അപകടക്കെണിയായി കൊതവറ പാലം
അനഘ സുനിൽ
വൈക്കം: നൂറുകണക്കിന് വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും ജീവന് ഭീഷണിയായി കൊതവറ പാലം. തലയാഴം പഞ്ചായത്തിൽ ഉല്ലല - കൊതവറ റോഡിലെ കൊതവറ പാലം യാത്രക്കാർക്ക് അപകട ഭീഷണി ഉയർത്താൻ തുടങ്ങിയിട്ട് വർഷങ്ങളായി. കോൺക്രീറ്റ് തൂണുകൾ ദ്രവിച്ച് കൈവരികൾ തകർന്ന നിലയിലാണ് പാലം. ദിനംപ്രതി ആയിരക്കണക്കിന് കുട്ടികൾ കൊതവറ കോളജിലേക്കും, സ്കൂളുകളിലേക്കും ഈ പാലം വഴി യാത്ര ചെയ്യുന്നു. കരിയാർ സ്പിൽവേ വഴി വൈക്കം - വെച്ചൂർ റോഡിലേക്ക് പോകുന്ന വാഹനങ്ങളും കൊതവറ ആശുപത്രിയിൽ ചികിത്സയ്ക്ക് വരുന്ന രോഗികളും ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ ദിനംപ്രതി ഈ പാലത്തിലൂടെ കടന്നുപോകുന്നു. കാൽനടക്കാർക്കും ഇരുചക്രവാഹന യാത്രക്കാർക്കും കൈവരി ഇല്ലാത്തതുമൂലം സഞ്ചരിക്കാൻ ഭയമാണ്. ആഴമുള്ള തോട്ടിലേക്ക് വീണാൽ മനുഷ്യജീവൻ അപകടത്തിലാകാൻ സാധ്യത ഏറെയാണ്. ഉല്ലല വഴി കൊതവറ, ചെമ്മനത്തുകര, ടി.വി. പുരം, വൈക്കം മേഖലയെ ബന്ധിപ്പിക്കുന്ന പ്രധാന റോഡിലാണ് അപകടക്കെണിയായി ഈ പാലം. വൈക്കം - വെച്ചൂർ റോഡ് വികസനത്തിൻ്റെ നിർമ്മാണ ജോലി ആരംഭിക്കുന്നതിന് മുൻപ് ഈ പാലം പണി പൂർത്തീകരിച്ചാൽ ഈ റോഡ് സമാന്തര റോഡായി ഉപയോഗിക്കാൻ കഴിയും. 2025 ലെ സംസ്ഥാന ബജറ്റിൽ 3 കോടി 25 ലക്ഷം രൂപ പാലത്തിന് വകയിരുത്തിയിട്ടുണ്ട്. ഫണ്ട് അനുവദിച്ചെങ്കിലും ഇതുവരെ അനന്തര നടപടികളൊന്നും ഉണ്ടായിട്ടില്ല.
കൊതവറ പാലം - കമൻ്റ്
പഞ്ചായത്തിലെ ഏറ്റവും പ്രധാനപ്പെട്ട പാലമാണിത്. ഇത് പുനർ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രിക്കടക്കം നിരവധി തവണ നിവേദനം കൊടുത്തതാണ്. യഥാസമയം നടപടിയുണ്ടായില്ല.
കെ. ബിനിമോൻ
തലയാഴം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ്
Comments ()