ഗായകൻ ദേവാനന്ദിന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയോടൊപ്പം പിറന്നാളാഘോഷം

വൈക്കം: കേരളകൗമുദി കോട്ടയം യൂണിറ്റ് ഇന്നലെ വൈക്കത്ത് സംഘടിപ്പിച്ച ദമ്പതീ സംഗമത്തിൽ അതിഥികളായെത്തിയതായിരുന്നു പിന്നണി ഗായകൻ വി.ദേവാനന്ദും ഭാര്യ കീർത്തിയും. ദേവാനന്ദിന്റെ പിറന്നാളാണെന്നറിഞ്ഞ് കേരളകൗമുദി പ്രവർത്തകരാണ് പിറന്നാൾ കേക്ക് തയ്യാറാക്കി ആഘോഷത്തിന് കളമൊരുക്കിയത്. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ദേവാനന്ദും ഭാര്യ കീർത്തിയും ചേർന്ന് കേക്ക് മുറിച്ചു. ഇരുവർക്കും ജനറൽ സെക്രട്ടറി മധുരം നൽകി. തുടർന്ന് സംസാരിച്ച ദേവാനന്ദ് ഏതാനും പാട്ടുകളും പാടി.
ദമ്പതീ സംഗമമായിരുന്നു പരിപാടിയെന്നതിനാൽ രാക്കുയിലിൻ രാഗസദസ്സിൽ പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കളാകുന്ന ഭാര്യ എന്ന് തുടങ്ങുന്ന ഗാനം ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടതിനേ തുടർന്നാണ് ദേവാനന്ദ് പാടിയത്. പലപ്പോഴും സദസ്യരും ഒപ്പം ചേർന്നു. ദേവാനന്ദിനും കീർത്തിക്കും ജനറൽ സെക്രട്ടറി കേരളകൗമുദിക്ക് വേണ്ടി ഉപഹാരം നൽകി.
