ഇടുക്കി ആർച്ച് ഡാം ഇനി കാൽനടയായി സന്ദർശിക്കാം!
വൈക്കം: ഇടുക്കി ഡാമിലെത്തുന്ന സഞ്ചാരികൾക്ക് സന്തോഷ വാർത്ത. ഇനി മുതൽ ഇടുക്കി ആർച്ച് ഡാം കാൽനടയായി നടന്നു കാണാൻ പൊതുജനങ്ങൾക്ക് അനുമതിയായി. ജലവിഭവ വകുപ്പ് മന്ത്രി റോഷി അറസ്റ്റിൻ ആണ് കാൽനട യാത്രയ്ക്കുള്ള ടിക്കറ്റ് വിതരണോദ്ഘാടനം നിർവഹിച്ചത്.
സഞ്ചാരികളുടെ വർധനവും എല്ലാവർക്കും ഡാം കാണാൻ അവസരം ലഭിക്കണം എന്നതും പരിഗണിച്ചാണ് ഈ സുപ്രധാന തീരുമാനം എടുത്തത്. കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സന്ദർശനം അനുവദിക്കുക.
- സന്ദർശന സമയം: ദിവസവും രാവിലെ 10:00 മുതൽ വൈകിട്ട് 3:30 വരെയാണ് പ്രവേശനം.
- കാൽനട യാത്രയുടെ ടിക്കറ്റ് നിരക്ക്: മുതിർന്നവർക്ക് 50 രൂപയും കുട്ടികൾക്ക് 30 രൂപയുമാണ് നിരക്ക്.
- ബഗ്ഗി കാർ നിരക്ക്: നേരത്തെ ഉണ്ടായിരുന്ന ബഗ്ഗി കാർ യാത്രയ്ക്ക് ഒരാൾക്ക് 150 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇതിനായി 8 ബഗ്ഗി കാറുകൾ സജ്ജീകരിച്ചിട്ടുണ്ട്.
ദിവസേന 3750 പേർക്കാണ് ഡാമിൽ സന്ദർശനാനുമതിയുള്ളത്.
- കാൽനട യാത്രയ്ക്കായി 2500 പേർക്ക് ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം.
- ബഗ്ഗി കാർ സേവനം പ്രയോജനപ്പെടുത്തി 1248 പേർക്ക് ഡാം സന്ദർശിക്കാം.
- ഓൺലൈൻ ബുക്കിംഗിന് ശേഷം ഒഴിവുണ്ടെങ്കിൽ സ്പോട്ട് ടിക്കറ്റ് ലഭിക്കും
നിലവിൽ നവംബർ 30 വരെയാണ് സന്ദർശനാനുമതി നൽകിയിട്ടുള്ളത്. www.keralahydeltourism.com എന്ന വെബ്സൈറ്റ് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ചെറുതോണി ഡാമിന്റെ പ്രവേശന കവാടത്തിന് സമീപം ടിക്കറ്റ് കൗണ്ടറും ഒരുക്കിയിട്ടുണ്ട്.
വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി മറ്റ് ഉന്നത ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരുമായി നടത്തിയ ചർച്ചകളുടെ ഫലമായാണ് മന്ത്രി റോഷി അഗസ്റ്റിൻ്റെ നിരന്തര ഇടപെടലിലൂടെ ഈ അനുമതി ലഭ്യമായത്.