|
Loading Weather...
Follow Us:
BREAKING

അഷ്ടമിക്ക് സമാപനമായി ആറാട്ട്

അഷ്ടമിക്ക് സമാപനമായി ആറാട്ട്
വൈക്കം ക്ഷേത്രത്തിലെ ആറാട്ടെഴുന്നള്ളിപ്പ് ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ എത്തിയപ്പോൾ ഉദയനാപുരത്തപ്പൻ എഴുന്നളളി വൈക്കത്തപ്പനെ എതിരേറ്റ് ആറാട്ടിനായി ആനയിക്കുന്നു

ആർ. സുരേഷ്ബാബു

വൈക്കം: വൈക്കത്തഷ്ടമിയുടെ സമാപന ചടങ്ങായ ആറാട്ട് നടന്നു. തന്ത്രി മുഖ്യൻമാരായ കിഴക്കിനേടേത്ത് മേക്കാട് മാധവൻ നമ്പൂതിരി, ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ അനുജ്ഞാപൂജ ചെയ്ത് ആറാട്ട് ബലി തൂകിയ ശേഷം കൊടിക്കുറയിൽ നിന്നും വൈക്കത്തപ്പന്റെ ചൈതന്യം വിഗ്രഹത്തിലേക്ക് ആവാഹിച്ചു. വിശേഷാൽ പൂജകൾക്ക് ശേഷം  വൈക്കത്തപ്പനെ ആനപ്പുറത്തെഴുന്നള്ളിച്ചു. എഴുന്നള്ളിപ്പ് ഒരു പ്രദക്ഷിണത്തിന് ശേഷം കൊടിമര ചുവട്ടിൽ എത്തി പാർവതിദേവിയോട് യാത്ര ചോദിച്ച ശേഷമാണ്  വൈക്കത്തപ്പൻ ആറാട്ടിനായി ഗോപുരം ഇറങ്ങിയത്. ഉദയനാപുരം ക്ഷേത്രത്തിന്റെ തെക്കെ ഗോപുരനടയിൽ എത്തിയ വൈക്കത്തപ്പനെ പുത്രനായ ഉദയനാപുരത്തപ്പൻ ആചാരമനുസരിച്ച്  എഴുന്നള്ളി അരിയും പൂവും തൂകി എതിരലുറ്റു. വൈക്കത്തപ്പൻ കിഴക്കേ ഗോപുരം ഇറങ്ങി ആറാട്ടിനായി എഴുന്നള്ളി. ഉദയനാപുരം ഇരുമ്പൂഴിക്കരയിലെ ആറാട്ട് കുളത്തിൽ താന്ത്രിക വിധി പ്രകാരം വൈക്കത്തപ്പന്റെ ആറാട്ട് നടന്നു. വാദ്യമേളങ്ങളും സായുധ സേനയും അകമ്പടിയായി. ആറാട്ടിന് ശേഷം ഉദയനാപുരം ക്ഷേത്രത്തിൽ  കൂടിപ്പൂജ നടന്നു. ഉദയനാപുരത്തപ്പന്റെ ശ്രീകോവിലിൽ വൈക്കത്തപ്പന്റെയും ഉദയനാപുരത്തപ്പന്റെയും വിഗ്രഹങ്ങൾ ഒരേ പീഠത്തിൽ വച്ച് പൂജ ചെയ്യുന്ന  ചടങ്ങാണ് കൂടിപ്പൂജ. കൂടിപ്പൂജ വിളക്കിന് ശേഷം ഉദയനാപുരത്തപ്പനോട് വിട പറഞ്ഞ് വൈക്കത്തപ്പന്റെ എഴുന്നള്ളിപ്പ്  വൈക്കം ക്ഷേത്രത്തിലേക്ക് മടങ്ങി. ആറാട്ട്, ശ്രീഭൂതബലി, ഉൽസവബലി എന്നി വിശേഷപ്പെട്ട ചടങ്ങുകൾക്ക് മൂല വിഗ്രഹമാണ് എഴുന്നള്ളിപ്പിന് ഉപയോഗിക്കുക.