Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

നാഗബന്ധനം (കഥ)

നാഗബന്ധനം (കഥ)

"ഹരിയേട്ടൻ ഉറങ്ങിയോ?"​

അലക്കിവെച്ച തുണികൾ മടക്കിവെക്കുന്നതിനിടയിലാണ് നിത്യ ഹരിയോട് ചോദിച്ചത്.​

ഉറക്കത്തിലേക്ക് മയങ്ങിപ്പോയ ഹരി പെട്ടെന്ന് കണ്ണ് തുറന്നു നോക്കി.

"ഇല്ല, എന്തേ?"​

"അമ്മ വന്നപ്പോൾ വല്ലതും പറഞ്ഞായിരുന്നോ?"

​"ഇല്ല, എന്താ കാര്യം?"​

"അമ്മ ഇന്ന് നമ്മുടെ തെക്കേ വശത്തു നിൽക്കുന്ന മാവിന്റെ അടുത്ത് ഒരു കരിചേരയെ കണ്ടെന്ന്. അമ്മ അടുത്ത് ചെന്നിട്ടും അത് അനങ്ങിയില്ല. അമ്മയ്ക്ക് പേടിയില്ലാത്തതുകൊണ്ട്, 'നീ അവിടെ കിടന്നോ, ഞാൻ ഈ വശത്തോടെ പൊയ്ക്കോളാം' എന്ന് പറഞ്ഞ് പോന്നു."

​"ഈ അമ്മയുടെ ഒരു കാര്യം! അത് വിഷമുള്ള വല്ല പാമ്പും ആയിരുന്നെങ്കിലോ?"​

"പിന്നെ വേറൊരു സംഭവം കൂടി ഉണ്ടായി ഇന്ന്. ചേച്ചി വിളിച്ചിരുന്നു."

​"നിങ്ങൾ ചേടത്തിയും അനിയത്തിയും എന്നും വിളിക്കുന്നതല്ലേ!"​

"ഇത് അങ്ങനെയല്ല... ചേച്ചിയുടെ മാമന്റെ മോൾ മാളുവില്ലേ, ഒൻപതിൽ പഠിക്കുന്ന കുട്ടി? അവൾക്ക് ദേവിയുടെ ദർശനം കിട്ടിയെന്ന്! ഇപ്പോൾ അവളെ കാണുമ്പോൾ തന്നെ ഒരു പ്രത്യേക ചൈതന്യമാണത്രേ. ചേച്ചിയുടെ അമ്മ പോയി കണ്ടിരുന്നു. ഒന്നു പറഞ്ഞാൽ രണ്ടാമത്തേതിന് തർക്കുത്തരം പറയുന്ന കുട്ടിയായിരുന്നു, ഇപ്പോൾ ആകെ വല്ലാത്തൊരു മാറ്റം. കൂടുതൽ ഒന്നും ചോദിക്കാൻ പറ്റിയില്ല, അതിനിടയിൽ മോൻ ഉണർന്ന കാരണം വേഗം ഫോൺ വെച്ചു."​

"നിങ്ങൾക്കൊക്കെ എന്താ? ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇങ്ങനെയൊക്കെ വിശ്വസിക്കാൻ!"​

"നിങ്ങൾ ദൈവവിശ്വാസമില്ലാത്ത ചിന്താഗതിക്കാരനാണല്ലോ, അതുകൊണ്ട് ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല."

​"നീ വലിയ കാര്യം അന്വേഷിക്കാതെ വന്നു കിടക്കാൻ നോക്ക്. മോനെ ഇങ്ങോട്ട് നീക്കി കിടത്തിക്കോ, പുറത്ത് നല്ല ചാറ്റൽ മഴയുണ്ട്."

