|
Loading Weather...
Follow Us:
BREAKING

അഷ്ടമി: 30 ന് കൊടിയേറ്ററിയിപ്പ്

അഷ്ടമി: 30 ന് കൊടിയേറ്ററിയിപ്പ്

ആർ. സുരേഷ്ബാബു

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ കൊടിയേറ്ററിയിപ്പ് 30ന്  നടക്കും. വൈക്കം ക്ഷേത്രത്തിലെ വിശേഷാൽ ചടങ്ങുകൾക്ക് ശേഷം ആചാരപ്രകാരം അവകാശിയായ മൂസത്  ഓലക്കുട ചൂടി ചമയങ്ങളില്ലാത്ത ആനപ്പുറത്തെഴുന്നള്ളി ഉദയനാപുരം ക്ഷേത്രത്തിൽ കൊടിയേറ്ററിയിക്കും.  ഉദയനാപുരം ക്ഷേത്രത്തിലെ പന്തീരടി പൂജയ്ക്ക് ശേഷമാണ് മുഹൂർത്തച്ചാർത്ത് വായിച്ച് കൊടിയേറ്ററിയിക്കുന്നത്. പെരുമ്പള്ളിയാഴത്ത് മനയെ പ്രതിനിധീകരിച്ച് അയ്യർ കുളങ്ങര കുന്തി ദേവി ക്ഷേത്രത്തിലും ഇണ്ടംതുരുത്തി മനയിലും എത്തി ആചാരപ്രകാരം കൊടിയേറ്ററിയിക്കും. അതാത് അവസരങ്ങളിലെ ഊരാഴ്മക്കാർ ഉത്സവ വിവരം ക്ഷേത്ര ഉടമസ്ഥരായ മറ്റു ഊരാഴ്മക്കാരെ അറിയിക്കുന്നതാണ് ചടങ്ങ്. 

കോപ്പുതൂക്കൽ

വൈക്കത്തഷ്ടമിയുടെ കോപ്പുതൂക്കൽ 30ന് ക്ഷേത്രകലവറയിൽ നടക്കും. രാവിലെ 10 നും 11.30 നും ഇടയിലാണ് കോപ്പുതൂക്കൽ. ക്ഷേത്രത്തിലെ ആട്ടവിശേഷമായി വരുന്ന അടിയന്തരങ്ങൾക്ക് മുൻപായി നടത്തുന്ന ചടങ്ങാണിത്. വൈക്കത്തപ്പനും ഉപദേവതമാർക്കും വിശേഷാൽ വഴിപാട് നടത്തിയ ശേഷമാണ് ചടങ്ങ്. ദേവസ്വം ഭരണാധികാരി അഷ്ടമിക്ക് ആവശ്യമായ സാധനങ്ങൾ അളന്നുതൂക്കി ക്ഷേത്ര കാര്യക്കാരനെ എൽപ്പിക്കുന്നതാണ് ചടങ്ങ്. പ്രതീകാന്മകമായി മംഗളവസ്തുക്കളായ മഞ്ഞളും ചന്ദനവും അളന്ന് എല്പിക്കുന്നതോടെ ഉൽസവാദി ചടങ്ങുകൾ വീഴ്ച വരാതെ നടത്തുന്നതിന് ക്ഷേത്ര കാര്യക്കാരൻ ഏറ്റുവാങ്ങുന്നതായാണ് വിശ്വാസം.

സന്ധ്യവേല

വൈക്കത്തഷ്ടമിക്ക് മുന്നോടിയായി സമൂഹങ്ങൾ നടത്തി വരുന്ന സന്ധ്യവേല  30 ന് സമാപിക്കും. സമാപന സന്ധ്യവേല  വടയാർ സമൂഹമാണ് നടത്തുന്നത്. ലക്ഷദീപം, പുഷ്പാലങ്കാരം എന്നിവയും ദീപാരാധനക്ക് ശേഷം ഒറ്റപ്പണ  സമർപ്പണവും നടക്കും. സന്ധ്യവേലക്ക് മുമ്പായി സമൂഹം ഭാരവാഹികൾ വിവിധ ക്ഷേത്രങ്ങളിൽ ദർശനം നടത്തി വഴിപാടുകൾ നടത്തിയിരുന്നു. 1 മുതൽ 12 വരെ സമൂഹത്തിൽ രുദ്രാഭിഷേകവുമുണ്ട്.

വൈക്കത്തഷ്ടമിക്ക് എത്തുന്ന ഗജവീരന്മാർ

1 പാമ്പാടി രാജൻ, 2.നന്തിലത്ത് ഗോപാലകൃഷ്ണൻ, 3 പല്ലാട്ട് ബ്രഹ്മദത്തൻ, 4 പുതുപ്പളളി സാധു, 5 മധുരപ്പുറം കണ്ണൻ, 6 കുന്നത്തൂർ രാമു, 7 കാളിയാർ മഠം ശേഖരൻ, 8. പാറനൂർ നന്ദൻ, 9. വേമ്പനാട് അർജുനൻ, 10. മുണ്ടയ്ക്കൽ ശിവനന്ദനൻ, 11. കുളമാക്കിൽ പാർത്ഥസാരഥി, 12. തടത്താവിള സുരേഷ്, 13. അക്കാവിള വിഷ്ണു നാരായണൻ, 14. വേമ്പനാട്‌ അനന്തപത്മനാഭൻ, 15. കണ്ടിയൂർ പ്രേംശങ്കർ, 16. വേമ്പനാട് വാസുദേവൻ, 17. ആദിനാട് സുധിഷ്, 18. വേമ്പനാട് മഹാദേവൻ, 19. കുളമാക്കിൽ രാജാ റാം.

കൊടിയേറ്റ് 1ന്

അഷ്ടമി കൊടിയേറ്റ് 1 ന് രാവിലെ 6.30 നും 7.30 നും ഇടയിൽ തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി ,കിഴക്കി നേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ നടക്കും.  ഡിസംബർ 12 നാണ് വൈക്കത്തഷ്ടമി. 13 ന് ആറാട്ടോടെ ഉത്സവം സമാപിക്കും. ആറാട്ട് ദിനത്തിൽ ഉദയനാപുരം ക്ഷേത്രത്തിൽ കൂടിപ്പൂജയും വിളക്കും നടത്തും. 14 നാണ് മുക്കുടി നിവേദ്യം.