അമൃത് ഭാരത് എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കണം
കോട്ടയം: കോട്ടയം വഴി പുതുതായി അനുവദിച്ച നാഗർകോവിൽ-മംഗലാപുരം അമൃത് ഭാരത് എക്സ്പ്രസിനും തിരുവനന്തപുരം നോർത്ത്-ചാർലപ്പള്ളി (ഹൈദരാബാദ്) അമൃത് ഭാരത് എക്സ്പ്രസിനും വൈക്കം റോഡ് റയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യം ശക്തമാവുന്നു. മധ്യകേരളത്തിലെ യാത്രക്കാർക്ക് ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളായ മംഗലാപുരം, ഹൈദരാബാദ് മേഖലകൾ ഉൾപ്പെടെ കുടുതൽ മെച്ചപ്പെട്ട യാത്ര ഉറപ്പാക്കാൻ സാധിക്കുന്ന ഈ ട്രെയിനുകൾക്ക് എറണാകുളത്തിനും കോട്ടയത്തിനും ഇടയ്ക്ക് ഒരു സ്റ്റേഷനിൽപോലും നിലവിൽ സ്റ്റോപ്പ് അനുവദിച്ചിട്ടില്ല.
ഈ രണ്ട് സ്റ്റേഷനുകൾക്കും ഇടയിൽ യാത്രക്കാർക്ക് ഏറെ പ്രയോജനപ്രദമായ സ്റ്റേഷനാണ് വൈക്കം റോഡ്. വൈക്കം, മീനച്ചിൽ താലൂക്കുകളിലെ യാത്രക്കാർക്ക് ബസിലെത്തി വളരെ പെട്ടെന്ന് സ്റ്റേഷനിലെത്താമെന്നതാണ് ഇവിടുത്തെ പ്രത്യേകത. കോട്ടയത്തിനും എറണാകുളത്തിനും മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന വൈക്കം റോഡിൽ കൂടുതൽ എക്സ്‌പ്രസ് ട്രെയിനുകൾ നിർത്തണമെന്ന ആവശ്യം കാലങ്ങളായുള്ളതാണ്. പുതിയ അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയി നുകൾക്ക് ഇവിടെ സ്റ്റോപ്പ് അനുവദിക്കാൻ എം.പി അടക്കമുള്ള ജനപ്രതിനിധികൾ നടപടിയെടുക്കണമെന്നാണ് ആവശ്യം ഉയരുന്നത. നോൺ എ.സി വിഭാഗത്തിലുള്ള, സാധാരണ ജനങ്ങളെ ലക്ഷ്യമിട്ട് രൂപകൽപന ചെയ് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ കോട്ടയം വഴി സർവീസ് നടത്തുന്നത് വിദ്യാഭ്യാസം, തൊഴിൽ, ചികിത്സ, വ്യാപാര ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്ന ആയിരക്കണക്കിന് ആളുകൾക്ക് വലിയ ആശ്വാസമാകും. നിലവിൽ കേരള എക്‌സ്പ്രസ്, ഗുരുവായുർ, പാലരുവി, പരശുറാം എക്‌സ്പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ്പുള്ള വൈക്കം റോഡ് റെയിൽ വേസ്റ്റേഷനിൽ യാത്രക്കാർക്ക് റിസർവേഷൻ സൗകര്യം ഏർപ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്. ആപ്പാഞ്ചിറ പൗരസമിതി യോഗവും ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടു. യോഗത്തിൽ പൗരസമിതി പ്രസിഡൻ്റ് പി.ജെ. തോമസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ബാസ് നടയ്ക്കമ്യാലിൽ, ജയിംസ് പാറയ്ക്കൽ, കെ.എം. ജോർജ്, ഷാജി കാലായിൽ, കുഞ്ഞുകുഞ്ഞ് പുള്ളോംകാലായിൽ, സുധ കൊടുന്തല, സുമം പുള്ളോംകാലായിൽ, എന്നിവർ പ്രസംഗിച്ചു. എറ്റുമാനൂർ, കുറുപ്പന്തറ, വൈക്കം റോഡ്, പിറവം റോഡ് സ്റ്റേഷനുകളിൽ അമൃത് ഭാരത ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ. മാണി റയിൽവെക്ക് കത്ത് നൽകിയിട്ടുണ്ട്