കരവിരുതിലെ കൗതുകം: പിന്നാലെ ജീവിതം അറിഞ്ഞ നൊമ്പരം
എസ്. സതീഷ്കുമാർ
വൈക്കം: നമുക്ക് പൈതൃകമായി ലഭിച്ച കരവിരുതിലെ കൗതുകം. പിന്നെ ജീവിതത്തിൻ്റെ പരുക്കൻ യാഥാർത്ഥ്യങ്ങൾ അടുത്തറിഞ്ഞതിൻ്റെ വേദനയും.ഒരു സ്കൂളിലെ കുട്ടികൾക്ക് പുതിയ അനുഭവവും ജീവിത പാഠങ്ങളും പകർന്ന രണ്ട് വ്യത്യസ്ഥ മേഖലകൾ. പുതുതലമുറകൾ കാണേണ്ടതും അനുഭവിച്ചറിയേണ്ടതുമാണിത്. എന്താണെന്നല്ലേ? പറയാം.മറവന്തുരുത്ത് ഗവ. യൂ .പി.സ്കൂളിലെ കുട്ടികൾ വടയാറിലെത്തിയത് അന്യംനിന്ന് പോകുന്ന തൊഴിൽ മേഖലയായ കളിമൺ പാത്രങ്ങളുടെ നിർമ്മാണ രീതികൾ പഴയ തലമുറയിൽ നിന്ന് നേരിട്ട് മനസ്സിലാക്കാൻ വേണ്ടിയായിരുന്നു. കളിമണ്ണ് തിരഞ്ഞെടുക്കുന്ന രീതികളും മിശ്രിതമാക്കുന്നതും കണ്ടു. പിന്നെ അത് കൊണ്ടുള്ള പല നിർമ്മാണങ്ങൾ കുട്ടികൾക്ക് പറഞ്ഞു കൊടുത്ത് തൊഴിലാളികളായ രാജനും രാമസ്വാമിയും ഒപ്പം കൂടിയത് കുട്ടികൾ ആവേശമായി. ഒരുപാട് വാത്സല്യത്തോടെ അവർ കുഞ്ഞിക്കൈകൾ കൊണ്ട് കളിമൺ ശിൽപ്പങ്ങൾ നിർമ്മിക്കാൻ സഹായിച്ചു. തങ്ങളുടെ കൈകളിലൂടെ കളിമണ്ണിൽ വിരിഞ്ഞ വിസ്മയങ്ങളിൽ ചില്ലറ സന്തോഷമല്ല അവർക്കുണ്ടായത്. പിന്നെ ആഹ്ലാദം കൊണ്ട് കുട്ടികളുടെ ആർപ്പുവിളിയായിരുന്നു. കളിമൺ നിർമ്മാണ കൗതുകത്തിൻ്റെ കാഴ്ചയും അനുഭവവും തങ്ങൾക്ക് നൽകിയ തൊഴിലാളികൾക്ക് പുതു വസ്ത്രങ്ങൾ നൽകിയും പൊന്നാട അണിയിച്ചുമാണ് കുരുന്നുകൾ അവരോട് യാത്ര പറഞ്ഞത്. പുതുവസ്ത്രങ്ങളും കേക്കും പാട്ടുമായി പിന്നെ തുറുവേലിക്കുന്നിലെ ജീവനിലയത്തിലേക്കാണ് കുട്ടികൾ പോയത്.

ജീവനിലയം മാനേജിങ് ട്രസ്റ്റി അഡ്വ. ബെന്നി കുര്യാക്കോസും സെക്രട്ടറി ജേക്കബ് പൂതവേലിലും കുട്ടികളെ സ്വീകരിച്ചു. ജീവനിലയത്തിൽ എത്തിയ കുട്ടികളും അന്തേവാസികളും പാട്ടുകൾ പാടി. കേക്കും പുതുവസ്ത്രങ്ങളും കുട്ടികൾ അന്തേവാസികൾക്ക് നൽകി. ചായസൽക്കാരം സ്വീകരിച്ച് മടങ്ങുമ്പോൾ കളിചിരികൾ മങ്ങിയ ഇളം മനസ്സുകളിൽ വേദന തിങ്ങി. കണ്ണ് നിറഞ്ഞ് കുരുന്നുകൾ ക്രിസ്തുമസ് പുതുവൽസര ആശംസകൾ നേർന്ന് മടങ്ങിയപ്പോൾ നേതൃത്വം നൽകിയ അധ്യാപകൻ സി.പി. പ്രമോദ്, പി.ടി.എ പ്രസിഡന്റ് അഡ്വ. പി.ആർ. പ്രമോദ്, വൈസ് ചെയർമാൻ വി.പി. ജയകുമാർ, എസ്.എം.സി. ചെയർമാൻ ആർ. ഗിരിമോൻ, അധ്യാപകരായ ബോബി ജോസ്, ഐശ്വര്യ വി, സൗദ നവാസ്, രത്നമ്മ, വിജയൻ എന്നിവരുടെ മനസ്സിലും സംതൃപ്തിക്കൊപ്പം അത് ഒരു നൊമ്പരമായി. നാടിൻ്റെ പൈതൃകത്തിൽ അഭിമാനിച്ചും ആരോരുമില്ലാതായവരുടെ വേദനയിൽ കണ്ണ് നിറഞ്ഞും കടന്നുപോയ ഒരു ദിനമായിരുന്നു രണ്ട് തലമുറകൾക്ക് അത്.