​"ഉം... ശരി..." അതും പറഞ്ഞ് അവൾ കിടന്നു.​കിടന്നിട്ടും ഉറക്കം വരാതെ അവൾ ഓരോന്ന് ആലോചിച്ചുകൊണ്ടിരുന്നു. പെട്ടെന്ന് അവളുടെ മനസ്സിലേക്ക് മോനെ പ്രസവിച്ച സമയത്തെ കാര്യം ഓർമ്മ വന്നു. പ്രസവിച്ച് ആദ്യമായി അവനെ കണ്ടപ്പോൾ, തനിക്ക് അവനെ ഒരു പാമ്പിനെപ്പോലെയാണ് തോന്നിയതെന്ന് അവൾ ഓർത്തു. ആ സംഭവവും ഇന്നത്തെ കാര്യങ്ങളും തമ്മിൽ എന്തൊക്കെയോ ബന്ധമുള്ളതുപോലെ അവൾക്ക് തോന്നി. പെട്ടെന്നവൾ മോനെ നോക്കിയപ്പോൾ, ആ നിമിഷം തന്നെ അവൻ നാവ് നീട്ടി, കണ്ണുതുറന്ന് വീണ്ടും ഉറങ്ങി!​

വെളുപ്പിന് ഫോൺ നിർത്താതെ അടിക്കുന്നത് കേട്ടാണ് നിത്യ ഞെട്ടിയുണർന്നത്. ചേച്ചിയുടെ കോൾ കണ്ടപ്പോൾ അവൾ പരിഭ്രമത്തോടെ ഫോണെടുത്തു: "എന്താ ചേച്ചി ഈ നേരത്ത്?"​

"മാളുവിന് തറവാട്ടിലേക്ക് വരണമെന്ന്. നിങ്ങൾ ഇന്ന് എങ്ങോട്ടെങ്കിലും പോകുന്നുണ്ടോ?"​

"എന്താ ചേച്ചി കാര്യം? ഞങ്ങൾ എങ്ങും പോകുന്നില്ല."

​"അവൾ അവിടെ ഒരു പാമ്പിനെ കണ്ടു എന്ന്. ബാക്കിയൊക്കെ വരുമ്പോൾ പറയാമെന്ന് പറഞ്ഞു."

​"ദൈവമേ... അമ്മ രാവിലെ നമ്മുടെ മാവിന്റെ അടുത്ത് കരിചേരയെ കണ്ടിരുന്നു ചേച്ചി... ചേച്ചി എന്തായാലും വരാൻ പറ കൊച്ചിനോട്. എനിക്ക് പേടിയാകുന്നു."

​"ശരി, മക്കളെ സ്കൂളിൽ വിട്ടിട്ട് ഞാൻ അങ്ങോട്ട് വരാം. അപ്പോഴേക്കും അവരും എത്തും. അമ്മയും മേമയും കൂടെ കാണും."

​"ശരി ചേച്ചി..." ഫോൺ വെച്ചതിന് ശേഷം അവൾ ഹരിയെ എഴുന്നേൽപ്പിച്ച് കാര്യം പറഞ്ഞു.​

"എന്തായാലും നേരം വെളുക്കട്ടെ... തത്കാലം നീ ഉറങ്ങാൻ നോക്ക്, സമയം മൂന്നരയല്ലേ ആയുള്ളൂ," അതും പറഞ്ഞ് പുതപ്പ് വലിച്ച് മൂടി ഹരി വീണ്ടും ഉറക്കത്തിലേക്ക് പോയി.​

ഈ നേരത്ത് വിളിച്ച് ചേച്ചി ഇത് പറയണമെങ്കിൽ ഗൗരവമുള്ള എന്തോ ഉണ്ടെന്ന് ചിന്തിച്ചുകൊണ്ട് അവൾ മോനെ നോക്കിയതും അവൻ ഉറക്കത്തിൽ ചിരിച്ചുകൊണ്ട് നാവ് പുറത്തേക്ക് നീട്ടിയത് ഒരുമിച്ചായിരുന്നു. അത് കണ്ടതും അവളുടെ ഉള്ളിലൊരു കൊള്ളിയാൻ മിന്നി!

