ഭക്തിയുടെ നിറദീപങ്ങളുമായി കാർത്തിക വിളക്ക്
ആർ.സുരേഷ്ബാബു
വൈക്കം: ഭക്തിയുടെ നിറവിൽ ഉദയനാപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ തൃക്കാർത്തിക വിളക്ക്. കാർത്തിക നാളിലെ പ്രത്യേക പൂജകൾക്ക് ശേഷം ഭഗവന്റെ തിടമ്പ് പുറത്തേക്ക് എഴുന്നള്ളിച്ചു. ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തൻ തിടമ്പേറ്റി. തലപൊക്കത്തിൽ മുൻപരായ നാല് ഗജവീരൻമാർ അകമ്പടിയായി. വലിയ ചട്ടം ഉപയോഗിച്ചുള്ള എഴുന്നള്ളിപ്പാണ് കാർത്തിക ദിനത്തിൽ നടക്കുന്നത്. കട്ടിമാലകളും പട്ടുടയാടകളും കൊണ്ടലങ്കരിച്ച വിഗ്രഹത്തിൽ നാലടിയോളം ഉയരം വരുന്ന സ്വർണ്ണ നിർമ്മിതമായ വേലും ചാർത്തിയിരുന്നു. ദേവസേനാപതിയുടെ രാജകീയ പ്രൗഡി നിറഞ്ഞ എഴുന്നള്ളത്തിന് നൂറുകണക്കിന് നിറദീപങ്ങൾ സാക്ഷിയായി. കാർത്തിക എഴുന്നള്ളിപ്പിന് സ്വർണ്ണ തലേക്കെട്ടും സ്വർണ്ണ കുടയും ഉപയോഗിച്ചു. തുറവൂർ നാരായണ പണിക്കർ, തിരുവൻ വണ്ടൂർ അഭിജിത്ത് വാര്യർ നാദസ്വരവും എസ്.പി. ശ്രികുമാർ, എസ്.പി. ഹരികുമാർ എന്നിവർ തകിലും ഒരുക്കിസംയുക്ത എൻ.എസ്.എസ് കരയോഗങ്ങളുടെ ആഭിമുഖ്യത്തിൽ നിലവിളക്കുകൾ തെളിച്ച് കരിക്കിൻ കുല, വാഴക്കുല, മുത്തുക്കുട തുടങ്ങിയ അലങ്കാരങ്ങൾ ഒരുക്കി ഉദയനാപുരത്തപ്പനെ വരവേറ്റു. വലിയ കാണിക്ക, വെടിക്കെട്ട് എന്നിയും നടന്നു. താരാക സുരൻ, ശൂരപത്മൻ എന്നീ അസുരൻമാരെ നിഗ്രഹിച്ചെത്തുന്ന സുബ്രഹ്മണ്യന് ദേവഗണങ്ങൾ ദീപങ്ങൾ തെളിച്ച് കാർത്തിക വിളക്കിൻ്റെ ഐതീഹ്യം.