കല്ലറ പൊലീസ് സ്‌റ്റേഷൻ നിർമാണം പൂർത്തിയായി
എസ്. സതീഷ്കുമാർ
വൈക്കം: കല്ലറയിലെ പൊലീസ് സ്‌റ്റേഷൻ നിർമാണം പൂർത്തിയായി. കുറവിലങ്ങാട് ചേർത്തല മിനി ഹൈവേക്ക് അരികിൽ ചന്തപ്പറമ്പിൽ 3750 ചതുരശ്ര അടിയിൽ മൂന്നു നിലകളിലായിട്ടാണ് പുതിയ പോലീസ് സ്‌റ്റേഷൻ. പോലീസ് സ്‌റ്റേഷനായി 30 സെന്റ് സ്ഥലവും 2250 ചതുരശ്ര അടിയുള്ള രണ്ടുനില കെട്ടിടവും കല്ലറ ഗ്രാമപഞ്ചായത്ത് ആഭ്യന്തരവകുപ്പിന് വിട്ടുനൽകിയിരുന്നു. കല്ലറ ഗ്രാമപഞ്ചായത്തിന്റെ 2019-2020 പ്ലാൻ ഫണ്ടിൽ നിന്ന് അനുവദിച്ച 33.66 ലക്ഷം വിനിയോഗിച്ചാണ് രണ്ടുനിലകെട്ടിടം നിർമിച്ചത്. ഒരു നിലയും പോർച്ച് അടക്കമുള്ള സൗകര്യങ്ങളുമായി 1500 അടി കൂട്ടിച്ചേർത്താണ് കെട്ടിടം വിപുലമാക്കിയത്. സ്റ്റേഷൻ ഹൗസ് ഓഫിസർ, സബ് ഇൻസ്‌പെക്ടർ എന്നിവരുടെ മുറികൾ, ഓഫിസ് മുറികൾ, വിശ്രമ മുറി, ലോക്കപ്പ്, തൊണ്ടി മുതൽ സൂക്ഷിക്കുന്നതിനുളള മുറി, ശുചിമുറികൾ എന്നിവയടക്കമുള്ള ക്രമീകരണങ്ങൾ സജ്ജമാക്കി. കെട്ടിടം വിപുലീകരിക്കുന്നതിനും സ്‌റ്റേഷനിലെ സൗകര്യങ്ങൾ ഒരുക്കുന്നതിനും സി.കെ. ആശ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 36.50 ലക്ഷം രൂപ അനുവദിച്ചിരുന്നു. വൈക്കം, കടുത്തുരുത്തി പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലുള്ള പ്രദേശങ്ങൾ ഉൾപ്പെടുത്തിയാണ് പുതിയ സ്‌റ്റേഷൻ നിലവിൽ വരുന്നത്. എന്നാൽ പേര് കല്ലറ പോലീസ് സ്‌റ്റേഷൻ എന്നാക്കുന്നതിനും അതിർത്തി നിർണയത്തിനുമായി ഗസറ്റ് വിജ്ഞാപന നടപടികൾ ഇനി പൂർത്തിയാകണം.