​രാവിലെ ഒൻപതരയായപ്പോഴേക്കും ചേച്ചിയെത്തി. അപ്പോഴേക്കും നിത്യ വീടെല്ലാം വൃത്തിയാക്കി, പൂജാമുറിയിൽ ഇലയിൽ പൂവും തുളസിയും വെച്ച്, നിലവിളക്കിൽ എണ്ണയൊഴിച്ച് തിരിയിട്ടുവെച്ചിരുന്നു.​പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ ഒരു ഓട്ടോയിൽ മാളുവും അമ്മയും ചേച്ചിയുടെ അമ്മയും എത്തിചേർന്നു.​

മാളുവിനെ കണ്ടപ്പോൾ നിത്യ കുറച്ചു സമയം അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു. അവൾക്ക് തന്റെ ശരീരത്തിലൂടെ ഒരു കുളിര് കടന്നുപോകുന്നതായി അനുഭവപ്പെട്ടു. ഹരിയും മാളുവിന്റെ ആ ഭാവമാറ്റം കൗതുകത്തോടെയും അല്പം അമ്പരപ്പോടെയും നോക്കിക്കാണുകയായിരുന്നു.​

"എന്താ ഹരിയേട്ടാ... വിശ്വാസം വരണമെങ്കിൽ അനുഭവം വേണം, അല്ലേ?" മാളുവിന്റെ ആ ചോദ്യം കേട്ടതും ഹരി ഒരു നിമിഷം ആകെ തരിച്ചുപോയി.​മറുപടിയ്ക്ക് കാത്തുനിൽക്കാതെ മാളു മാവിന്റെ അടുത്തേക്ക് നടന്നു. കൂടെ മറ്റുള്ളവരും ചെന്നു. മാവിന്റെ അടുത്തെത്തിയതും അവരോട് അവിടെത്തന്നെ നിൽക്കാൻ പറഞ്ഞ് മാളു മുന്നോട്ട് നീങ്ങി, മാവിലേക്ക് നോക്കി ഒരു പ്രത്യേക ശബ്ദമുണ്ടാക്കി. ആ ശബ്ദം കേട്ടതും മാവിന്റെ ഉണങ്ങിയ കൊമ്പിൽ നിന്ന് ഒരു കറുത്ത പാമ്പ് താഴേക്ക് വീണ്, അവളെ നോക്കി ഇഴഞ്ഞുപോയി!​ഇത് കണ്ടതും ഹരി ആകെ നടുങ്ങിവിറച്ചു. കൂടെയുള്ള എല്ലാവരും എന്ത് പറയണമെന്നറിയാതെ നിശ്ചലരായി നിന്നു.

​"അമ്മ കണ്ടത് ഈ പാമ്പിനെയാണ്, കരിചേരയല്ല അത്..." അതും പറഞ്ഞ് മാളു വീടിന്റെ അടുത്തേക്ക് നടന്നു, കൂടെ മറ്റുള്ളവരും.​ഈ സമയം മുറിയിൽ അച്ഛമ്മയുടെ അടുത്ത് സുഖമായി ഉറങ്ങുകയായിരുന്ന കുഞ്ഞ് പെട്ടെന്ന് എഴുന്നേറ്റ് ഉറക്കെ കരയാൻ തുടങ്ങി. കുഞ്ഞിന്റെ കരച്ചിൽ കേട്ട് നിത്യ അകത്തേക്ക് ഓടാൻ തുനിഞ്ഞപ്പോൾ, "പേടിക്കണ്ട, ഞാൻ പറഞ്ഞിട്ട് വീട്ടിൽ കയറിയാൽ മതി," എന്ന് പറഞ്ഞ് മാളു വീടിന്റെ ഉള്ളിലേക്ക് കയറി.

​നിത്യ പെട്ടെന്ന് ഹരിയെ നോക്കി. ഹരിയുടെ മുഖത്ത് അതുവരെയില്ലാത്ത ഭയവും യുക്തിയെല്ലാം തകർന്നടിഞ്ഞ വിശ്വാസവും അവൾ കണ്ടു.​കുറച്ചുനേരം കഴിഞ്ഞപ്പോൾ മാളു എല്ലാവരോടും അകത്തേക്ക് കയറിക്കോളാൻ പറഞ്ഞു. വീട്ടിൽ കയറിയ അവർ കണ്ടത്, പൂജാമുറിയിൽ കത്തിച്ചുവെച്ച നിലവിളക്കിന് സമീപം കുഞ്ഞിനെയും മടിയിൽ വെച്ചിരിക്കുന്ന മാളുവിനെയാണ്. 

പുറത്ത് എന്താണ് നടന്നതെന്ന് അറിയാതെ അച്ഛമ്മ ആകെ പരിഭ്രമിച്ചു നിൽക്കുന്നുണ്ടായിരുന്നു അവരുടെ അരികിൽ.

