|
Loading Weather...
Follow Us:
BREAKING

ചുമരുകളിൽ കൈയ്യൊപ്പ് ചാർത്തി മാഷ് പടിയിറങ്ങി

ചുമരുകളിൽ കൈയ്യൊപ്പ് ചാർത്തി മാഷ് പടിയിറങ്ങി
കൃഷ്ണൻകുട്ടി മാഷ് സ്ക്കൂളിലെ ചിത്രച്ചുമരിനരികിൽ

എസ്. സതീഷ്കുമാർ

തലയോലപ്പറമ്പ്: കൃഷ്ണൻകുട്ടി മാഷ് ചുമരിലെഴുതിയത് വർണ്ണങ്ങൾ ചാലിച്ച വെറും വരകളല്ല; അതൊരു ഓർമ്മക്കുറിപ്പാണ്, ഈ ചുമരുകൾ തലമുറകളുടെ മനസ്സിലേക്ക് പകരുന്ന ഓർമ്മച്ചിത്രങ്ങൾ. വിരമിക്കുന്നതിന് മുമ്പ് സർക്കാർ സ്കൂളിനായി ശ്രദ്ധേയമായ അപൂർവ്വ നേട്ടം സമ്മാനിച്ച ചിത്രകലാ അദ്ധ്യാപകനാണ് പുതുപ്പള്ളി സ്വദേശി എൻ.വി. കൃഷ്ണൻകുട്ടി. വൈക്കം തലയോലപ്പറമ്പ് എ.ജെ. ജോൺ മെമ്മോറിയൽ സർക്കാർ സ്കൂളിന് അപൂർവ്വ നേട്ടം സമ്മാനിച്ചാണ് മാഷ് പടിയിറങ്ങിയത്. സ്കൂളിലെ മുഴുവൻ ചുമരുകളിലും ചിത്രങ്ങൾ വരച്ചാണ് ഈ സ്കൂളിന് സംസ്ഥാനത്തെ ആദ്യ സമ്പൂർണ്ണ ചുമർ ചിത്ര ഹയർസെക്കൻ്ററി വിദ്യാലയം എന്ന വേറിട്ട അംഗീകാരം നേടിക്കൊടുത്തത്.

0:00
/0:21

സ്കൂളിലെ ചുമരുകളിൽ സമഗ്ര മേഖലകളേയും സ്പർശിക്കുന്ന ചിത്രങ്ങൾ. സ്കൂളിലെ ഈ സചിത്ര ലൈബ്രറി ഒരുക്കിയത് കഴിഞ്ഞ കൊവിഡ് കാലത്താണ്. വിരമിക്കുന്നതിന് മുമ്പ് എൻ.വി. കൃഷ്ണൻ കുട്ടി എന്ന ചിത്രകലാ അദ്ധ്യാപകൻ തൻ്റെ സ്കൂളിനായി സമർപ്പിച്ച സമ്മാനമാണ് ഈ ചിത്രങ്ങൾ. ഹയർസെക്കൻ്ററി സ്കൂൾ പ്രവർത്തിക്കുന്ന ഇരുനില കെട്ടിടത്തിൻ്റെ ചവിട്ടുപടിയിലെ ചുമരിൽ തുടങ്ങുന്ന പരിണാമ സിദ്ധാന്തത്തിൽ തുടങ്ങി സ്കൂൾ കെട്ടിട ചുമരിലാകെ ബഹിരാകാശം വരെ സമസ്തമേഖലകളെയും പ്രതിപാദിക്കുന്ന ചിത്രങ്ങളാണ് കൃഷ്ണൻ കുട്ടി മാഷിൻ്റെ രചന. പാഠ്യ, പാഠ്യേതര വിഷയങ്ങളും ചരിത്രം, സാഹിത്യം, ശാസ്ത്രം, കല തുടങ്ങി വിദ്യാർത്ഥികൾക്ക് അറിവും ഒപ്പം കൗതുകവും പകരുന്ന ചിത്രങ്ങളാണ് ഇങ്ങനെ വിദ്യാലയ ചുവരുകളിൽ നിറഞ്ഞത്.

2000 മുതൽ 2017 വരെ പാലക്കാട് കോഴിപ്പാറ ഹയർ സെക്കൻ്ററി സ്ക്കൂളിലെ സേവനത്തിന് ശേഷമാണ് കൃഷ്ണൻകുട്ടിമാഷ് 2018 ൽ തലയോലപറമ്പിൽ എത്തിയത്. കഴിഞ്ഞ വർഷം വിരമിക്കൽ സമയമടുത്തതോടെയാണ് മാഷ് സ്കൂളിൽ തൻ്റേതായ ഒരു അടയാളപ്പെടുത്തൽ വേണമെന്ന തീരുമാനമെടുത്തത്. തൊണ്ണൂറ്റിയൊന്ന് രാപ്പകലുകൾ ഇതിനായി മാറ്റിവച്ചു. ഒരു ലക്ഷത്തോളം രൂപ സ്വന്തമായി ചെലവഴിച്ചു. പ്രധാന അദ്ധ്യാപികയും അദ്ധ്യാപകരുമടക്കം ഒപ്പം നിന്നു. വരക്കാനറിയുന്ന മൂന്ന് വിദ്യാർത്ഥികളും സഹായത്തിനെത്തി. സ്കൂൾ പി.ടി.എ യും ചെറിയ സാമ്പത്തിക സഹായവുമായി ഒപ്പം ചേർന്നതോടെ സ്കൂളിന് ആദ്യ സമ്പൂർണ്ണ ചുവർചിത്ര ഹയർ സെക്കൻ്ററി സ്കൂൾ എന്ന നേട്ടം കുറിച്ചിട്ട് ഈ അദ്ധ്യാപകൻ സംതൃപ്തിയോടെ പടിയിറങ്ങി.