കല്ലറയിൽ പുതിയ പൊലീസ് സ്റ്റേഷൻ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു
വൈക്കം: കല്ലറയിൽ പുതിയതായി നിർമിച്ച പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിച്ചു. പോലീസ് സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ സംസ്ഥാന സർക്കാർ പ്രത്യേക പരിഗണന നൽകുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള പൊലീസിന് ജനസൗഹൃദ മുഖം നൽകാൻ സാധിച്ചത് സംസ്ഥാന സർക്കാരിന്റെ പ്രധാന നേട്ടങ്ങളിലൊന്നാണ്.

പൊലീസ് സ്റ്റേഷനുകളുമായി ബന്ധപ്പെട്ട പഴയ സങ്കൽപ്പം തന്നെ മാറിയിരിക്കുന്നു. പരാതിയുമായി വരുന്നവർക്ക് വേണ്ട എല്ലാ സഹായവും നൽകുന്നതിനായി ഹെൽപ് ഡെസ്‌ക് ഉൾപ്പെടെയുളള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും ഭിന്നശേഷിക്കാർക്കുമായി പ്രത്യേക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കല്ലറ പൊലീസ് സ്റ്റേഷൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ സി.കെ. ആശ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പൊലീസ് മേധാവി എ. ഷാഹുൽ ഹമീദ്, വൈക്കം ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പി.എസ്. ഷിജു, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസ്, കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിനി അഗസ്റ്റിൻ, ബ്ലോക്ക് പഞ്ചായത്തംഗം മിനിമോൾ ബാബു, ഗ്രാമപഞ്ചായത്തംഗം ടിന്റു ജോസഫ്, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് ജോണി തോട്ടുങ്കൽ, കേരള പൊലീസ് സീനിയർ ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ. സദൻ, കേരള പൊലീസ് സീനിയർ ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ പ്രേംജി കെ. നായർ, കേരള പൊലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്, കെ.എൻ. അജിത്കുമാർ, മുൻ വൈക്കം ഡി.വൈ.എസ്പി സിബിച്ചൻ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.