Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

പനയക്ഷി (കഥ)

പനയക്ഷി (കഥ)

പപ്പനാഭന്റെ ചായക്കടയിൽ ഇരുന്ന് രാമുവും രാഘവനും ചിണ്ടനും പൊടിപ്പും തൊങ്ങലും വെച്ച് യക്ഷിയെ കണ്ട കഥ പറഞ്ഞു കൊണ്ടേയിരുന്നു.

അവളെ കാണുമ്പോൾ ഉണ്ടാകുന്ന വർണ്ണന കേട്ടപ്പോൾ കടക്കാരൻ പപ്പൻ പൊട്ടി ചിരിച്ചു. യക്ഷിക്കഥകൾ എല്ലായിടത്തും പ്രചരിച്ചു.

മായമോളുടെ ചെവിയിലും യക്ഷിക്കഥ എത്തി. “മുത്തശ്ശി, ഇവരൊക്കെ ഈ പറയുന്നത് സത്യമാണോ? ശരിക്കും ഈ യക്ഷി ഉണ്ടോ? മുത്തശ്ശി കണ്ടിട്ടുണ്ടോ യക്ഷിയെ? ”അടുക്കളയിലെ തിരക്കിനിടയിൽ അവളുടെ ചോദ്യം കേട്ട് മുത്തശ്ശിക്ക് അരിശം വന്നു. “നീ ഒന്ന് ചുമ്മാതിരി കൊച്ചേ. ഞാനിതുവരെ യക്ഷിയെയും കണ്ടില്ല, ഒരു മറുതയെയും കണ്ടില്ല.” “പിന്നെ എല്ലാരും പറയുന്നത് ആണല്ലോ.”

“അതെ. മുത്തശ്ശി മോൾക്ക് ഒരു കഥ പറഞ്ഞു തരാം.”—ഇവിടെ അടുത്ത് ഒരു ഇല്ലം ഉണ്ടായിരുന്നു. മോളുടെ മുത്തശ്ശന്റെ വലിയമ്മാവനും കുടുംബവും ആയിരുന്നു അവിടെ താമസിച്ചത്. വലിയമ്മാവൻ ഇത്തിരി ദേഷ്യക്കാരൻ ഒക്കെ ആയിരുന്നു.

പറമ്പിലും തൊടിയിലും ഇല്ലത്തും പണിയെടുക്കാൻ വരുന്നവരോടൊക്കെ കർക്കശമായിട്ടായിരുന്നു പെരുമാറിക്കൊണ്ടിരുന്നത്. പക്ഷേ ആള് ഒരു ശുദ്ധനായിരുന്നു. തിരുമേനിക്കും അന്തർജ്ജനത്തിനും രണ്ട് ആൺമക്കളായിരുന്നു ഉണ്ടായിരുന്നത്.

മൂത്തയാൾ തിരുമേനിയുടെ വീടിനടുത്തുള്ള അമ്പലത്തിൽ ശാന്തി നടത്തുകയായിരുന്നു. ഇളയവൻ ടൗണിലുള്ള പഞ്ചായത്ത് ഓഫീസിൽ വർക്ക് ചെയ്യുന്നു. പൂജാരിയായ മകന് അടുക്കളക്കാരിയായ ജാനുവിന്റെ മകളോട് ഇത്തിരി അടുപ്പം തോന്നി.

നന്ദിനിക്കുട്ടി എന്നായിരുന്നു അവളുടെ പേര്.കാണാൻ കറുത്തിട്ടായിരുന്നെങ്കിലും നല്ല ഭംഗിയായിരുന്നു അവളെ കാണാൻ. കറുത്തിരുണ്ട കാർകൂന്തലും കൂവളത്തില പോലെ വിടർന്ന കണ്ണുകളും എള്ളിൻപൂവ് പോലെയുള്ള മൂക്കും അവളുടെ ഭംഗിക്ക് മാറ്റുകൂട്ടി.

