ഡോക്ടർക്ക് ബുക്ക് ചെയ്യാൻ (കഥ)
കടയിലെ തിരക്കിനിടയിലാണ് മൊബൈൽ ബെൽ ശബ്ദം കേട്ടത്. രണ്ടാമത്തേതോ മൂന്നാമത്തേതോ ആകാം. മേശക്കകത്തിരുന്ന മൊബൈൽ ഫോൺ എടുത്തുനോക്കി. പരിചയമില്ലാത്ത നമ്പർ."ഇനി വിളിക്കുമ്പോൾ എടുക്കാം" എന്ന് മനസ്സിൽ കരുതി തിരിഞ്ഞതും, പറഞ്ഞു വച്ചതുപോലെ വീണ്ടും ബെല്ലടിക്കുന്നു! ഫോൺ എടുത്ത് "ഹലോ" എന്ന് പറയുന്നതിന് മുമ്പ് തന്നെ മറുവശത്ത് നിന്ന് ഒരു സ്ത്രീ ശബ്ദം..."ഡോക്ടർക്ക് ബുക്ക് ചെയ്യാനാണ്! "ഞാൻ വീണ്ടും "ഹലോ" എന്നു പറയുന്നത് അവർ കേൾക്കാൻ കൂട്ടാക്കുന്നില്ല. വീണ്ടും വീണ്ടും "ഡോക്ടർക്ക് ബുക്ക് ചെയ്യാനാണ്... ഡോക്ടർക്ക് ബുക്ക് ചെയ്യാനാണ്" എന്ന് ആവർത്തിക്കുന്നു.ഞാൻ: "ഹലോ സഹോദരി, ഹലോ... നിങ്ങൾക്ക് നമ്പർ തെറ്റി! "ഞാൻ പറയുന്നത് കേൾക്കാൻ അവർ ശ്രമിക്കുന്നില്ല."നിങ്ങൾ ടോക്കൺ നമ്പർ തരൂ..."തിരക്കിന്റെ വക്കിലായിരുന്നത് കൊണ്ട് അവരുടെ ഭാഗ്യം. ഞാൻ ഫോൺ കട്ട് ചെയ്തു. രണ്ട് മിനിറ്റ് കഴിഞ്ഞ് വീണ്ടും അതേ നമ്പർ. മൂന്നാല് പ്രാവശ്യം റിങ് ചെയ്ത് കട്ടായി. എടുക്കാൻ കൂട്ടാക്കിയില്ല. അരമണിക്കൂർ കഴിഞ്ഞ് കടയിലെ തിരക്കൊഴിഞ്ഞപ്പോൾ ഫോണെടുത്തു നോക്കി, മൂന്ന് മിസ് കോൾ!ഞാൻ കുറേ നേരം ആ നമ്പർ നോക്കിയിരുന്നു. "ആരായിരിക്കാം ഈ ഡോക്ടർ? ആരായിരിക്കാം ഈ ഡോക്ടറെ വിളിക്കുന്ന വ്യക്തി? "ങാ, എന്തോ ആകട്ടെ" എന്ന് കരുതി ഫോൺ തിരികെ വച്ചതും, അതാ ആ നമ്പർ വീണ്ടും!എടുക്കണോ വേണ്ടയോ എന്ന് സംശയിച്ചിട്ട് എടുത്തു. വീണ്ടും പഴയപോലെ "ഡോക്ടർക്ക് ബുക്ക് ചെയ്യാനാണ്..."സഹോദരി... നിങ്ങൾക്ക് ഏത് ഡോക്ടർക്ക് ബുക്ക് ചെയ്യാനാണ്?" എന്റെ ആവർത്തന ചോദ്യം. അപ്പോഴാണ് അവർ ചോദിച്ചത്: "ഇത് ജമാൽ ഡോക്ടറുടെ നമ്പരല്ലേ?""അല്ല, ഇത് എന്റെ നമ്പരാണ്. "അപ്പോ ജമാൽ ഡോക്ടർ ലീവാണോ?" അവരുടെ നിഷ്കളങ്കത."