ഇലക്ഷൻ പ്രചരണ ബോർഡുകളടക്കം ഏപ്രിൽ 17 നകം നീക്കം ചെയ്യണം
വൈക്കം: ഇലക്ഷൻ പ്രചരണ ബോർഡുകളടക്കം ഏപ്രിൽ 17 നകം സ്വമേധയാ നീക്കണമെന്ന് വൈക്കം നഗരസഭ അറിയിപ്പ്. അല്ലാത്തപക്ഷം ഇവ നീക്കാനുള്ള ചെലവും പിഴയും അടച്ചാൽ മാത്രം പോര പോലീസ് കേസും ഉണ്ടാകും. നഗരസഭയിലെ പൊതുനിരത്തുകളിലും, പരിധിയിലുള്ള റോഡരികുകളിലും മറ്റിടങ്ങളിലും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഫ്ലക്‌സ് ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ എന്നിവ അടിയന്തരമായി നീക്കം ചെയ്യണമെന്നാണ് നഗരസഭ അറിയിക്കുന്നത്. കേരള ഹൈക്കോടതിയുടെ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് നടപടി. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാപിച്ചിട്ടുള്ള പ്രചരണ സാമഗ്രികളും, കൊടി തോരണങ്ങളും, താൽക്കാലിക പ്രചരണ ബൂത്ത് സംവിധാനങ്ങളും ഏപ്രിൽ 17 നകം ബന്ധപ്പെട്ട രാഷ്ട്രീയ കക്ഷികൾ സ്വന്തം ഉത്തരവാദിത്വത്തിൽ നീക്കം ചെയ്യേണമെന്നാണ് നഗരസഭ അറിയിപ്പ്. ഇലക്ഷൻ പ്രചരണ ബോർഡുകൾ മാത്രമല്ല നഗരസഭാ പരിധിയിലെ റോഡരികുകളിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള എല്ലാത്തരം പരസ്യ ബോർഡുകളും ബാനറുകളും ബന്ധപ്പെട്ടവർ 17-നകം സ്വമേധയാ നീക്കം ചെയ്യേണം. നിശ്ചിത സമയപരിധിക്കുള്ളിൽ നീക്കം ചെയ്യാത്ത ബോർഡുകൾ നഗരസഭ നേരിട്ട് നീക്കം ചെയ്യുന്നതും, അതിൻ്റെ ചിലവ് ബന്ധപ്പെട്ടവരിൽ നിന്നും ഈടാക്കുകയും ചെയ്യും. ഇത്തരക്കാർക്കെതിരെ കർശനമായ പിഴ ശിക്ഷകൾ ചുമത്തുന്നതിനൊപ്പം പോലീസ് കേസും ഉണ്ടാവുമെന്ന് വൈക്കം നഗരസഭ അറിയിച്ചു.
Comments ()