|
Loading Weather...
Follow Us:
BREAKING

മലയാളികളുടെ മനം കവർന്ന് വിദേശ ദമ്പതികൾ

മലയാളികളുടെ മനം കവർന്ന് വിദേശ ദമ്പതികൾ
മാറ്റിഫെർനോണും നിക്കോണും വീടാക്കി മാറ്റിയ കാറിന് മുന്നിൽ

സുഭാഷ് ഗോപി

വൈക്കം: കാർ വീടാക്കിയൊരുക്കി ലോകം ചുറ്റുന്ന വിദേശിയരായ യുവദമ്പതികൾ കേരളീയരുടെ മനം കവരുന്നു. ഓസ്ട്രേലിയൻ സ്വദേശിയായ 36കാരനായ മാറ്റി ഫെർനോണും 31 കാരിയായ ബ്രസീലിയൻ സ്വദേശി നിക്കോലിയുമാണ് കാറിലേറി ലോകം ചുറ്റുന്നതിൻ്റെ ഭാഗമായി വൈക്കത്തെത്തിയത്. മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദധാരിയായ മാറ്റിക്ക് ലണ്ടനിൽ റസ്റ്റോറന്റുണ്ട്. 40രാജ്യങ്ങൾ ഇതിനകം ചുറ്റിക്കണ്ട മാറ്റി ഫെർനോൺ ഒരു യാത്രയ്ക്കിടയിലാണ് മാർക്കറ്റിംഗിൽ ബിരുദധാരിയായ നിക്കോലിയെ പരിചയപ്പെട്ടത്. സൗഹൃദം പ്രണയത്തിലേക്ക് വഴി മാറിയതോടെ 2024 ഒക്ടോബറിൽ ഇരുവരും ലോകം ചുറ്റാൻ കാറിലേറി. മെക്കാനിക്കൽ എഞ്ചിനിയറായ മാറ്റി ഇതിനായി തൻ്റെ ടൊയോട്ട ലാൻഡ് ക്രൂയിസർ 78 സീരിയസിൽ ആവശ്യമായ ക്രമീകരണം വരുത്തി ഭക്ഷണം പാകം ചെയ്യാനും കുളിക്കാനും ഉറങ്ങാനുമൊക്കെ സൗകര്യമൊരുക്കി. വൈദ്യുതിയ്ക്കായി വാഹനത്തിൻ്റെ മുകളിൽ സോളാർ പാനൽ സ്ഥാപിച്ചിട്ടുണ്ട്. ഓസ്ട്രേലിയയിലെ മെൽബൺ തുറമുഖത്തു നിന്ന് കപ്പലിലേറിയാണ് ഇന്ത്യയിലെത്തിയത്. കേരളത്തിലെത്തിയ ശേഷം കണ്ണൂരും വയനാടും ചുറ്റിക്കറങ്ങി. വയനാട്ടിലെ വട്ടക്കര ഗ്രാമത്തിലെത്തിയപ്പോൾ പ്രദേശവാസികളായ ദിയാൻ, രാഹുൽ എന്നിവരെ പരിചയപ്പെട്ടു. ഇവരുടെ സ്നേഹപൂർവമായ നിർബന്ധത്തിന് വഴങ്ങി അവരുടെ സുഹൃത്തായ അരുണിൻ്റെ കേരള തനിമയോടെയുള്ള വിവാഹത്തിൽ പങ്കെടുത്ത് അഞ്ച് ദിവസം മലയാളി കുടുംബത്തിൻ്റെ സ്നേഹത്തണലിൽ ഉണ്ടുറങ്ങി കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും അനുസ്മരണീയമായ അനുഭവമാണെന്ന് മാറ്റിയും നിക്കോലിയും പറയുന്നു. സിംഗപ്പൂരിലെ ബിസിനസുകാരനായ സിദ്ധാർഥൻ ബന്ധുവും വൈക്കത്ത് വിനോദ സഞ്ചാരമേഖലയിൽ വ്യാപൃതനുമായ മധുസൂദനനെ ബന്ധപ്പെട്ട് ഇവർക്ക് ആവശ്യമായ സൗകര്യം ചെയ്തു കൊടുക്കണമെന്നാവശ്യപ്പെട്ടതിനെ തുടർന്ന് ഇവർ കൊച്ചിയിലെത്തിയപ്പോൾ ഊഷ്മളമളമായി വരവേൽക്കാൻ മധുസൂദനനും ഭാര്യ വിദ്യയും കാത്തു നിന്നിരുന്നു. വൈക്കത്തെത്തിയ ശേഷം മുണ്ടാറിലേക്ക് ടൂർ ഓപ്പറേർമാരായ ബേബി, വാസുദേവൻ എന്നിവർക്കൊപ്പം മുണ്ടാർ ചുറ്റി ആമ്പൽ വസന്തം കണ്ട് നാട്ടുതോട്ടിലൂടെ തലയാഴം, വെച്ചൂർ ഭാഗങ്ങൾ കറങ്ങി. ഉച്ചയോടെ തോട്ടകം ആറ്റുതീരത്തെത്തി കരിമീനും കാളാഞ്ചിയും ചെമ്മീൻ വിഭവങ്ങളും കൂട്ടി ഊണ് കഴിച്ച് മനസ് നിറച്ചു. വൈക്കത്ത് നിന്ന് ജങ്കാറിലേറി കായൽകടന്ന് മറുകരയിലെത്തിയ മാറ്റിയും നിക്കോലിയും ആലപ്പുഴയുടെ സൗന്ദര്യം നുകർന്നു മറ്റ് ജില്ലകളും കടന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് കടക്കും. മാർച്ച് ആദ്യം ഹിമാലയം സന്ദർശിച്ച് നേപ്പാളിലൂടെ മറ്റ് രാജ്യങ്ങളിലേക്ക് യാത്ര തുടരും.