ഹൃദ്യമായ കലാവിരുന്നായി രുഗ്മാംഗദ ചരിതം കഥകളി
വൈക്കം: വൈക്കം കഥകളി ക്ലബിന്റെ പ്രതിമാസ പരിപാടിയുടെ ഭാഗമായാണ് രുഗ്മാംഗദചരിതം കഥകളി നടത്തിയത്. ആസ്വാദകർക്ക് വിരുന്നായി മാറിയ കഥകളി വൈക്കം സത്യാഗ്രഹ സ്മാരക ഹാളിലാണ് നടന്നത്. പ്രശസ്തകലാ കാരന്മാർ ആടി തകർത്ത വേദിയിൽ രുഗ്മാംഗദനായി കലാമണ്ഡലം കൃഷ്ണകുമാറും, മോഹിനിയായി മാർഗ്ഗി വിജയകുമാറും അരങ്ങിലെത്തി. ബ്രാഹ്മണന്മാരായി പള്ളിപ്പുറം ജയശങ്കർ, മാസ്റ്റർ മനോമയ് കമ്മത്ത്, ധർമാംഗദൻ-ഡോ. ഗായത്രി ശ്രീകുമാർ, സന്ധ്യാവലി-പള്ളിപ്പുറം ജയശങ്കർ, മഹാവിഷ്ണു ആർ.എൽ.വി. അനുരാജ്, എന്നിവരും വേഷമിട്ടു. കഥകളി സംഗീതം കലാമണ്ഡലം വിനോദും, കലാമണ്ഡലം ശ്രീജിത്ത് മാരാരുമാണ് ആലപിച്ചത്. ചെണ്ട – കലാമണ്ഡലം വേണുമോഹൻ, മദ്ദളം-ബിജു ആറ്റുപുറവും ശ്രദ്ധേയമായി. ചുട്ടി – കലാനിലയം വിഷ്ണു. പള്ളിപ്പുറം ഉണ്ണികൃഷ്ണനും സംഘവും അണിയറയൊരുക്കിയ കഥകളി ആസ്വാദകർക്ക് നൽകിയത് വേറിട്ട അനുഭവമായിരുന്നു.