ജനുവരി 10ന് ദൃശ്യവിസ്മയം ഒരുക്കി വ്യാഴം
എസ്. സതീഷ്കുമാർ
വ്യാഴം ഭൂമിക്ക് അഭിമുഖമായി വരുന്നു ജനുവരി പത്തിന്. ജ്യോതി ശാസ്ത്ര മേഖലക്കും വാനനിരീക്ഷകർക്കും കാഴ്ചവിരുന്നാവും അന്ന് മാനത്ത് ദൃശ്യമാവുക. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴം ജനുവരി 10നാണ് ഭൂമിക്ക് നേർവിപരീതമായി വരുന്നത്. സൂര്യനും വ്യാഴത്തിനും മധ്യത്തിലായി ഭൂമി വരുന്ന ഈ ദിവസം, വ്യാഴം ഭൂമിക്ക് ഏറ്റവും അടുത്തായിരിക്കും. ആകാശത്ത് മുഴുവൻ സമയവും അസാധാരണമായ തിളക്കത്തോടെ വ്യാഴത്തെ കാണാനും സാധിക്കും. ടെലിസ്കോപ്പിലൂടെ വ്യാഴത്തിലെ വർണ്ണമേഖലകളും (Cloud bands), നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ഭീമൻ കൊടുങ്കാറ്റായ ഗ്രേറ്റ് റെഡ് സ്പോട്ട്' (Great Red Spot ) ഉും വ്യാഴത്തിന്റെ വലിയ നാല് ചന്ദ്രന്മാരായ അയോ, യൂറോപ്പ, ഗാനിമീഡ്, കാലിസ്റ്റോ എന്നിവയെയും നിരീക്ഷിക്കുന്നതിന് ഏറ്റവും പറ്റിയ സമയമാകും ജനുവരി പത്ത്. മനോഹരമായ വളയങ്ങളുള്ള ശനി (Saturn) ഗ്രഹത്തെയും, രാത്രിയിലെ അത്ഭുതക്കാഴ്ചയായ ഓറിയോൺ നെബുലയെയും (Orion Nebula ) അന്ന് കാണാം. മാനത്തെ ഈ മനോഹരമായ ദൃശ്യവിസ്മയം ആസ്വദിക്കുന്നതിനായി ആസ്ട്രോ കേരള കോട്ടയം ചാപ്റ്റർ നാട്ടകം - പാറച്ചാൽ ബൈപാസിൽ അന്ന് പൊതുജനങ്ങൾക്കായി വാനനിരീക്ഷണത്തിന് സൗകര്യമൊരുക്കും.