അമ്പലപ്പറമ്പിലും പാടവരമ്പത്തും ഒക്കെ വച്ച് തിരുമേനിയും നന്ദിനിക്കുട്ടിയും തങ്ങളുടെ സ്നേഹം പരസ്പരം കണ്ണുകൾ കൊണ്ട് കൈമാറുമായിരുന്നു.

പുറത്തറിഞ്ഞാലുള്ള പുകിലോർത്ത് കഴിയുന്നതും തമ്മിൽ കാണാതെയും മിണ്ടാതെയും ഇരിക്കാൻ അവർ ശ്രദ്ധിച്ചു. ഒരു ദിവസം അവർ രണ്ടുപേരും കൂത്തമ്പലത്തിന് അടുത്തുനിന്ന് സംസാരിക്കുന്നത് വലിയ തിരുമേനി കണ്ടു.

വീട്ടിലെത്തി മകനോട് ചോദിച്ചപ്പോൾ സ്നേഹമാണെന്ന് കേട്ട നമ്പൂതിരിയുടെ ഉള്ളിൽ ഒരു നേരിയ ഭയം ഉടലെടുത്തു. അവനെങ്ങാണ്ടും അവളെ കെട്ടിയാൽ തന്റെ ഇല്ലത്തിന്റെ സൽപ്പേര് എന്നെന്നേക്കുമായി നശിക്കും.

തിരുമേനി ഒന്നും മിണ്ടിയില്ല. ആഴ്ച ഒന്ന് കഴിഞ്ഞപ്പോൾ നന്ദിനിക്കുട്ടിയുടെ ജഡം അമ്പലക്കുളത്തിൽ പൊങ്ങി. ആർക്കും ഒന്നും മനസ്സിലായില്ല. എന്താണ് ഈ കുട്ടിക്ക് പറ്റിയത്? വിവരമറിഞ്ഞ കൊച്ചുതിരുമേനിയുടെ മനോനില തെറ്റി.

അദ്ദേഹം മുറിക്ക് പുറത്തിറങ്ങാതെയും ആരോടും മിണ്ടാതെയും ആയി. അപ്പൻ തിരുമേനിക്ക് അല്ലാതെ എന്താണ് പറ്റിയത് എന്ന് ആർക്കും അറിയില്ലായിരുന്നു. തന്റെ ഇല്ലത്തിന്റെ സൽപ്പേര് നിലനിർത്താൻ തിരുമേനിയുടെ മുന്നിൽ മറ്റ് മാർഗങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഇരുചെവി അറിയാതെ അവളെ അങ്ങ് തീർത്തു.

മുത്തശ്ശി പറയുന്നത് കേട്ട് മായക്കുട്ടിയുടെ ഉള്ളിൽ ഒരു തേങ്ങൽ ഉയർന്നു. കുഞ്ഞുമനസ്സിൽ സംശയം ഉയർന്നുപൊങ്ങി. അവൾ മുത്തശ്ശിയോട് ചോദിച്ചു:“സ്നേഹിക്കുന്നത് തെറ്റാണോ മുത്തശ്ശി?” “അല്ല മോളെ. പക്ഷേ നമ്മുടെ നാട്ടിലുള്ള ഈ ജാതിചിന്തകൾ ഇങ്ങനെയുള്ള ചില പ്രശ്നങ്ങൾക്ക് കാരണമാകുന്നു.” മായക്കുട്ടിയുടെ മനസ്സിൽ നൂറുകൂട്ടം സംശയങ്ങൾ ഉയർന്നുപൊങ്ങി.—

മുത്തശ്ശി തുടർന്നു:“ഇതിനുശേഷമാണത്രെ അമ്പലപ്പറമ്പിന്റെ തെക്കുഭാഗത്തുള്ള പനയിൽ യക്ഷിയെ കാണാൻ തുടങ്ങിയത്. നന്ദിനിക്കുട്ടിയാണ് യക്ഷിയായി പനയിൽ വരുന്നത് എന്ന് എല്ലാവരും പറഞ്ഞു പരത്തി. ആ പനയിൽ നിന്നായിരുന്നു രാഘവൻ ചേട്ടൻ പനങ്കള്ള് എടുത്തുകൊണ്ടിരുന്നത്.