സഹോദരി... നിങ്ങൾക്ക് നമ്പർ തെറ്റിയതാ. ഇത് തിരുവനന്തപുരമാണ്.""സോറി... സോറി..."ഫോൺ കട്ടായി. ഞാനോർത്തു, 'പാവം, പെട്ടെന്ന് ഡയൽ ചെയ്തപ്പോൾ മാറിപ്പോയതായിരിക്കും' എന്ന്. ചെറുമന്ദഹാസത്തോടെ ഫോൺ മേശക്കുള്ളിൽ വച്ചു. അന്ന് വൈകുന്നേരം ഏഴ് മണിക്ക് വീണ്ടും അതേ നമ്പർ റിങ് ചെയ്യുന്നു. എടുക്കണോ വേണ്ടയോ എന്ന ചിന്ത വീണ്ടും. രണ്ട് പ്രാവശ്യം റിങ് ചെയ്ത് കട്ടായി. വീണ്ടും റിങ് ചെയ്യുകയാണെങ്കിൽ എടുത്ത് രണ്ട് തെറി പറയാമെന്ന് കരുതി. ആരുടെയോ ഭാഗ്യം, അന്ന് പിന്നെ വിളിയേ വന്നില്ല. രണ്ട് ദിവസം കഴിഞ്ഞു. ഇന്ന് കട അവധിയാണ്, അതുകാരണം ചെറുമയക്കത്തിലുമാണ് ഞാൻ. കട ഇല്ലാത്ത ദിവസം ഫോൺ വൈബ്രേറ്ററിൽ വയ്ക്കും, എല്ലാ കോളും എടുക്കാറുമില്ല. അങ്ങനെ ഉച്ചമയക്കത്തിൽ കിടക്കുമ്പോൾ ഫോൺ ചെവിക്കരികിൽ കിടന്ന് എന്നെ ഇക്കിളിപ്പെടുത്തുന്നു. ഏതോ നമ്പർ, ഞാനതെടുത്തില്ല. വീണ്ടും അറിയാവുന്ന നമ്പരും വന്നു, അതുമെടുത്തില്ല. പത്ത് മിനിറ്റ് കഴിഞ്ഞ് അതാ വരുന്നു നമ്മുടെ ഡോക്ടർക്ക് ബുക്ക് ചെയ്യാൻ! കാരണം ഞാനാ നമ്പർ അങ്ങനെ തന്നെ സേവ് ചെയ്തു വച്ചിരുന്നു. എന്റെ ഹലോ കേൾക്കേണ്ട താമസം, "ഹലോ... സോറി കേട്ടോ.""സാരമില്ല, അത് പറയാൻ വിളിച്ചതാണോ? "അതെ, നിങ്ങളെ കുറേ വിഷമപ്പെടുത്തിയില്ലേ, അതാ. ഇന്നലെ ഞാൻ കുറേ വിളിച്ചു. ദേഷ്യത്തിലായത് കൊണ്ടായിരിക്കാം എടുക്കാത്തത് അല്ലേ?" ഒരു ക്ഷമാപണം പോലെ അവൾ."ഏയ്, അങ്ങനെയൊന്നുമില്ല, തിരക്കായിരുന്നു അതാ. "എന്നാലോക്കെ, ഒരിക്കൽ കൂടി സോറി."ഓക്കേ ശരി" എന്നാ...ഫോൺ കട്ടാകുന്നു."