|
Loading Weather...
Follow Us:
BREAKING

കൊടിക്കൂറകളൊരുങ്ങി: സമർപ്പണം 23ന്

കൊടിക്കൂറകളൊരുങ്ങി: സമർപ്പണം 23ന്
വൈക്കത്തഷ്ടമിക്കും ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൃക്കാർത്തികക്കും കൊടിയേറ്റിനുള്ള കൊടിക്കൂറയുടെ അവസാന ഘട്ട മിനുക്കുപണികൾ സാജൻ പൂർത്തിയാക്കുന്നു

ആർ.സുരേഷ് ബാബു

വൈക്കം: വൈക്കം മഹാദേവരുടെ ദേവമുദ്ര ആലേഖനം ചെയ്ത കൊടിക്കൂറ സാജൻ്റെ പണിപ്പുരയിൽ അവസാന മിനുക്കുപണികളിലാണ്. 23ന് ക്ഷേത്രനടയിൽ സമർപ്പിക്കും. ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവത്തിൻ്റെ കൊടിക്കൂറയുടെ നിർമ്മാണവും ഒപ്പം പൂർത്തിയാകുന്നുണ്ട്. ചെങ്ങന്നൂർ പാണംപറമ്പിൽ സാജൻ നിർമ്മിക്കുന്ന രണ്ട് കൊടിക്കൂറകളും ഒരേ ദിവസമാണ് ക്ഷേത്രനടകളിൽ സമർപ്പിക്കുക. ഉദയനാപുരം ക്ഷേത്രത്തിൽ രാവിലെ 8.30 നും 9.30 നും ഇടയ്ക്കും വൈക്കം ക്ഷേത്രത്തിൽ രാവിലെ 9.30 നും 10.30 നും ഇടയിലുമാണ് കൊടിക്കൂറയുടെ സമർപ്പണം നടക്കുക. വൈക്കം എക്സലൻൻ്റ് ഉടമ വൈക്കപ്രയാർ ആലുങ്കൽ പ്രതാപചന്ദ്രനാണ് ഇരു ക്ഷേത്രങ്ങളിലും കൊടിക്കൂറ വഴിപാടായി സമർപ്പിക്കുന്നത്. കൊടിക്കൂറ കിഴക്കേ ഗോപുരനടയിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ എഴുന്നള്ളിച്ച് ക്ഷേത്ര കൊടിമരച്ചുവട്ടിൽ സമർപ്പിക്കും. ദേവസ്വം ഭാരവാഹികൾ കൊടിക്കൂറ ഏറ്റ് വാങ്ങി അവകാശിയായ മൂസതിനെ ഏല്പിക്കും. അഞ്ചര മീറ്റർ നീളത്തിൽ നവഗ്രഹ സങ്കല്പത്തിൽ ഒൻപത് വർണ്ണങ്ങളിലായി നിർമ്മിക്കുന്ന കൊടി കൂറയിലെ ഏഴു നിറം മൂന്ന് തവണ ആവർത്തിച്ച് ഇരുപത്തിയൊന്ന് കോളമായാണ് കൊടിക്കൂറയുടെ നിർമ്മാണം. വൈക്കം ക്ഷേത്രത്തിലെ കൊടിക്കൂറയിൽ നന്ദികേശൻ, തൃക്കണ്ണ്, വലിയ കുമിള, കാളാഞ്ചി, ഓട്ടുമണി, മാൻ എന്നിവയും ഉദയനാപുരം ക്ഷേത്രത്തിലെ കൊടിക്കുറയിൽ ചന്ദ്രക്കല, വെള്ളി കുമിള, ഓം, മയിൽവാഹനം, കാളാഞ്ചി, ഓട്ടുമണി എന്നിവയും ആലേഖനം ചെയ്യും. ശബരിമല ഉൾപ്പടെ നിരവധി ക്ഷേത്രങ്ങളിൽ കൊടിക്കൂറ നിർമ്മിച്ചിട്ടുള്ള സാജനാണ് വർഷങ്ങളായി വൈക്കത്തെയും ഉദയനാപുരത്തെയും കൊടിക്കൂറ തയ്യാറാക്കുന്നത്.