കേന്ദ്രം ഞെരുക്കിയിട്ടും കേരളം എല്ലാ രംഗത്തും മുന്നിൽ: അഡ്വ. വി.കെ. സന്തോഷ് കുമാർ
വൈക്കം: കേന്ദ്രം സാമ്പത്തികമായി ന്തെരുക്കിയിട്ടും വികസനവും ക്ഷേമ പദ്ധതികളും ഒരു തടസ്സവുമില്ലാതെ നടപ്പിലാക്കുകയാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാരെന്ന് സി.പി.ഐ. ജില്ലാ സെക്രട്ടറി അഡ്വ.വി.കെ. സന്തോഷ് കുമാർ. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ഭാഗമായി എൽ.ഡി.എഫ്. ടി.വിപുരത്ത് സംഘടിപ്പിച്ച പഞ്ചായത്ത് റാലിയെ തുടർന്നു നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ വിദ്യാഭ്യാസത്തിനും സപ്ലൈക്കോയ്ക്കും ആരോഗ്യരംഗത്തും പശ്ചാത്തല വികസനത്തിനും ചെലവഴിക്കാനുള്ള കോടിക്കണത്തിന് രൂപയാണ് കേന്ദ്രം തടഞ്ഞു വെച്ചിരിക്കുന്നത്. ഈ വിധത്തിൽ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കിയിട്ടും വ്യവസായ രംഗത്തും ഗ്രാമവികസനത്തിനും ഉൾപ്പെടെ എല്ലാ മേഖലയിലും നേട്ടം കൈവരിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമായി എൽ.ഡി.എഫ്. സർക്കാർ കേരളത്തെ മാറ്റിയെന്നും വി.കെ. സന്തോഷ്കുമാർ കൂട്ടിച്ചേർത്തു. മൂത്തേടത്തുകാവിൽ നടന്ന സമ്മേളനത്തിൽ എൽ.ഡി.എഫ്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മറ്റി പ്രസിഡൻ്റ് എം.എസ്. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ.എൻ സാലിമോൻ, എൽ.ഡി.എഫ്. നേതാക്കളായ ലീനമ്മ ഉദയകുമാർ, പി. ശശിധരൻ, പി. പ്രദീപ്, ടെൽസൺ തോമസ്, എസ്. ബിജു, കെ.കെ. ശശികുമാർ, പി. ഹരിദാസ്, കവിത റെജി, കെ.വി. നടരാജൻ, എസ്. അനീഷ്, കെ.വി പ്രസന്നൻ എന്നിവർ പ്രസംഗിച്ചു. ടി.വി പുരം വാതപ്പള്ളിയിൽ നിന്നും ആരംഭിച്ച റാലിയിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.