ശ്ശെ! ഞാനെന്തൊരു മനുഷ്യനാ, ഒരു സ്ത്രീയെ നമ്പർ തെറ്റി വിളിച്ചതിന് തെറി പറയുക എന്നൊക്കെ ചിന്തിച്ചില്ലേ? "അവർക്ക് തെറ്റുപറ്റിയതിന് അവർ സോറി വരെ പറഞ്ഞു. എന്തോ ഒരു നഷ്ടം സംഭവിച്ചപോലെ തോന്നി! "എന്തിനോ എന്തോ ഭാര്യ വരുന്നുണ്ടോന്ന് നോക്കി." ഇല്ല, അവൾ നല്ല ഉറക്കത്തിലാ. അല്ല, അവൾ വന്നാലെന്താ? ആരോ നമ്പർ തെറ്റി വിളിച്ചു സോറിയും പറഞ്ഞു, പിന്നെന്താ! അങ്ങനെ ചിന്തിച്ചെങ്കിലും, ഏതോ ഒരു ഉൾപ്രേരണയാൽ ഞാനാ നമ്പരിലേക്ക് വിളിച്ചു. സ്ക്രീനിൽ 'ഡോക്ടർക്ക് ബുക്ക് ചെയ്യാൻ' തെളിഞ്ഞു. ബെൽ കൂടുതൽ നേരം അടിച്ചില്ല, മറുതലക്കൽ ഫോൺ എടുത്തു. 'ഹലോ' എന്ന് ശബ്ദം കേട്ടിട്ടും ഒന്നും പറയാൻ തോന്നിയില്ല. വീണ്ടും അവിടെന്ന് ഹലോ, ഹലോ വിളി വന്നു."ങാ ഹലോ... ഞാനാ... ഡോക്ടർക്ക് ബുക്ക് ചെയ്യാൻ... "എനിക്കങ്ങനെ പറയാനാണ് തോന്നിയത്. അപ്പോ അവിടെന്ന് ഒരു ചിരിയാണ് മറുപടി വന്നത്. "ഞാനും ഫോണിൽ അങ്ങനെയാ പേര് സേവ് ചെയ്തു വച്ചത്. എന്താ വിളിച്ചേ? "ഞാൻ വിളിക്കുമെന്ന് പ്രതീക്ഷിച്ചോ? "ചിലപ്പോ വിളിച്ചാലോ എന്ന് തോന്നി. "വിളിച്ചതേ... ഒരു കാര്യം തിരക്കാനാ, എന്താ അസുഖം, പിന്നെ ഡോക്ടറെ കണ്ടിരുന്നോ? "വീണ്ടും ചിരിയാണ് മറുപടി. "എനിക്ക് വേണ്ടിയല്ല, അമ്മയ്ക്ക് വേണ്ടിയാണ്. എല്ലാ മാസവും ഡോക്ടറെ കാണിക്കാറുണ്ട്. ബുക്ക് ചെയ്തിട്ട് പോയാൽ സമയത്തു പോയാൽ മതിയല്ലോ, അതിന് വേണ്ടിയാണ്. "ആശ്വാസം.""അതെന്താ?""അല്ല, ചുമ്മാ. നിങ്ങൾക്ക് അസുഖമൊന്നുമില്ലാന്നറിഞ്ഞത് കൊണ്ട്. "പിന്നെ എന്തൊക്കെയോ ഒത്തിരി നേരം സംസാരിച്ചു. അവർ നന്നായി ചിരിച്ചു. ഇടയ്ക്ക് അവർ പറഞ്ഞു: "നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്. "ചുമ്മാ. "സത്യം."അങ്ങനെ കുറേ നേരം കൂടി സംസാരിച്ചു. പിന്നെ അവർ പറഞ്ഞു: "പിള്ളേര് വരാൻ നേരമായി, വയ്ക്കുന്നു. "ശരി, ഇനിയെപ്പോ?" എന്ന എന്റെ ചോദ്യത്തിന് "ഇനി വേണോ?" എന്ന മറുചോദ്യമായിരുന്നു."വേണ്ടെങ്കിൽ വേണ്ട" എന്ന് ഞാനും."