എന്നാൽ മാളുവിന്റെ മടിയിലിരുന്ന് ആ കുഞ്ഞ് വല്ലാത്തൊരു നിഗൂഢമായ ശാന്തതയോടെ പുഞ്ചിരിക്കുകയായിരുന്നു.​"ഞാൻ പറയാൻ പോകുന്ന കാര്യം കേട്ട് നിങ്ങളാരും പരിഭ്രമിക്കുകയോ വിഷമിക്കുകയോ ചെയ്യരുത്," എന്ന് പറഞ്ഞ് മാളു എല്ലാവരോടും ഇരിക്കാൻ ആവശ്യപ്പെട്ടു.​പെട്ടെന്ന് നിത്യയോടും ഹരിയോടും യാതൊരു മുഖവുരയുമില്ലാതെ അവൾ ചോദിച്ചു: "ഈ കുഞ്ഞിനെ നിങ്ങൾ ജനിക്കുന്നതിന് മുൻപേ വേണ്ടെന്ന് വെച്ചതല്ലേ? അതിനായി ശ്രമിക്കുകയും ചെയ്തിരുന്നില്ലേ?"​അതിന് ഉത്തരം പറയാനാകാതെ രണ്ടുപേരും തലകുനിച്ചു.​

"ഉം..." എന്ന് അമർത്തി മൂളിയിട്ട് മാളു തുടർന്നു:"ഈ കുഞ്ഞിനെ നിങ്ങൾക്ക് വേണ്ടായിരുന്നെങ്കിലും, മറ്റൊരാൾക്ക് വേണമായിരുന്നു. അതിനാണ് ഒരാൾ ഇവിടെ കിടന്ന് കറങ്ങുന്നത്... സാക്ഷാൽ നാഗത്തിന്റെ സന്തതിയാണിവൻ!"​പെട്ടെന്ന് നിത്യയുടെ മനസ്സിലേക്ക് കുഞ്ഞിന്റെ ജനനസമയത്തെ ആ പാമ്പിനോട് സാമ്യമുള്ള രൂപം ഓർമ്മ വന്നു.​

"ഇവനെ കൊണ്ടുപോകാനാണ് ആ പാമ്പിനെ ഇങ്ങോട്ട് അയച്ചിരിക്കുന്നത്. പക്ഷേ, നിത്യയുടെ കൂടെ സാക്ഷാൽ കൊടുങ്ങല്ലൂരമ്മയുടെ സാന്നിധ്യമുള്ളതിനാൽ, ഒരു തരത്തിലും അതിന് ഇങ്ങോട്ട് അടുക്കാൻ കഴിയുന്നില്ല."

​"ഞങ്ങൾ... ഞങ്ങൾ ഇനി എന്താണ് ചെയ്യേണ്ടത് ദേവീ...?" അതുവരെ യുക്തിവാദം പറഞ്ഞിരുന്ന ഹരിയുടെ നാവിൽ നിന്ന് ഭക്തിയോടും വിറയലോടും കൂടിയാണ് ആ ചോദ്യം പുറത്തുവന്നത്.​

"കണ്ടില്ലേ... വിശ്വാസമില്ലാത്ത നാവിൽ നിന്നും എന്നെ 'ദേവീ' എന്ന് വിളിച്ചത്! ഈ മാറ്റം തന്നെ ശുഭലക്ഷണമാണ്. പേടിക്കണ്ട, ദേവി കാത്തുകൊള്ളും. പിന്നെ, മഹാദേവന്റെ കഴുത്തിൽ കിടക്കുന്നത് ആരാണെന്ന് അറിയാമല്ലോ? നാഗമനയിൽ കൊണ്ടുപോയി വഴിപാട് നേർന്ന് അടിമ സമർപ്പിക്കാം എന്ന് പ്രാർത്ഥിക്കുക. 

ചോറൂണ് കൊടുങ്ങല്ലൂർ നടയിലാണല്ലേ?" ചിരിച്ചുകൊണ്ടാണ് മാളു അത് ചോദിച്ചത്.​"അതെ..." സന്തോഷത്തോടെ നിത്യ മറുപടി നൽകി.

