|
Loading Weather...
Follow Us:
BREAKING

കൃഷിയിൽ നൂറുമേനി നേടി സുന്ദരൻ നളന്ദ

കൃഷിയിൽ നൂറുമേനി നേടി സുന്ദരൻ നളന്ദ
സുന്ദരൻനളന്ദ നടത്തിയ പടവലം കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം മറവൻതുരുത്ത് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.സി.തങ്കരാജ് നിർവഹിക്കുന്നു

മറവൻതുരുത്ത്: പടവലം, മത്തൻ കൃഷിയിൽ നൂറുമേനി നേടി സുന്ദരൻ നളന്ദ. 76 കാരനായ വൈക്കം മറവൻതുരുത്ത് കുലശേഖരമംഗലം നളന്ദയിൽ സുന്ദരൻ അരനൂറ്റാണ്ടിലധികമായി സമ്മിശ്ര കൃഷിയിൽ വ്യാപൃതനാണ്.
കൃഷിയിലെ ലാഭ നഷ്ടങ്ങളെക്കുറിച്ച് ചിന്തിക്കാതെ സുന്ദരമായി കൃഷി ചെയ്യുന്നത് തൻ്റെ നിയോഗമാണെന്ന് കരുതുന്നയാളാണ് ജൈവ പച്ചക്കറി കർഷകനായ സുന്ദരൻ നളന്ദ. സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി മറവൻതുരുത്ത് പഞ്ചായത്ത്, കൃഷിഭവൻ എന്നിവയുടെ സഹകരണത്തോടെ
ഒരേക്കറിൽ നീളക്കുറവുള്ള പടവലം, മത്തൻ, കുക്കുമ്പർ, പയർ, കപ്പ തുടങ്ങിയവയാണ് സുന്ദരൻ കൃഷി ചെയ്തിരിക്കുന്നത്. ഇതിൽ പടവലം, മത്തൻ എന്നിവയുടെ വിളവെടുപ്പ് ഇന്നലെ ആരംഭിച്ചു. രണ്ടു ദിവസം കൂടുമ്പോൾ 35 കിലോ പടവലമാണ് വിൽക്കുന്നത്. ടോളിലെ വെജിറ്റബിൾ പ്രമോഷൻ കൗൺസിലിൻ്റെ വിപണനശാലയിലും നാനാടത്തേയും വൈക്കത്തേയും പച്ചക്കറി കടകളിലുമാണ് പടവലവും മത്തനും വിൽക്കുന്നത്. കോഴിവളം, ചാണകം തുടങ്ങിയവ വളമായി ഉപയോഗിച്ച് വിളയിക്കുന്ന പച്ചക്കറികൾക്ക് വിപണിയിലും പ്രിയമേറെയാണ്. മറവൻതുരുത്ത് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.സി. തങ്കരാജ് പടവലം, മത്തൻ എന്നിവയുടെ വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു. വാർഡ്മെമ്പർ സീമാ ബിനു, പഞ്ചായത്ത് അംഗം കെ.എസ്. വേണുഗോപാൽ, കൃഷി ഓഫീസർ ആശ എ. നായർ, കൃഷി അസിസ്റ്റൻ്റ് കെ.സി. മനു, കർഷകരായ രാജപ്പൻ അരുൺഭവനം, മോഹനൻ അമ്പാടി, സജി തട്ടാൻ്റെതറ, വിജയൻ പ്ലാക്കത്തറ തുടങ്ങിയവർ സംബന്ധിച്ചു. കാർഷിക മേഖലയിലെ സുന്ദരൻ നളന്ദയുടെ മാതൃകാപരമായ പ്രവർത്തനത്തെ കണക്കിലെടുത്ത് വൈക്കം ബ്ലോക്ക് പഞ്ചായത്തും മറവൻതുരുത്ത്
പഞ്ചായത്തും മികച്ച പച്ചക്കറി കർഷകനായി നിരവധി തവണ ആദരിച്ചിട്ടുണ്ട്. കൃഷിയോടുള്ള സുന്ദരൻ നളന്ദയുടെ സമർപ്പണത്തിന് കുടുംബവും പഞ്ചായത്ത്, കൃഷിഭവൻ അധികൃതരും പൂർണ പിന്തുണയും പ്രോത്സാഹനവും നൽകുന്നു.