കൊടിയേറി: വൈക്കത്ത് ഇനി ഉത്സവമേളം
ആർ.സുരേഷ്ബാബു
വൈക്കം: പഞ്ചാക്ഷരിയുടെയും വേദമന്ത്രങ്ങളുടേയും നിറവിൽ മഹാദേവർക്ക് കൊടിയേറ്റ്. മഹാദേവക്ഷേത്രത്തിലെ സ്വർണ്ണ ധ്വജത്തിൽ ശ്രീമഹാദേവൻ്റെ ദേവമുദ്ര ആലേഖനം ചെയ്ത കൊടിക്കൂറ ഉയർന്നത് ആചാരപ്രകാരം ഉത്തരദിക്കിൽ. തന്ത്രിമുഖ്യന്മാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനിയേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ സാന്നിധ്യത്തിൽ തന്ത്രി ഭദ്രകാളി മറ്റപ്പള്ളി പരമേശ്വരൻ നമ്പൂതിരിയാണ് കൊടിയേറ്റിയത്. വൈക്കം ക്ഷേത്രത്തിലെ രണ്ട് തന്ത്രിമാരിൽ ഭദ്രകാളി മറ്റപ്പള്ളി തന്ത്രിയാണ് കൊടിയേറ്റുന്നതെങ്കിൽ ധ്വജത്തിൻ്റെ ഉത്തര ദിക്കിലും മേക്കാടനാണെങ്കിൽ ദക്ഷിണദിക്കിലുമാണ് ആചാരമനുസരിച്ച് കൊടിയേറുക. ഉഷ:പൂജ, എതൃത്തപൂജ, പന്തീരടി പൂജ എന്നിവക്ക് ശേഷം ശ്രീകോവിലിൽ നിന്ന് ദേവചൈതന്യം അവാഹിച്ച കൊടിക്കൂറ കൊടിമരച്ചുവട്ടിലേക്ക് എഴുന്നള്ളിച്ചു. ബലിക്കൽപുരയിൽ നടന്ന ചടങ്ങുകൾക്ക് ശേഷം 6.44 നാണ് കൊടിയേറ്റ് നടന്നത്. നിലവിളക്കും നിറപറയും നെറ്റിപ്പട്ടം കെട്ടിയ മൂന്ന് ഗജവീരൻമാരും രണ്ട് സ്വർണ്ണക്കുടകളും വാദ്യമേളങ്ങളും കൊടിയേറ്റിന് അകമ്പടിയായി. മേൽശാന്തിമാരായ ടി.ഡി. നാരായണൻ നമ്പൂതിരി, ടി.എസ്. നാരായണൻ നമ്പൂതിരി, ശ്രീധരൻ നമ്പൂതിരി, അനുപ് നമ്പൂതിരി, കീഴ്ശാന്തിമാരായ ഏറാഞ്ചേരി ദേവൻ നമ്പൂതിരി, കൊളായി നാരായണൻ നമ്പൂതിരി, എന്നിവർ സഹകാർമ്മികരായി.
കെടാവിളക്ക് തെളിഞ്ഞു
കൊടിയേറ്റിനെ തുടർന്ന് കൊടിമരച്ചുവട്ടിലെ കെടാവിളക്കിൽ ദേവസ്വം കമ്മിഷണർ ബി. സുനിൽകുമാർ ദീപം തെളിച്ചു. അസിസ്റ്റൻഡ് കമ്മിഷണർ സി.എസ്. പ്രവീൺകുമാർ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ജെ.എസ്. വിഷ്ണു, അഡ്വക്കേറ്റ് കമ്മിഷണർ പി. രാജിവ് എന്നിവർ പങ്കെടുത്തു.

കലാമണ്ഡപത്തിൽ ദീപം തെളിഞ്ഞു
സിനിമ നടൻ ദിലിപ്, ഗൗരി നന്ദന എന്നിവർ ചേർന്ന് കലാമണ്ഡപത്തിൽ ദീപം തെളിച്ചു. ആറാട്ട് വരെ ഇനി കലാമണ്ഡപം സജീവമായിരിക്കും.

ക്ഷേത്രത്തിൽ ഇന്ന്
12.30 ന് ശ്രീപാദസ്തുതി, 1.30 ന് ശിവാനന്ദലഹരി, 2 ന് പാരായണം, 3 ന് തിരുവാതിര, 4 ന് പാട്ടുകച്ചേരി, 5ന് ഭജൻസ്, 5.45 മുതൽ തിരുവാതിര, 8.15 ന് ഭരതനാട്യം, 9ന് കൊടിപ്പുറത്ത് വിളക്ക്.