എന്നാൽ ഓക്കേ" എന്ന് പറഞ്ഞ് ആ ഫോൺ കട്ടായി. പിറ്റേന്ന് ഓരോ ഫോൺ കോൾ വരുമ്പോഴും 'ഡോക്ടർക്ക് ബുക്ക് ചെയ്യാൻ' ആണോന്ന് നോക്കും! ഇല്ല, പിന്നെ വിളിയൊന്നും വന്നില്ല. ചിലപ്പോ അങ്ങോട്ട് വിളിച്ചാലോന്ന് ആലോചിക്കും. "വേണ്ട, തെറ്റിദ്ധരിച്ചാലോ" എന്ന് കരുതി ആ നമ്പർ മറന്ന്. കുറേ കാലം കഴിഞ്ഞു.ഇന്നും കട അവധിയാണ്. ഉച്ചമയക്കത്തിൽ കിടക്കുമ്പോൾ ഫോൺ ചെവിക്കരികിൽ കിടന്ന് എന്നെ വീണ്ടും ഇക്കിളിപ്പെടുത്തുന്നു. നോക്കുമ്പോൾ 'ഡോക്ടർക്ക് ബുക്ക് ചെയ്യാൻ!' എന്ന് സ്ക്രീനിൽ തെളിയുന്നു. മനസ്സിന് ആനന്ദം. ഭാര്യ വരുന്നോന്ന് ശ്രദ്ധിച്ചു, ഇല്ല. ഞാൻ ഫോൺ റിസീവ് ചെയ്തു. മറുതലക്കൽ അവരുടെ ശബ്ദം: "എവിടെയാ?"ഞാൻ വീട്ടിലാണെന്ന് പറയാൻ മടിച്ച് "ഇവിടെയൊക്കെ തന്നെ" എന്ന് പറഞ്ഞു. "ഒന്നു കാണാൻ പറ്റുമോ? "പിന്നെന്താ? "എന്നാൽ ജനറൽ ഹോസ്പിറ്റലിലേക്ക് വാ. "ജനറൽ ഹോസ്പിറ്റലിൽ എവിടെ? "വാതിൽക്കൽ തന്നെ. "ഞാനിതാ എത്തി... ഒരു പതിനഞ്ച് അല്ലെങ്കിൽ ഇരുപത് മിനിറ്റ്... "ഞാൻ പെട്ടെന്ന് തന്നെ ഷർട്ട് എടുത്തിട്ട് പുറത്തേക്കിറങ്ങി. പുറകേ ഭാര്യയുടെ വിളി: "എങ്ങോട്ടാ ഇത്ര ധൃതിയിൽ? "ദാ വരുന്നു" എന്ന് പറഞ്ഞ് ബൈക്ക് സ്റ്റാർട്ട് ചെയ്തു, ഹെൽമറ്റ് വച്ചു, ഹെഡ് ഫോൺ ചെവിയിൽ തിരുകി വീണ്ടുമാ നമ്പരിൽ ഡയൽ ചെയ്തു. ബെല്ലടിച്ച ഉടനെ എടുത്തു, "എത്തിയോ?" എന്ന് ചോദ്യവും. "ഇല്ല..., ഞാനിറങ്ങിയതേയുള്ളൂ, പതിനഞ്ച് അല്ലെങ്കിൽ ഇരുപത് മിനിറ്റ്" എന്ന് വീണ്ടും ഞാൻ. എന്നിട്ട് ഞാനവരോട്: "എന്താ ജനറൽ ഹോസ്പിറ്റലിൽ? "അമ്മയ്ക്ക് ഒരു തലക്കറക്കം, ഇപ്പോ ഇവിടെ അഡ്മിറ്റാ. "അപ്പോ തിരുവനന്തപുരത്താണോ താമസം? "അല്ല, കൊല്ലം പരവൂരാണ്. "പിന്നെ ഇവിടെ? "ഞങ്ങളെല്ലാം കൂടി കോവളവും, ലുലുവും കാണാൻ വന്നതാ. 