നിയമസഭാ തിരഞ്ഞെടുപ്പ്: പോളിംഗ് 75 ശതമാനം കടന്നു
എസ്. സതീഷ്കുമാർ
കോട്ടയം: സംസ്ഥാനത്ത് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പോളിംഗ് 75 ശതമാനം കടന്നു. രാവിലെ മുതൽ പോളിംഗ് ബൂത്തിലേക്ക് വോട്ടർമാർ ഒഴുകിയെത്തുന്ന കാഴ്ചയാണ് കണ്ടത്.കോട്ടയത്തും രാവിലെ മുതൽ പോളിഗ് സ്റ്റേഷനുകളിൽ വോട്ടർമാർ സമ്മതിദാനം രേഖപ്പെടുത്താൻ നിരയിൽ സ്ഥാനം പിടിച്ചിരുന്നു.
കോട്ടയത്തും 72 ശതമാനത്തിലധികം വോട്ടിംഗ് നടന്നിട്ടുണ്ട്. കോട്ടയം ജില്ലയിൽ വൈക്കത്താണ് ഏറ്റവും കൂടുതൽ പോളിംഗ് കണക്കാക്കിയിരിക്കുന്നത്. 76.74 ശതമാനമാണ് അഞ്ചര വരെയുള്ള വൈക്കത്തെ പോളിംഗ്. വൈക്കത്ത് മൂന്ന് മുന്നണി സ്ഥാനാർത്ഥികളും ആദ്യ മണിക്കൂറുകളിൽ തന്നെ വോട്ട് രേഖപ്പെടുത്തി. കൃത്യം ഏഴുമണിക്ക് തന്നെ ഇടതുപക്ഷ സ്ഥാനാർത്ഥി പി. പ്രദീപ് ഭാര്യക്കൊപ്പം ചാലപ്പറമ്പ് ടി.കെ.എം സ്കൂളിൽ എത്തിയപ്പോൾ തന്നെ ബൂത്തുകൾക്ക് മുമ്പിൽ വോട്ടർമാരുടെ നിര രൂപപ്പെപ്പെട്ടിരുന്നു. വോട്ട് ചെയ്ത ശേഷം വിജയപ്രതീക്ഷ പി. പ്രദീപ് വൈക്കം വാർത്തയോട് പങ്കുവെച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി താൻ പഠിച്ച തലയാഴത്തെ വെച്ചുർ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിലാണ് ഏഴരയോടെ വോട്ട് രേഖപ്പെടുത്താൻ എത്തിയത്. യു.ഡി.എഫ് പ്രവർത്തകരും ബിനിമോനൊപ്പം എത്തിയിരുന്നു. സ്കൂളിലെ രണ്ട് ബൂത്തുകളിലും സ്ത്രീകളുടെയും പുരുഷന്മാരുടെയും നീണ്ട നിര കാണാൻ എന്തായിരുന്നു. വൈക്കത്ത് തൻ്റെ വിജയം ഉറപ്പിച്ചു എന്ന ആത്മവിശ്വാസം ബിനിമോൻ വൈക്കം വാർത്തയുമായി പങ്കുവെച്ചു. എൻ.ഡി.എ സ്ഥാനാർത്ഥി കെ. അജിത്തും താൻ പഠിച്ച വൈക്കം ടൗൺ എൽ.പി സ്കൂളിലാണ് എട്ടുമണിക്ക് മുമ്പ് തന്നെ വോട്ട് രേഖപ്പെടുത്താൻ എത്തിയത്. ഭാര്യയ്ക്കും മകൾക്കും ഒപ്പം എത്തിയാണ് അജിത്ത് വോട്ട് ചെയ്തത്. എന്നാൽ ബൂത്തിലെ പോളിങ്ങില്‍ ഉണ്ടായ താമസം മൂലം കുറച്ച് സമയം കാത്തുനിന്ന ശേഷമാണ് അജിത്തിനും കുടുംബത്തിനും വോട്ട് ചെയ്യാനായത്. ഉദ്യോഗസ്ഥരുടെ വീഴ്ച മൂലമാണ് പോളിങ്ങിൽ കാലതാമസം ഉണ്ടായതെന്നും ഇത് പോളിങ്ങിനെ ബാധിക്കും എന്നും പറഞ്ഞ അജിത്ത് വിജയം ഉറപ്പിച്ചു എന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഗായിക വൈക്കം വിജയലക്ഷ്മി ഉദയനാപുരം വടക്കേമുറി വില്ലേജ് ഓഫീസിലെ ബൂത്തിലും സംവിധായകൻ തരുൺ മൂർത്തി ചാലപ്പറമ്പ് സ്കൂളിലെ ബൂത്തിലും വോട്ട് രേഖപ്പെടുത്തി. വോട്ട് ചെയ്ത ശേഷം ഗായിക വിജയലക്ഷ്മി എല്ലാ സ്ഥാനാർത്ഥികൾക്കും വിജയം ആശംസിച്ചു.
Comments ()