|
Loading Weather...
Follow Us:
BREAKING

ക്ഷേത്രനഗരിയുടെ തീരാകളങ്കമായി അന്ധകാരത്തോട്

ക്ഷേത്രനഗരിയുടെ തീരാകളങ്കമായി അന്ധകാരത്തോട്
മാലിന്യം നിറഞ്ഞ് അന്ധകാരത്തോട്

എസ്. സതീഷ്കുമാർ

വൈക്കം: ക്ഷേത്രനഗരിക്ക് കളങ്കമായി അന്ധകാരത്തോട്. മാലിന്യവാഹിനിയായി നഗരവാസികൾക്ക്‌ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉയർത്തുന്ന അന്ധകാരത്തോട് പുതിയ നഗരസഭാ കൗൺസിലിന് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളിയാണ്. അന്ധകാരത്തോട് കടന്നുപോകുന്ന വാർഡുകളിലെ കൗൺസിലർമാരെല്ലാവരും തന്നെ വോട്ടർമാരെ സമീപിച്ചത് അന്ധകാരത്തോടിൻ്റെ ശാപമോക്ഷം ഉറപ്പ് നൽകിയാണ്. നീരൊഴുക്ക് നിലച്ച് മാലിന്യം നിറഞ്ഞുകിടക്കുന്ന അന്ധകാരത്തോട് കൊതുക് അടക്കം മറ്റ് എല്ലാ രോഗവാഹക ജീവികളുടേയും താവളമാണ്.

0:00
/0:33

ഒരുകാലത്ത് ഇന്ത്യയൊട്ടാകെയും വിദേശ രാജ്യങ്ങളിലുമെല്ലാം വൈക്കം സാന്നിദ്ധ്യമറിയിച്ചത് വൈക്കം സത്യഗ്രഹം എന്ന സമരേതിഹാസത്തിലൂടെയായിരുന്നു. ആ സമരചരിത്രത്തിൻ്റെ ഭാഗം കൂടിയായ ഒരു തോടാണ് നഗരത്തിൻ്റെ നടുക്ക് ദുർഗന്ധവും രോഗവും പരത്തുന്ന 'അന്ധകാര' തോടായി വർഷങ്ങളായി തുടരുന്നത്. ആറ് അടിയോളം താഴ്ചയുണ്ടായിരുന്ന തോട് മാലിന്യം നിറഞ്ഞ് വെള്ളത്തിന് കറുത്ത നിറമായനിലയിലാണ്. ഒഴുക്കില്ലാത്ത തോട്ടിലേക്ക്‌ സമീപപ്രദേശങ്ങളിൽ നിന്ന് ഒഴുകിവരുന്ന അഴുക്കുവെള്ളം കെട്ടിക്കിടക്കുന്നതും തോട്ടിൽനിന്ന്‌ ദുർഗന്ധം വമിക്കാൻ കാരണമാണ്. കുട്ടികൾക്കും മുതിർന്നവർക്കും രോഗം വ്യാപകമായിട്ടും ആരോഗ്യ വകുപ്പോ നഗരസഭയയോ തിരിഞ്ഞ് നോക്കിയിട്ടില്ല. സഹികെട്ട നാട്ടുകാർ ചേർന്ന് ഇപ്പോൾ കൊതുകളെ നശിപ്പിക്കാനുള്ള ശ്രമത്തിലാണ്. കൊതുകുശല്യം മൂലം പരിസരവാസികൾക്ക് വീടുകളിൽ താമാസിക്കാൻ കഴിയാത്ത സ്ഥിതിയിലാണ്. അതിനു പുറമെയാണ് പകർച്ചവ്യാധി ഭീഷണി. കൈയേറ്റവും വൻതോതിൽ ഹോട്ടൽ ആശുപത്രി മാലിന്യം തള്ളലുമാണ് തോടിന്റെ ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണം. മുമ്പുണ്ടായിരുന്ന കൗൺസിലിന്റെ കാലത്ത് ലക്ഷങ്ങൾ മുടക്കി അശാസ്ത്രീയമായ രീതിയിലാണ് തോട് നവീകരിച്ചതെന്നാണ് പരാതി. തോടിന്റെ അടിഭാഗം കോൺക്രീറ്റ് ചെയ്തതിനാൽ യന്ത്രം ഉപയോഗിച്ച് മാലിന്യം നീക്കംചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. യന്ത്രം ഉപയോഗിക്കുമ്പോൾ തീരം ഇടിയുന്ന സാഹചര്യവും മുമ്പ് ഉണ്ടായിട്ടുണ്ട്. മഴപെയ്താൽ നിലവിൽ കെട്ടിക്കിടക്കുന്ന മാലിന്യം തോടുനിറഞ്ഞ് സമീപത്തെ വീടുകളിലും റോഡുകളിലും കയറും. താൽക്കാലികമായി മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് മാലിന്യവും കൊതുക് കൂത്താടികളും ഒഴുക്കി രോഗഭീതി ഒഴിവാക്കണമെന്നാണ് ആവശ്യം. അല്ലാത്തപക്ഷം പ്രദേശത്ത് പകർച്ചവ്വാധി വ്യാപകമാവും. തോട് നീരൊഴുക്കുള്ളതാക്കുകയും തോട്ടിലേക്ക് മാലിന്യം തള്ളുളുന്നത് തടയാൻ നടപടി വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
ഓരോ വർഷവും ലക്ഷങ്ങൾ ഈ തോടിൻ്റെ പേരിൽ വക കൊള്ളിക്കുന്നത് മാത്രമാണ് നഗരസഭയുടെ നടപടി.