'ചാക്ക' എന്ന സ്ഥലമെത്തിയപ്പോൾ അമ്മ തല ചുറ്റി വീണു. വണ്ടിയിലുണ്ടായിരുന്നവരെല്ലാം കൂടി ജനറൽ ഹോസ്പിറ്റലിലേക്ക് കൊണ്ടുവന്നു. "അപ്പോ അവരൊക്കെ അവിടെയുണ്ടോ? "ഇല്ല, ഞാനൊഴികെ എല്ലാവരും പോയി. "ഇത്ര വേഗമോ?" എന്ന എന്റെ ചോദ്യത്തിന്, "ഞങ്ങളെല്ലാം വന്നത് രണ്ട് ദിവസം മുന്നേയാ. "പിന്നെന്താ അപ്പോ വിളിക്കാത്തത്? "പെട്ടെന്ന് തീരുമാനിച്ചതാണ് "ടൂർ", പിന്നെ എല്ലാവരും ഒരുമിച്ചായിരുന്നു, ഒറ്റയ്ക്ക് എനിക്ക് സമയം കിട്ടിയില്ല, അതാ വിളിക്കാത്തത്. ഇപ്പോ എവിടെ എത്തി? "ഞാൻ വഞ്ചിയൂരെത്തി, അഞ്ച് മിനിറ്റ്, ദാ എത്തി. ഞാനെങ്ങനെ തിരിച്ചറിയും? "ഞാൻ 'മഞ്ഞ' സാരിയാണ് ഉടുത്തിരിക്കുന്നത്, കയ്യിൽ ചെറിയ തൂക്ക് പാത്രവുമുണ്ട്, തലയിൽ ഇത്തിരി പൂവും, ഗേറ്റിന്റെ മുൻവശത്ത് തന്നെയുണ്ട്. "ഓക്കേ, ദാ എത്തി." ഫോൺ കട്ട് ചെയ്തു. വഞ്ചിയൂർ വഴി ജനറൽ ഹോസ്പിറ്റൽ റോഡിലേക്ക് കയറുന്ന വഴിക്ക് രണ്ട് മൂന്ന് വണ്ടികൾ തടസം നിൽക്കുന്നു! മുന്നിലെ ഓട്ടോക്കാരൻ ഒന്നു മാറിയിരുന്നെങ്കിൽ കയറി പോകാമായിരുന്നു എന്ന് ചിന്തിച്ച് നിൽക്കേ, ഓട്ടോക്കാരൻ അത് കേട്ടതുപോലെ: "സ്റ്റാച്ചു ഭാഗത്ത് നിന്ന് ഒരു ആംബുലൻസ് വരുന്നുണ്ട്, അത് പോയിട്ടേ വിടൂ എന്ന് പോലീസുകാരൻ പറഞ്ഞു, അതാ."ഞാൻ ചിരിച്ചു പോയ്, അത് കണ്ട് അയാളും ചിരിച്ചു. ആംബുലൻസ് ചീറിപ്പാഞ്ഞ് വരുന്നു... അത് വന്ന സ്പീഡിൽ തന്നെ ജനറൽ ഹോസ്പിറ്റലിലേക്ക് വളഞ്ഞു കയറിയതും എന്തോ ശബ്ദവും, ഒരു നിലവിളിയും കേട്ടു!? ആളുകൾ ഓടിക്കൂടുന്നു. മുന്നിലെ വാഹനങ്ങൾ മുന്നോട്ട്, ഞാനും പെട്ടെന്ന് തന്നെ ജനറൽ ഹോസ്പിറ്റൽ വാതിൽക്കലേക്കും. ഹോസ്പിറ്റലിന്റെ മുന്നിലാണ് അപകടം നടന്നിരിക്കുന്നത്. സ്പീഡിൽ വന്ന ആംബുലൻസ് ആരെയോ ഇടിച്ചിട്ടു പോലും.എന്റെ ആകാംക്ഷ കൂടി, അടുത്ത് നിന്നയാളോട് ചോദിച്ചു: "എന്താ സംഭവം? "ഒരു മഞ്ഞ സാരിക്കാരിക്കാരിയെ ആംബുലൻസ് ഇടിച്ചിട്ടു. "ദൈവമേ! അവരെയോ?" എന്ന എന്റെ ഉച്ചത്തിലെ ശബ്ദം ഒന്നു രണ്ട് പേർ ശ്രദ്ധിച്ചു. കുറച്ച് നേരം ഞാൻ ഞാനല്ലാതായി. ഇതിനിടയിൽ ഒരാൾ ഒരു മൊബൈൽ ഫോൺ എന്റെ കയ്യിൽ തന്നു, "ആ മഞ്ഞ സാരിക്കാരിയുടേതാ ഇത്."