ഇടയാഴത്ത് തിരുപ്പിറവിക്കായി പുൽക്കൂട് ഒരുങ്ങി
എസ്. സതീഷ്കുമാർ
വൈക്കം: ഇടയാഴം സെന്റ് ജോസഫ് ദേവാലയത്തിൽ ക്രിസ്തുമസ് ആഘോഷത്തോടനുബന്ധിച്ച് 1600 ചതുരശ്ര അടിയിൽ വലിയ പുൽക്കൂട് ഒരുങ്ങി. പ്രകാശ വിന്യാസത്തിലുള്ള ആകാശമാണ് പുൽക്കൂടിന് മുകളിൽ. ഉള്ളിൽ കടന്നാൽ പഴയകാല കൊട്ടാരവും ഗുഹയും കാണാം. ക്രിസ്തുദേവൻ ജനിച്ച സ്ഥലവും വെള്ളച്ചാട്ടവും മലകളും കൃഷിസ്ഥലങ്ങളും ഏറുമാടവും ഈ വലിയ പുൽക്കൂട്ടിലുണ്ട്. ഒന്നിലധികം ഗ്രാമങ്ങളും അവിടത്തെ കാഴ്ചകളും ചേർന്നാണ് പുൽക്കൂട് പള്ളി അങ്കണത്തിൽ കൗതുകമാകുന്നത്. പുൽക്കൂട്ടിലെ ദൃശ്യവിരുന്നുമായാണ് പള്ളിയങ്കണം തിരുപ്പിറവിയെ വരവേൽക്കുന്നത്. സ്നേഹദൂത്' 2025 എന്ന പേരിട്ട ക്രിസ്തുമസ് ആഘോഷം ഞായറാഴ്ച്ച വൈകിട്ട് 5.30 നടക്കുന്ന വിശുദ്ധ കുർബാനയോടെയാണ് തുടങ്ങുന്നത്.

ഇടവകയുടെ യുവജനങ്ങൾ ചേർന്നാണ് 45 ദിവസം കൊണ്ട് പുൽക്കൂട് ഒരുക്കിയത്. കേരളാ സംഗീത നാടക അക്കാദമി അവാർഡ് ജേതാവും വനിത തബലിസ്റ്റുമായ രത്നശ്രീ അയ്യർ ആഘോഷം ഉദ്ഘാടനം ചെയ്യും. പള്ളി വികാരി ഫാ. അബ്രഹാം മുക്കാലയിൽ ക്രിസ്തുമസ് സന്ദേശം നൽകും. പിന്നണി ഗായിക ഷൈമോൾ അലക്സ് വിശിഷ്ടാതിഥിയാകും. ജെയ്‌സൻ ആക്കാംപാടത്തിൻ്റെ നേതൃത്വത്തിൽ ഒരുക്കുന്ന ക്രിസ്‌തുമസ് ഗാനസന്ധ്യയും അരങ്ങേറും. ആഘോഷത്തിൻ്റെ ഭാഗമായുള്ള കേക്ക് കൗണ്ടറും ഫുഡ് കൗണ്ടറും പ്രത്യേകതയാണ്. പള്ളി വികാരി ഫാ. അബ്രഹാം മുകാലയിൽ, വൈസ് ചെയർമാൻ വിപിൻ വലിയകുളം, കൈക്കാരന്മാരായ ജോസ് കുറിച്ചിക്കുന്നേൽ, ബാബു മെമ്പടിക്കാട്ട് തുടങ്ങിയവരാണ് ആഘോഷത്തിനും ഒരുക്കത്തിനും നേതൃത്വം നൽകുന്നത്.