|
Loading Weather...
Follow Us:
BREAKING

എട്ടങ്ങാടി ഒരുക്കി തിരുവാതിര ആഘോഷിക്കും

എട്ടങ്ങാടി ഒരുക്കി തിരുവാതിര ആഘോഷിക്കും

ആർ. സുരേഷ് ബാബു

വൈക്കം: എട്ടങ്ങാടി ഒരുക്കി തിരുവാതിരയാഘോഷിക്കുവാൻ ഒരുങ്ങുകയാണ് ഉദയനാപുരം ശ്രീദേവി വിലാസം എൻ.എസ്.എസ് വനിതാ സമാജം. പ്രത്യേക വൃതനിഷ്ഠയോടെ
മകയിരം നാളിൽ എട്ടങ്ങാടി വിഭവത്തിന് ഒരുക്കം തുടങ്ങും. മകയിരം നാളിൽ ചേന, ചേമ്പ്, കൂർക്ക, കാച്ചിൽ, മധുര കിഴങ്ങ്, ചെറുകിഴങ്ങ്, ഏത്തക്കാ, വൻപയർ എന്നിവ അഗ്നിയിൽ ചുട്ടും വറുത്തും വേവിച്ചുമാണ് എട്ടങ്ങാടി ഒരുക്കുന്നത്. ഒരുക്കിയ വിഭവത്തിൽ ശർക്കര, തേൻ, കരിമ്പ്, തെങ്ങ കൊത്ത് തുടങ്ങിയ വ ചേർക്കുന്നതോടെ എട്ടങ്ങാടി തയ്യാർ. ദീപം തെളിയിച്ച് ഗണപതിയേയും സരസ്വതിയേയും വന്ദിച്ച് അഷ്ടമംഗല്യം ദശപുഷ്പം എന്നിവ ഒരുക്കി വൈകിട്ട് 7ന് മഹാദേവനും പാർവതിക്കും വാഴയിലയിലും ചന്ദ്രന് പാത്രത്തിലും നിവേദ്യം നടത്തും. ചടങ്ങിനോടനുബന്ധിച്ച് പൂത്തിരുവാതിരയും തിരുവാതിര സ്നാനവും പാതിരപ്പൂ ചൂടലും നടുക്കും . ജനുവരി 3 ന് രാവിലെ 6ന് വൈക്കം ക്ഷേത്രത്തിൽ നടക്കുന്ന ആർദ്ര ദർശനത്തോടെ തിരുവാതിര വൃതം പൂർത്തിയാകും. ശ്രീദേവി വിലാസം
വനിതാ സമാജം പ്രവർത്തകർ നിരവധി വർഷമായി എട്ടങ്ങാടി ഒരുക്കി തിരുവാതിര ആഘോഷിച്ചവരുന്നു. ഭാരവാഹികളായ ജയ ഉണ്ണികൃഷ്ണൻ, ശ്രീജയ, ബിന്ദു തുടങ്ങിയവർ നേതൃത്വം നൽകും.
ആദ്യം ഭവനങ്ങളിൽ ആഘോഷിച്ചിരുന്ന തിരുവാതിരയാഘോഷം വനിതാ സമാജം പ്രവർത്തകർ ഏറ്റെടുത്തതോടെ കരയോഗം ഹാളിലായി. ശ്രീ പരമേശ്വരന്റെ ജൻമനക്ഷത്രമാണ് തിരുവാതിര. ഈ സുദിനത്തിൽ ശ്രീപാർവതി പരമേശ്വരന്റെ ദീർഘായുസ്സിനായി വൃതം അനുഷ്ഠിച്ചതായി ഐതിഹ്യം. സ്തീകൾ ഭർത്താക്കൻമാരുടെ യശസ്സിനും നെടുമംഗല്യത്തിനുമായും കന്യകമാർ ഉത്തമ ഭർത്താവിനെ ലഭിക്കുന്നതിനായും തിരുവാതിര വൃതം അനുഷ്ഠിച്ചു വരുന്നു.