പെട്ടെന്ന് ബോധം വീണ്ടെടുത്ത് ഞാൻ വണ്ടി മുന്നോട്ട് നീക്കി. ഇതിനിടയിൽ അക്സിഡന്റ് പറ്റിയ അവരെയും കൊണ്ട് ആശുപത്രി അധികൃതർ അത്യാഹിത വിഭാഗത്തിലേക്ക് പാഞ്ഞിരുന്നു. വണ്ടി മുന്നോട്ട് നീക്കുന്ന സമയം കാലിൽ തടഞ്ഞ "വാടാത്ത മുല്ലപ്പൂവ്" അവരുടേതാണെന്ന് ഞാനറിഞ്ഞു. തെറിച്ച് വീണുകിടക്കുന്നത് കഞ്ഞിയാണോ, ചായയാണോ എന്നറിയാത്ത വിധം തൂക്ക് പാത്രം ആ പാർശ്വ ഭിത്തിക്കരുകിൽ കിടക്കുന്നു!അതെ, അത് തന്നെ. എനിക്കായി അടയാളം പറഞ്ഞു തന്ന പൂവും, തൂക്ക് പാത്രവും കണ്ടെത്താൻ കഴിഞ്ഞു, പക്ഷേ അവരെ!? ഞാൻ പെട്ടെന്ന് തന്നെ വാഹനം പാർക്ക് ചെയ്ത് തിരക്കിട്ട് അത്യാഹിത വിഭാഗത്തിൽ പോകാൻ ശ്രമിക്കുമ്പോൾ "സാറെ, സാറെ പാർക്കിങ് ഫീസ് തന്നിട്ട് പോ" എന്ന് പറഞ്ഞ് ഒരാൾ പുറകെ. കയ്യിൽ കിട്ടിയ പത്ത് രൂപ നീട്ടി പോകാനൊരുങ്ങുമ്പോൾ "ഇന്നാ സാറെ ബാക്കി" എന്ന്. ഞാനത് കേൾക്കാത്ത പോലെ ഓടി അത്യാഹിത വിഭാഗത്തിൽ കയറി.അപ്പോഴേക്കും സ്ട്രെച്ചറിലേക്ക് കയറ്റി വേഗത്തിൽ പോകുന്ന കാഴ്ച മാത്രം. മഞ്ഞ സാരിയും കാലും കണ്ടു, ആ മുഖമൊന്ന് കാണാൻ കഴിഞ്ഞില്ല. അപ്പോൾ കണ്ട സിസ്റ്ററിനോട് ചോദിച്ചപ്പോൾ "സീരിയസാണ്, I.C.U വിലേക്ക് കൊണ്ടുപോയതാണ്" എന്നറിയാൻ കഴിഞ്ഞു. എന്റെ കാലുകൾ മരവിച്ചോ? എന്റെ ചലനശക്തി നഷ്ടപ്പെട്ടോ? കുറച്ച് നേരം അനങ്ങാൻ കഴിഞ്ഞില്ല! പിന്നെ എവിടെനിന്നോ കിട്ടിയ ഊർജ്ജത്തിൽ ഞാൻ I.C.U വിലേക്ക് പാഞ്ഞു. അവിടെ ആരോട് എന്ത് ചോദിക്കും? ഇതിന്റെ മുന്നിലിരിക്കുന്നവർ അവരുടെ ബന്ധുക്കളാണോ? ഞാനവരുടെ ആരെന്ന് പറയും? അവരുടെ പേരെന്താണ്? ദൈവമേ, എന്തൊരു പരീക്ഷണം!"