​"എങ്കിൽ ചോറൂണ് കഴിഞ്ഞു മടങ്ങുന്ന വഴി മനയിൽ കയറി വഴിപാട് അന്ന് തന്നെ നടത്തിക്കോളൂ. പിന്നെ എല്ലാം നാഗരാജാവ് നോക്കിക്കോളും."​ഇത് കേട്ടതോടെ എല്ലാവർക്കും വലിയ ആശ്വാസമായി. ഹരി അപ്പോഴും, യാതൊരു പരിചയവുമില്ലാത്ത മാളുവിന്റെ കൈകളിൽ കിടന്ന് കളിക്കുന്ന കുഞ്ഞിനെ കൗതുകത്തോടെ നോക്കിനിൽക്കുകയായിരുന്നു.​

"കുറച്ചു കാര്യങ്ങൾ കൂടി ഇവിടെ ചെയ്തുതീർക്കാനുണ്ട്. അത് സമയമാകുമ്പോൾ മുന്നിൽ തെളിയും. നിങ്ങളാരും ഒന്നുമോർത്ത് സങ്കടപ്പെടേണ്ട, നിങ്ങൾക്ക് കാവലായി ഞാനുണ്ടാകും... ഉറപ്പ്! ഇവൻ എന്റെയും കൂടി സന്തതിയല്ലേ? എന്റെ പ്രിയപ്പെട്ട ഭക്തയുടെ മകൻ...

"​അതും പറഞ്ഞ് മാളു കുഞ്ഞിന്റെ നെറുകയിൽ തലോടി മുത്തം കൊടുത്തു. ആ നിമിഷം, ചോറൂണ് പോലും കഴിയാത്ത ആ പിഞ്ചുകുഞ്ഞ് എല്ലാവരെയും അത്ഭുതപ്പെടുത്തികൊണ്ട് തെളിഞ്ഞ ശബ്ദത്തിൽ "അമ്മേ..." എന്ന് വിളിച്ചു!​അത് കേട്ട് അവിടെ നിന്നവരുടെയെല്ലാം കണ്ണുകൾ സന്തോഷത്താലും അത്ഭുതത്താലും നിറഞ്ഞു തുളുമ്പി.

പക്ഷേ, അടുത്ത നിമിഷം മാളുവിന്റെ മുഖത്തെ ആ ഭക്തിനിർഭരമായ ചിരി മാഞ്ഞു. അതിനുപകരം വല്ലാത്തൊരു ക്രൂരമായ പുഞ്ചിരി അവിടെ തെളിഞ്ഞു വന്നു!​അവൾ പതുക്കെ എഴുന്നേറ്റു. അവളുടെ കണ്ണുകളിലെ കൃഷ്ണമണി വശങ്ങളിലേക്ക് മാറി, ഒരു പാമ്പിന്റേതുപോലെ നേർത്ത വരയായി രൂപപ്പെട്ടു! മുറിയിലാകെ പെട്ടെന്ന് ഒരു ചീറ്റൽ ശബ്ദവും, മണ്ണുചീഞ്ഞ അസഹ്യമായ നാറ്റവും പടർന്നു.​

"ദേവീ...?" ഹരി വിറയ്ക്കുന്ന ശബ്ദത്തോടെ വിളിച്ചു.​

"ദേവിയോ?" മാളു ഉറക്കെ ചിരിച്ചു. ആ ശബ്ദത്തിന് ഒരേസമയം പല മനുഷ്യരുടെ ശബ്ദമുണ്ടായിരുന്നു! 

"നിങ്ങൾ കരുതുന്നത് മാളുവിലൂടെ സംസാരിക്കുന്നത് ദേവിയാണെന്നോ? ഈ വീട്ടിൽ വരാൻ കിടക്കുന്ന വലിയൊരു നാഗകോപത്തെ, ദേവിയുടെ പേര് പറഞ്ഞ് വഴിതിരിച്ചുവിട്ട് നിങ്ങളുടെ കണ്ണിൽ പൊടിയിടാൻ എനിക്ക് എത്ര എളുപ്പമായിരുന്നു!

