെരുമാറ്റത്തിൽനിന്ന് എനിക്ക് മനസ്സിലായി, ഇപ്പോൾ ഞാൻ അധികപറ്റാണെന്ന്. രണ്ടാം വിവാഹം പറഞ്ഞ് എന്നെ ഒഴിവാക്കിയാൽ മക്കളുടെ കൂടെ വിദേശത്തും ഇവിടെയുമായി കഴിയാം. ചേട്ടനെ എനിക്ക് ചെറുപ്പകാലം തൊട്ട് അറിയാം, അന്നുമുതൽ ഇഷ്ടവുമാണ്. ചേട്ടൻ എന്നെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ഒത്തിരി സന്തോഷിച്ചു. ഇത്രയും പ്രായമുള്ള, ഒന്നുമില്ലാത്ത എന്നെ ആരു വിവാഹം ചെയ്യാനാണ്? ചേട്ടൻ വിവാഹം ചെയ്യാൻ തയ്യാറാണെന്ന് പറഞ്ഞപ്പോൾ മക്കൾക്ക് മനസ്സിലായി ഒരു ചെലവുമില്ലാതെ എന്നെ ഒഴിവാക്കാൻ പറ്റുമെന്ന്. ചേട്ടനല്ലാതെ ആരാണ് എന്നെ ഇപ്പോൾ വിവാഹം ചെയ്യുക? എല്ലാം ആലോചിച്ച് തീരുമാനമെടുത്താൽ മതി. ഒന്നുമില്ലാത്ത എന്നെ വിവാഹം ചെയ്താൽ ചേട്ടന് ഞാൻ ബാധ്യതയാകുകയേ ഉള്ളൂ. എനിക്ക് ഒരു നല്ല ജീവിതം കിട്ടുമെങ്കിലും ചേട്ടനെ വഞ്ചിക്കാൻ എനിക്ക് വയ്യ. അതാണ് അന്ന് ഞാൻ ഒന്നും പറയാഞ്ഞത്."
"മാലതി, നീ എനിക്ക് ബാധ്യതയല്ല, ജീവിക്കാനുള്ള ഒരു സാധ്യതയാണ്. പിന്നെ എനിക്കും പ്രായമുണ്ടല്ലോ. ഒറ്റപ്പെട്ട ജീവിതത്തിൽ പലപ്പോഴും മരണത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ട്, ആത്മഹത്യ പേരുദോഷമുണ്ടാക്കും എന്നറിയാം. പിന്നെ സമ്പത്ത് ഒരിക്കലും ഒരു പ്രശ്നമായി തോന്നിയിട്ടില്ല. നീ എന്റെ ജീവിതത്തിലേക്ക് വരുമ്പോൾ കൂടെയൊരാളുണ്ട് എന്നുള്ളത് എന്തുമാത്രം സന്തോഷം തരും! എനിക്ക് കോടികളോ ശതകോടികളോ അല്ല വേണ്ടത്, ഒരു കൂട്ട്! മിണ്ടിയും പറഞ്ഞും സ്നേഹിക്കാനും ഒരു നിഴൽപോലെ എപ്പോഴും കൂടെയുണ്ടാകാനും ഒരു വാമഭാഗം."
കൂടുതൽ ഞാൻ ഒന്നും പറഞ്ഞില്ല. സെക്യൂരിറ്റി എന്നെ ഉള്ളിലേക്ക് കടത്തിവിട്ടില്ല. അല്പസമയം അവിടെ നിന്നിട്ട് തിരിയാൻ ഒരുങ്ങിയപ്പോൾ സെക്യൂരിറ്റി ഓടുന്നത് കണ്ടു, മാലതിയുടെ കരച്ചിൽപോലെ തോന്നി!
ഞാനും പിറകെ ഓടി. മാലതിയുടെ ഫ്ലാറ്റിനടുത്ത് എത്തിയപ്പോൾ ആ തമിഴൻ നിന്നു വിറയ്ക്കുന്നത് കണ്ടു. മാലതി പേടിച്ചുവിറച്ച് നിലത്തുനിന്ന് എഴുന്നേൽക്കുന്നു.
ഞാനും സെക്യൂരിറ്റിയും തമിഴനെ തല്ലാൻ ഒരുങ്ങിയപ്പോൾ മാലതി വിളിച്ചുപറഞ്ഞു: "അയാളെ തല്ലല്ലേ! അയാളെ കണ്ടുപേടിച്ച് ഞാൻ വീണതാണ്, അയാൾ ഒന്നും ചെയ്തില്ല."
അയാളോട് ക്ഷമ ചോദിച്ചിട്ട് ഒരു നിമിഷം ഞാൻ നിന്നു: "മാലതി, നീ അകത്തുപോയി നിനക്ക് ആവശ്യമുള്ള സാധനങ്ങളുമായി വരൂ. നമ്മൾക്ക് വീട്ടിലേക്ക് പോകാം!"
മാലതിയുടെ കൈപിടിച്ച് ഫ്ലാറ്റിൽനിന്നിറങ്ങി. വടക്കുംനാഥന്റെ മുൻപിൽ വെച്ച് അവളുടെ നെറുകയിൽ സിന്ദൂരം ചാർത്തി, എന്റെ മോതിരം ഞാൻ അവളുടെ കൈയിലിട്ടു. അവളുടെ കൈയിലുണ്ടായിരുന്ന മോതിരം എന്റെ ചെറുവിരലിലും.
എന്റെ വീട്ടിലേക്ക് മാലതിയെ കൈപിടിച്ച് കയറ്റിയപ്പോൾ ആരും വിളക്കു കൊളുത്തി സ്വീകരിക്കാനില്ലായിരുന്നു. രണ്ടുപേരും ചേർന്ന് കതകു തുറന്നു പ്രവേശിച്ചപ്പോൾ അകത്തേക്ക് ആനയിക്കാനും ആരുമില്ലായിരുന്നു.
പകരം, ഞങ്ങൾ രണ്ടുപേരും കൂടി വിളക്കു കൊളുത്തി വീട്ടിൽ പ്രകാശം പരത്തി!
ഒരു രണ്ടാം ഘട്ടം ജീവിതത്തിലേക്ക്...!
രചന: എം.എൻ. മുരളീധരൻ നായർ
Mob: +91 94475 80130
Comments ()