ദൈവമേ, അവർക്കൊന്നും സംഭവിക്കല്ലേ" എന്നൊക്കെ മനമുരുകി പ്രാർത്ഥിച്ചു. I.C.U വിന്റെ വാതിൽ തുറന്ന് പുറത്തേക്ക് വേഗത്തിൽ വന്ന സിസ്റ്ററോട് രണ്ടും കൽപ്പിച്ച് മഞ്ഞ സാരിക്കാരിയെ കുറിച്ച് ചോദിച്ചു."ങാ, ഗേറ്റിന്റെ മുന്നിൽ വച്ച് നടന്ന ആക്സിഡന്റല്ലേ? അവർ അപ്പോ തന്നെ മരിച്ചിരുന്നു. ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. അവരുടെ ഒരു ബന്ധു ഇവിടെ രണ്ട് ദിവസമായി അഡ്മിറ്റാ, അതിനാൽ ബുദ്ധിമുട്ടില്ലാതെ എല്ലാം..."ബാക്കി പറഞ്ഞതൊന്നും ഞാൻ കേട്ടില്ല, ഞാനവിടത്തെ കസേരയിൽ തളർന്നിരുന്നു. എന്റെ ആരാ അവർ? എന്ന എന്റെ ചോദ്യത്തിന് എനിക്ക് തന്നെ ഉത്തരമില്ല. ഞാൻ എന്റെ ഫോണിൽ നിന്ന് ആ നമ്പരിലേക്ക് ഡയൽ ചെയ്തു നോക്കി. എന്റെ കയ്യിലിരുന്ന രണ്ട് ഫോണുകളിലും ഒരേ പേരാണ് തെളിഞ്ഞു നിന്നത്,"ഡോക്ടർക്ക് ബുക്ക് ചെയ്യാൻ" അവരുടെ ഫോണിലും 'ഡോക്ടർക്ക് ബുക്ക് ചെയ്യാൻ' അത് തന്നെ, അതിലും തെളിഞ്ഞു വന്നു! ഒന്ന് എന്റെ പോക്കറ്റിൽ തിരികെ വച്ചു. മറ്റേത്, അവരുടെ ഫോൺ!?, ആ വാടാത്ത മുല്ലപ്പൂവിനോടൊപ്പം ആ തൂക്ക് പാത്രത്തിനരികിൽ പതിയെ വച്ചാലോ. മണിക്കൂർ എത്ര പോയിന്നറിയില്ല. I.C.U വിന്റെ വാതിൽ രണ്ടും മലർക്കെ തുറക്കുന്നു. കാലിന്റെ ഭാഗവും ആ മഞ്ഞ സാരിയും കാണാം. ആ മുഖമൊന്ന് കാണാൻ കൊതി തോന്നിയെങ്കിലും ഞാനതിന് തുനിഞ്ഞില്ല. അവരോട് എന്റെ ആരെന്ന് പറയും എന്ന എന്റെ ചിന്ത. തെറ്റി വന്ന നമ്പറിലെ ഒരു ശബ്ദം മാത്രമായിരുന്നു അവൾ. ശരിയായ നമ്പറിൽ പോലും ഇനി ഒരിക്കലും കേൾക്കാൻ കഴിയാത്ത ആ ശബ്ദം. ആരും കാണാതെ ഞാൻ കൂപ്പുകൈയോടെ എന്റെ '"ഡോക്ടർക്ക് ബുക്ക് ചെയ്യാൻ'" കാരിയെ യാത്രയാക്കി. പുറത്ത് ആംബുലൻസിന്റെ സൈറൺ വീണ്ടും മുഴങ്ങുന്നുണ്ടായിരുന്നു! ഇത്തവണ ആർക്കോ വേണ്ടി ഡോക്ടറെ ബുക്ക് ചെയ്യാൻ അല്ല, ആരെയോ കൊണ്ടുപോകാനായിരിക്കില്ലേ?
രചന: നാസ് കരമന
(Mob: +919895300068)
Comments ()