"​നിത്യ ഭയന്ന് നിലവിളിച്ചു കൊണ്ട് കുഞ്ഞിനെ എടുക്കാൻ ആഞ്ഞെങ്കിലും, മാളുവിന്റെ ഒറ്റ നോട്ടത്തിൽ അവൾ അനങ്ങാനാവാതെ തറഞ്ഞുനിന്നു!​

"ഈ കുഞ്ഞ് ജനിച്ചപ്പോൾ പാമ്പിന്റെ രൂപത്തിൽ കണ്ടത് വെറുതെയല്ല നിത്യേ..." മാളു കുഞ്ഞിന്റെ തലയിൽ കൈവെച്ചുകൊണ്ട് പറഞ്ഞു. "ഈ കുഞ്ഞ് പൂർവ്വജന്മത്തിൽ ഞങ്ങളുടെ നാഗക്കാവ് നശിപ്പിച്ചപ്പോൾ, അതിൽ വെന്തുമരിച്ച നാഗരാജാവിന്റെ പുനർജന്മമാണ്! അവനെ തിരികെ കൊണ്ടുപോകാനാണ് ഞാൻ വന്നത്. അല്ലാതെ രക്ഷിക്കാനല്ല!"​

പെട്ടെന്ന് പുറത്ത് ആകാശം കറുത്തിരുണ്ടു. പൂജാമുറിയിലെ നിലവിളക്ക് തനിയെ അണഞ്ഞു! ഇരുട്ടിൽ മാളുവിന്റെ വിരലുകൾ കുഞ്ഞിന്റെ കഴുത്തിന് നേരെ നീണ്ടു.

​"ഇല്ല!" ഹരി ഭയം മറന്ന് മാളുവിന് നേരെ പാഞ്ഞടുത്ത് അവളെ പിന്നിലേക്ക് തള്ളിമാറ്റി കുഞ്ഞിനെ വാരിയെടുത്തു.​ഹരിയുടെ ആ പ്രവർത്തിയിൽ മാളു കലിതുള്ളി തലമുടി വിടർത്തി ഇഴഞ്ഞു നീങ്ങാൻ തുനിഞ്ഞതും, വീടിന്റെ ഉമ്മറത്ത് നിന്ന് ഒരു കൂവലിന്റെ ശബ്ദം ഉയർന്നു. തെക്കേ വശത്തെ മാവിൽ നിന്നുള്ള ആ കറുത്ത പാമ്പ് ഒരു മിന്നൽ പോലെ പറന്നെത്തി മാളുവിന്റെ കാലിൽ ആഞ്ഞുകൊത്തി!​ ആ നിമിഷം മാളു ഉച്ചത്തിൽ നിലവിളിച്ചുകൊണ്ട് തറയിലേക്ക് വീണു. അവളുടെ ഉള്ളിൽ നിന്ന് പുകപോലെ എന്തോ ഒന്ന് പുറത്തേക്ക് പോയി, അത് അന്തരീക്ഷത്തിൽ ഇല്ലാതായി.​ കുറച്ചു സമയത്തിന് ശേഷം, തെളിഞ്ഞ വെളിച്ചം തിരികെ വന്നപ്പോൾ മാളു തറയിൽ ബോധമില്ലാതെ കിടക്കുകയായിരുന്നു. പാമ്പ് മാവിന്റെ ഭാഗത്തേക്ക് വീണ്ടും ഇഴഞ്ഞുപോയി.​

ഹരി കൈയിലിരുന്ന കുഞ്ഞിനെ നോക്കി. കുഞ്ഞ് ഹരിയുടെ മാറോട് ചേർന്ന് കിടന്ന് ഉറങ്ങുകയാണ്. ഹരി ആശ്വാസത്തോടെ നെഞ്ചിൽ കൈവെച്ചു. എന്നാൽ... കുഞ്ഞിന്റെ കഴുത്തിന്റെ പുറകിൽ, അതുവരെയില്ലാത്ത ഒരു കറുത്ത നാഗത്തിന്റെ അടയാളം തെളിഞ്ഞു നിൽക്കുന്നത് ഹരി കണ്ടു!​ആ അടയാളത്തിൽ നിന്ന് നേരിയ ഒരു പുക ഉയരുന്നുണ്ടായിരുന്നു... നാഗബന്ധനം ഇനിയും അവസാനിച്ചിട്ടില്ലെന്ന ഓർമ്മപ്പെടുത്തൽ പോലെ!

രചന: സുകന്യ അശോകൻ

Mob: +971 55 774 2583

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും