|
Loading Weather...
Follow Us:
BREAKING

അഷ്ടമി: 35,000 ചതുരശ്ര അടി പന്തൽ

അഷ്ടമി: 35,000 ചതുരശ്ര അടി പന്തൽ
അഷ്ടമിക്കായി ക്ഷേത്രത്തിൽ ഒരുക്കുന്ന പന്തലിന്റെ കാൽനാട്ടു കർമ്മം നടന്നപ്പോൾ

ആർ.സുരേഷ് ബാബു

വൈക്കം: അഷ്ടമിക്കായി 35000 ചതുരശ്ര അടിയിൽ നിർമ്മിക്കുന്ന പന്തലിന്റെയും 6000 അടിയിൽ ഒരുക്കുന്ന ബാരിക്കേഡിന്റെയും പണികൾ 25 നകം പൂർത്തിയാക്കും. വൈക്കത്തഷ്ടമിയുടെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി വൈക്കം ഗസ്റ്റ് ഹൗസിൽ യോഗം ചേർന്നു. ദേവസ്വം ബോർഡംഗം പി.ഡി. സന്തോഷ് കുമാർ, ബി. സുനിൽ കുമാർ, ഡെപ്യൂട്ടി കമ്മിഷണർ എൻ. ശ്രീധര ശർമ, അസി. എക്സി. എൻജിനിയർ വി.യു. ഉപ്പിലിയപ്പൻ, കോട്ടയം ഇലക്ട്രിക്കൽ ഓവർസിയർ ജയരാജ്, അസിസ്റ്റൻഡ് കമ്മിഷണർ സി.എസ്. പ്രവീൺ കുമാർ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ജെ.എസ് വിഷ്ണു, അസിസ്റ്റൻഡ് എൻജിനിയർ ജെസ്ന ചാക്യാരത്ത്, ഉദയനാപുരം സബ് ഗ്രൂപ്പ് ഓഫിസർ രാഹുൽ രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു. അഷ്ടമി ഉൽസവത്തിന് ക്ഷേത്രത്തിൽ നടത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് തീരുമാനമായി. ശബരിമല മണ്ഡലക്കാലം കുടിയാണ് അഷ്ടമിക്കാലം. ക്ഷേത്രത്തിലെ പ്രാതൽ പുര, പത്തായപ്പുര, കൃഷ്ണൻ കോവിൽ , തന്ത്രി മഠം, ക്യാമ്പ് ഷെഡ്, ഭജന മഠം   എന്നിവയുടെ അറ്റകുറ്റപണികൾ പൂർത്തിയാക്കുന്നതിനും തീരുമാനമായി. ചുറ്റമ്പലം, വിളക്കുമാടം എന്നിവ വൃത്തിയാക്കും. വലിയ കവലയിലെ ഓർണമെന്റൽ ഗേറ്റിലെ അറ്റകുറ്റ പണികളും പെയിന്റിംഗ് ജോലികളും തുടങ്ങി. ക്ഷേത്രവളപ്പിലെ പച്ചിലപടർപ്പുകളും മാലിന്യങ്ങളും നീക്കും. നിലവിലുള്ള 34 സി.സി.ടി.വി ക്യാമറകൾക്ക് പുറമെ 6 ക്യാമറകൾ കൂടി സ്ഥാപിക്കും. ഹൈമാസ്സ് ലൈറ്റുകൾ പൂർണ്ണമായി പ്രവർത്തന സജ്ജമാക്കും. നിലവിലുള്ള ശുചിമുറികളുടെ പോരായ്മകൾ പരിഹരിക്കുന്നതോടൊപ്പം കിഴക്കേ നടയിൽ 15 ബയോ ടോയ്ലറ്റുകൾ സ്ഥാപിക്കും. വടക്കേനടയിലെ പാർക്കിംഗ് ഗ്രൗണ്ടിലെ പോരായ്മകൾ പരിഹരിക്കും. പതിവ് രീതിയിൽ ഗജപൂജ, ആനയൂട്ട് പ്രാതൽ എന്നിവ നടത്തും. എഴാം ഉത്സവം മുതൽ അഷ്ടമി നാൾ വരെ ദേവസ്വം ബോർഡിന്റെ പ്രാതലാണ് നടത്തുക.  കൃഷ്ണൻ കോവിൽ റോഡിന്റെ അറ്റകുറ്റ പണികൾ പൂർത്തിയാക്കി ടൈൽ വിരിക്കും. ക്ഷേത്രത്തിൽ ദർശനത്തിന് എത്തുന്ന അയ്യപ്പ ഭക്തർക് വിരിവയ്ക്കുവാൻ ഊട്ടുപുര തുറന്നു കൊടുക്കും. ഒരേ സമയം 250 പേർക്ക് ഉട്ടുപുരയിൽ വിരിവയ്ക്കാം. അയ്യപ്പഭക്തർക്ക് പ്രാതലിലും അത്താഴ ഭക്ഷണത്തിലും പ്രത്യേക പരിഗണന നൽകും. കുടിവെള്ള സംവിധാനം ഒരുക്കുന്നതോടപ്പം ക്ഷേത്രക്കുളം വൃത്തിയാക്കി തുറന്നു കൊടുക്കും. ക്ഷേത്രവും അനുബന്ധ ഓഫിസ് കെട്ടിടങ്ങളും കൊട്ടാര സമുച്ചയവും  പെയിന്റ് ചെയ്യും. പൊലീസ് കൺട്രോൾ റൂമും വൈദ്യസഹായം എന്നിവക്കായി  ക്ഷേത്രത്തിനകത്ത് പ്രത്യേക സൗകര്യം ഒരുക്കും. വൈക്കം ക്ഷേത്രത്തിലെ ജീവനക്കരെ കൂടാതെ അധികമായി 70 ജീവനക്കാരെ സ്പെഷ്യൽ ഡ്യൂട്ടിക്കായി നിയോഗിക്കും.

ഏഴ് നില അലങ്കാരപ്പന്തൽ

അഷ്ടമി നാളിൽ എഴുന്നള്ളുന്ന ഉദയനാപുരത്തപ്പനെ വരവേൽക്കുന്നതിനായി കൊച്ചാലും ചുവട് ഭഗവതി സന്നിധാനത്ത് 7 നിലയിൽ അലങ്കാരപ്പന്തൽ ഒരുക്കും. വൈദ്യുതി ദീപങ്ങളാൽ പന്തൽ അലങ്കരിക്കും. നൂറ് കണക്കിന് നിലവിളക്കുകളും നിറപറകളും ഒരുക്കിയാണ് വരവേൽപ്പ് നൽകുന്നത്. അഷ്ടമിയുടെ ഭാഗമായി 30, ഡിസം 5,7,11 തീയതികളിൽ ശബരിമല മുൻ മേൽശാന്തി ഇണ്ടംതുരുത്തി മന നീലകണ്ഠൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ വിശേഷാൽ പൂജകൾ നടത്തും . വരവേൽപ്പിന്റെ നിധി സമാഹരണം എറണാകുളം യമുന പണിക്കർ നിർവഹിച്ചു. ചടങ്ങിൽ ഭാരാവാഹികളായ ടി.കെ. രമേഷ് കുമാർ, സുധാകരൻ കാലാക്കൽ, കെ.വി. പവിത്രൻ , ആർ. ശിവപ്രസാദ്, ഗോപകുമാർ, ഞള്ളയിൽ ജയൻ, ഹരികുമാർ തെക്കെനേഴം, അജിത് കുമാർ, ചന്ദ്രശേഖരൻ നായർ, അജിമോൻ എം. മധു, ദിലീപ് എന്നിവർ പ്രസംഗിച്ചു.

കൊച്ചാലും ചുവട്ടിൽ നിർമ്മിക്കുന്ന അലങ്കാരപ്പന്തലിന്റെ നിധി സമാഹരണം ഉദ്ഘാടനം എളംകുളം യമുനാ പണിക്കർ ക്ഷേത്രം സെക്രട്ടറി സുധാകരൻ കാലാക്കലിന് സംഭാവന കൈമാറി നല്കി നിർവഹിക്കുന്നു.