എലിവേറ്റഡ് ഹൈവേ: പഠനം നടത്താൻ കേന്ദ്രസർക്കാർ തീരുമാനം
കോട്ടയം: ദേശീയപാത 183–66 ബന്ധിപ്പിച്ച് കോട്ടയം–കുമരകം–വൈക്കം–തൃപ്പൂണിത്തുറ എലിവേറ്റഡ് ഹൈവേ ക്കായി പഠനം നടത്താൻ കേന്ദ്രസർക്കാർ തീരുമാനം. ദേശീയപാത 183 നേയും 66 നേയും ബന്ധിപ്പിച്ചുള്ള എലിവേറ്റഡ് ഹൈവെ നിർമ്മാണത്തിനായാണ് പഠനം. കോട്ടയം മുതൽ കുമരകം–വെച്ചൂർ–വൈക്കം വഴി തൃപ്പൂണിത്തുറയിലെത്തുന്ന പുതിയ എലിവേറ്റഡ് ഹൈവേ നിർമ്മാണത്തെക്കുറിച്ചുള്ള പഠനം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് നേരിട്ടാണ് നടത്തുക. കേന്ദ്രമന്ത്രി നിധിൻ ഗഡ്ഗരിയും ഫ്രാൻസിസ് ജോർജ് എം.പിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സർക്കാർ തീരുമാനം അറിയിച്ചത്. കോട്ടയം മുളങ്കുഴയിൽ നിന്ന് ആരംഭിച്ച് തൃപ്പൂണിത്തുറയിലെ എറണാകുളം ബൈപാസിൽ അവസാനിക്കുന്ന രീതിയിലുള്ള പാതക്കാണ് കരട് നിർദ്ദേശം ഉണ്ടായത്. ഏകദേശം 60 കിലോമീറ്റർ നീളമുള്ള എലിവേറ്റഡ് ഹൈവെ പുതിയ റോഡ് നിർമ്മിച്ച് പണിയാനാണ് നീക്കം. കോട്ടയം–കാഞ്ഞിരം–കുമരകം–കവണാറ്റിൻകര–കൈപ്പുഴമുട്ട്–തലയാഴം–വല്ലകം–കാട്ടിക്കുന്ന്–പൂത്തോട്ട–നടക്കാവ് വഴിയാണ് തൃപ്പൂണിത്തുറയിലേക്കുള്ള പാതയാക്കായുള്ള നിലവിലെ നിർദ്ദേശം. പാത വരുന്നതോടെ കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട ജില്ലകൾക്ക് ഏറെ പ്രയോജനപ്പെടും. ദേശീയപാത 183-ന്റെ ചെങ്ങന്നൂർ മുതൽ കോട്ടയം വഴി മുണ്ടക്കയം വരെയുള്ള ഭാഗം വീതി കൂട്ടി ആധുനിക നിലവാരത്തിൽ നവീകരിക്കുന്നതിനായി ദേശീയപാതാ അതോറിറ്റി നിയമിച്ച പുതിയ കൺസൾട്ടൻസി ജനുവരിയിൽ പഠനം ആരംഭിക്കും. കോട്ടയത്ത് കെ.കെ. റോഡിലും എം.സി. റോഡിലും അനുഭവപ്പെടുന്ന അതിരൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട വിശദമായ ചർച്ചകളും നടത്തിയതായി ഫ്രാൻസിസ് ജോർജ്
എം.പി അറിയിച്ചു. ചെങ്ങന്നൂർ മുതൽ കോട്ടയം ഐഡ ജംഗ്ഷൻ വരെ (ചെയിനേജ് 60 മുതൽ 106.700 വരെ) ഒന്നാം ഘട്ടമായും, ഐഡ ജംഗ്ഷൻ മുതൽ കെ.കെ. റോഡിലെ ചെങ്കൽ പള്ളി വരെ (106.700 മുതൽ 137 വരെ) രണ്ടാം ഘട്ടമായും, ചെങ്കൽ പള്ളി മുതൽ മുണ്ടക്കയം വരെ (137 മുതൽ 160 വരെ) മൂന്നാം ഘട്ടമായും നവീകരിക്കേണ്ട റോഡുകളെ പറ്റിയാണ് പഠനം. ഇതിനായി
ഐഡ ജംഗ്ഷൻ–ചെങ്കൽ പള്ളി ഭാഗത്തെ ഗതാഗത തിരക്ക് കണക്കിലെടുത്തും കോട്ടയം നഗരത്തിൽ റോഡ് വീതി കൂട്ടുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഗണിച്ചും നാട്ടകം–മുളങ്കുഴയിൽ നിന്ന് ആരംഭിച്ച് മണ്ണാത്തിപ്പാറയിൽ അവസാനിക്കുന്ന പുതിയ ബൈപാസ് നിർദേശവും ഈ പഠനത്തിൻ്റെ ഭാഗമാണ്.