ജിയോളജി വകുപ്പിന്റെ അനാസ്ഥ: വൈക്കത്ത് കരമണൽ ഖനനം ചെയ്ത കുഴികൾ മൂടാൻ നടപടിയില്ല
എസ്. സതീഷ്കുമാർ
വൈക്കം: വൈക്കത്ത് ഒന്നര പതിറ്റാണ്ടു കഴിഞ്ഞിട്ടും കരമണൽ ഖനനം ചെയ്ത കുഴികൾ മൂടാൻ നടപടിയില്ല. ജിയോളജി വകുപ്പിന്റെ അനാസ്ഥയാണ് ഈകുഴികൾ മൂടാതെ കിടക്കുന്നതെന്നാണ് ആക്ഷേപം.
മറവന്തുരുത്ത്, ഉദയനാപുരം പഞ്ചായത്തുകളിലായി ഇരുപതോളം വലിയ മണൽ കുഴികൾ ആണ് മൂടാതെ കിടക്കുന്നത്. ഉദയനാപുരം പഞ്ചായത്തിൽ പടിഞ്ഞാറേക്കരയിൽ കോടതി വിധി വന്ന് ആറുവർഷം ജിയോളജി വകുപ്പിൽ കയറി ഇറങ്ങിയിട്ടും അമ്പത് സെൻ്റിൽ വ്യാപിച്ച് കിടക്കുന്ന മണൽ കുഴി മൂടാൻ ജിയോളജി വകുപ്പ് നടപടി എടുത്തിട്ടില്ല. പടിഞ്ഞാറേക്കര വടക്കേടത്ത് അജു പൗലോസിന്റെ വീടിനോട് ചേർന്നുള്ള കുഴിയാണ് 2019 ൽ നാലുമാസത്തിനകം മൂടണം എന്ന് ഹൈക്കോടതി ഉത്തരവിട്ടത്. വൈക്കത്തെ കരൽമണൽ ഖനനം വ്യാപകമായി നടന്ന 2003 മുതൽ 2008 വരെയുള്ള കാലത്താണ് ഇവിടെ യന്ത്രവൽകൃത കരമന ഖനനം നടന്നത്. മണൽ വാരിയ ശേഷം കുഴികൾ മൂടണം എന്ന വ്യവസ്ഥയിലാണ് ജിയോളജി വകുപ്പ് കരമണൽ വാരാൻ അനുമതി നൽകുന്നത്. എന്നാൽ 2008 മുതൽ 2018 വരെ അധികൃതരെ സമീപിച്ചിട്ടും കുഴികൾ മൂടാൻ നടപടിയെടുക്കാതെ വന്നതോടെയാണ് അജു പൗലോസ് ഹൈക്കോടതി സമീപിച്ചത്. തുടർന്നാണ് 2019ൽ നാലു മാസത്തിനകം കുഴി മൂടണം എന്ന് ഹൈക്കോടതി ഉത്തരവിട്ടത്. ആറു വർഷമായി ജിയോളജി വകുപ്പിലും ജില്ലാ കളക്ടർക്കും പരാതി നൽകിയിട്ട് നടപടി ഉണ്ടായില്ലെന്നാണ് അജു പൗലോസിന്റെ പരാതി. സ്കൂൾ വിദ്യാർത്ഥികളായ മൂന്നു മക്കളുമായാണ് ഈ കുടുംബം ഈ അപകട കുഴിക്ക് സമീപത്തെ വീട്ടിൽ താമസിക്കുന്നത്. വീടിൻ്റെ ആറ് മീറ്റർ ഭാഗത്തെ ചുറ്റും മതിലിന്റെ ഒരു ഭാഗം ഇടിഞ്ഞുപോയി. വീടിനോട് ചേർന്നല്ലെങ്കിലും 50 സെന്റോളം വ്യാപിച്ചു കിടക്കുന്ന ഈ മണൽ കുഴി കുടുംബത്തിന് അപകട ഭീഷണിയാണെന്നാണ് പരാതി. പരാതിയുമായി മുന്നോട്ടു പോയതോടെ കുടുംബത്തിന് നേരെ ഭീഷണി ഉണ്ടായതായും അജു പൗലോസ് പറയുന്നു. വെച്ചൂർ സ്വദേശിയായ ഒരാളുടെ പേരിലാണ് ഇവിടെ മണൽ ഖനത്തിനായി ലൈസൻസ് എടുത്തിരുന്നത്. ഉദയനാപുരം, മറവന്തുരുത്ത് മേഖലകളിലായി നിരവധി മണൽ കുഴികളാണ് ഇങ്ങനെ വെള്ളം നിറഞ്ഞ് അപകട ഭീഷണിയായി കിടക്കുന്നത്.
Comments ()