🔴 BREAKING..

സി.അച്യുതമേനോൻ കേരളത്തിൻ്റെ മുഖച്ഛായ മാറ്റിയ മുഖ്യമന്ത്രി - ബിനോയ് വിശ്വം

സി.അച്യുതമേനോൻ കേരളത്തിൻ്റെ മുഖച്ഛായ മാറ്റിയ മുഖ്യമന്ത്രി - ബിനോയ് വിശ്വം
സി.പി.ഐ കോട്ടയം ജില്ലാ സമ്മേളനത്തിനോട് അനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ ബിനോയ് വിശ്വം പ്രസംഗിക്കുന്നു

വൈക്കം: കേരളം ഇന്ന് സ്വന്തമാക്കിയ എല്ലാ നേട്ടങ്ങളുടെയും വിത്തുപാകിയത് സി.പി.ഐ നേതൃത്വം നൽകിയ ഇടതുപക്ഷ ഗവൺമെൻ്റാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.  സി.പി.ഐ കോട്ടയം ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.ഐ നേതാവ് സി. അച്യുതമേനോനായിരുന്നു ആ മുഖ്യമന്ത്രി. 1969 ലേയും 70 ലേയും സർക്കാരുകളായിരുന്നു അത്. ഇടതിൻ്റെ ചരിത്രം പറയുന്നവർ കേരളത്തിൻ്റെ ഈ സുവർണ്ണകാലത്തെ മനപ്പൂർവ്വം വിസ്മരിക്കുന്നു. അത് മാർക്സിസ്റ്റ് വീക്ഷണമല്ല. അച്യുതമേനോൻ നേതൃത്വം നൽകിയ ഗവൺമെൻ്റുകൾ ഇടതുപക്ഷ ഗവൺമെൻ്റുകളായിരുന്നു. ഒരു സർക്കാരിൻ്റെ നിലപാടുകളാണ് ആ സർക്കാരിൻ്റെ പക്ഷം നിശ്ചയിക്കുന്നത്. ഇന്ത്യയിൽ ജന്മിത്വത്തിൻ്റെ വേരറുത്ത എക സംസ്ഥാനം കേരളമാണ്. അത് അച്യുതമേനോൻ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. കേരളത്തിൽ കിടപ്പാടമില്ലാത്ത ഒരാളും ഉണ്ടാവരുതെന്ന അന്നത്തെ സർക്കാരിൻ്റെ നിശ്ചയദാർഢ്യത്തിൽ നിന്നുരുത്തിരിഞ്ഞതാണ് വീടില്ലാത്തവർക്കായി സംസ്ഥാനത്ത് ഒരു ലക്ഷം വീടുകൾ എന്ന ലക്ഷം വീട് പദ്ധതി. അതിൻ്റെ തുടർച്ചയാണ് ഇപ്പോഴത്തെ ലൈഫ് പദ്ധതി. കേരളം ഇന്നും ഹരിത കേരളമായി തുടരുന്നതിന് വഴിയൊരുക്കി സ്വകാര്യ മേഖലയിലായിരുന്ന ലക്ഷക്കണക്കിന് ഏക്കർ വനഭൂമി ഒരു രൂപ പോലും പ്രതിഫലം നൽകാതെ ഏറ്റെടുത്ത് ജനങ്ങളുടേതാക്കിയത് അച്യുതമേനോൻ്റെ കാലത്താണ്. ആ സർക്കാരുകൾ ഇടതുപക്ഷമല്ലെന്ന് പറയുന്നതിന് പിന്നിൽ ഭിന്നിപ്പിൻ്റെ മഹാവ്യാധിയാണ്. അത് മാറേണ്ട കാലം കഴിഞ്ഞു. അതിന് പരിഹാരം ലയനമല്ല. അങ്ങനെയൊരു വാക്ക് സി.പി.ഐയുടെ നിഘണ്ടുവിലില്ല. സി.പി.ഐയും സി.പി.എമ്മുമടക്കം  ഭിന്നിച്ചു നിൽക്കുന്ന എല്ലാ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടേയും പുനരേകീകരണമാണ് വേണ്ടത്. ആ ലക്ഷ്യം പ്രഖ്യാപിക്കപ്പെടണം. അത് രാജ്യത്തെ പാവങ്ങൾക്ക് ജീവിക്കാനുള്ള പ്രതീക്ഷ നൽകുന്ന ഒന്നായിരിക്കുമെന്ന് ബിനോയ് വിശ്വം പറഞ്ഞു. ബോട്ട് ജെട്ടി മൈതാനിയിൽ ചേർന്ന സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി അഡ്വ.വി.ബി. ബിനു അദ്ധ്യക്ഷനായിരുന്നു. മന്ത്രി കെ. രാജൻ, അഡ്വ. ആർ. രാജേന്ദ്രൻ, സി.കെ. ശശിധരൻ, ടി.വി. ബാലൻ, ആർ. സുശീലൻ, ലീനമ്മ ഉദയകുമാർ, അഡ്വ. വി.കെ. സന്തോഷ്കുമാർ. ജോൺ വി. ജോസഫ്, മോഹൻ ചേന്ദംകുളം, ഒ. പി. എ സലാം, ടി.എൻ. രമേശൻ, കെ. അജിത്ത് എക്സ് എം.എൽ.എ,  സി.കെ. ആശ എം.എൽ.എ തുടങ്ങിയവർ പ്രസംഗിച്ചു. എം.ഡി. ബാബുരാജ് സ്വാഗതവും സാബു.പി. മണലൊടി നന്ദിയും പറഞ്ഞു.