ഈയിടെയായി കള്ളിൽ നല്ല കുറവ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതെങ്ങനെയെന്ന് കണ്ടുപിടിച്ചേ പറ്റൂ.”ചുമരിലെ ഘടികാരത്തിൽ ദിവസത്തിന്റെ ആരംഭത്തിൽ 12 എന്ന സംഖ്യ എത്തിയപ്പോൾ ഘടികാരത്തിലെ സൂചികൾ പെട്ടെന്ന് നിശ്ചലമായി.

അതേസമയം തന്നെ പാലപ്പൂവിന്റെ മണമുള്ള ഇളംതെന്നൽ, കുറുനരികളുടെ ഓരിയിടൽ—അവിടെയാകെ വ്യാപിച്ചു. നറുനിലാവിന്റെ വശ്യതയോടെ കുലച്ചു നിൽക്കുന്ന ആ പനയെ ചുംബിച്ചുകൊണ്ട് ആ തെന്നലും നിശ്ചലമായി. ആ സമയം ആരോ ഒരാൾ പനയുടെ അടുത്തേക്ക് നടന്നുവരുന്നു.

കയ്യിൽ ഒരു ചെറിയ സഞ്ചിയും ഉണ്ട്. നേരിയ വെട്ടത്തിൽ രാഘവേട്ടൻ കണ്ടു.കയ്യിലുള്ള സഞ്ചിയിൽ നിന്നും വെളുത്ത സാരിയും നീണ്ട മുടിയുള്ള വിഗ്ഗും എടുത്തുവച്ച് വേഷം മാറുന്ന ഒരാൾ. രാഘവേട്ടൻ ശബ്ദമുണ്ടാക്കാതെ പതുക്കെ അടുത്തേക്ക് നടന്നു. തന്റെ കയ്യിലുള്ള അരണ്ട വെളിച്ചത്തിൽ ആ രൂപത്തിന്റെ മുഖം രാഘവേട്ടനും മനസ്സിലായി. തെക്കേ വീട്ടിലെ കാർത്യായനിയുടെ കെട്ടിയോൻ ചിണ്ടനായിരുന്നു അത്.

“അമ്പട യക്ഷി! നീ ആയിരുന്നു എന്റെ കള്ള് ഊറ്റിക്കുടിച്ചുകൊണ്ടിരുന്നത് അല്ലേ?”ചിണ്ടൻ രാഘവേട്ടന്റെ കാൽക്കൽ വീണു.“ആരോടും പറയരുത്. എന്നെ മക്കൾ തല്ലിക്കൊല്ലും.” “ഇനി മേലാൽ നിന്നെ ഈ പരിസരത്തെങ്ങും കണ്ടുപോകരുത്.” “ഇല്ലേയില്ല.”ഇതും പറഞ്ഞു ചിണ്ടൻ അവിടെ നിന്നും ഓടിമറഞ്ഞു.

മുത്തശ്ശി പറഞ്ഞത് കേട്ട് മായക്കുട്ടിയും പൊട്ടിച്ചിരിച്ചു.ഇത്രനേരം മനസ്സിനകത്ത് ഉണ്ടായിരുന്ന യക്ഷിപ്പേടി പാടെ പോയി.—പിറ്റേദിവസം മുതൽ രാഘവേട്ടന് തന്റെ കുടത്തിലെ മുഴുവൻ കള്ളും കിട്ടിത്തുടങ്ങി. പക്ഷേ പപ്പനാഭന്റെ കടയിലെ യക്ഷിക്കഥ പറച്ചിൽ അനസ്യൂതം തുടർന്നു.

ശുഭം

രചന: ഉഷ പ്രദീപ്, ഇരിട്ടി, വിളമന

Mob: +91 82814 20613

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും