കടന്തേരി കേക്ക് പുതുവൽസര വിപണിയിലിറക്കി
എസ്. സതീഷ്കുമാർ
കടുത്തുരുത്തി: കടുത്തുരുത്തിയിൽ സംസ്ഥാനത്തെ ആദ്യ കൂൺ ഗ്രാമം നിർമ്മിച്ച കടന്തേരി കേക്ക് പുതുവൽസര വിപണിയിലിറക്കി. സമഗ്ര കൂൺ ഗ്രാമംപദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ ആരംഭിച്ച 20 കൂൺ ഗ്രാമങ്ങളിൽ, പദ്ധതി ആദ്യമായി പൂർത്തീകരിച്ച കോട്ടയം ജില്ലയിലെ കടുത്തുരുത്തി കൂൺ ഗ്രാമത്തിന്റെ പുതിയ സംരംഭമാണ് കടന്തേരി ബ്രാൻഡിലുള്ള ഈ കൂൺ കേക്ക്. സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ - കേരള നടപ്പിലാക്കുന്ന പദ്ധതിയാണ് കൂൺ ഗ്രാമങ്ങൾ.
പുതുവർഷത്തോടനുബന്ധിച്ച്, കടുത്തുരുത്തി കൂൺ ഗ്രാമം കടന്തേരി ബ്രാൻസിൽ നിർമ്മിച്ച കൂൺ കേക്ക് വിപണിയിലിറക്കിയതിൻ്റെ ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി പി. പ്രസാദാണ് നിർവഹിച്ചത്. കഴിഞ്ഞ ഒക്ടോബർ 21-ന് കടുത്തുരുത്തിയിൽ നടന്ന കൂൺ ഗ്രാമം പദ്ധതി സംസ്ഥാനതലത്തിൽ ആദ്യം പൂർത്തീകരിച്ചതിൻ്റെ പ്രഖ്യാപന വേദിയിൽ മന്ത്രിയുടെ നിർദേശ പ്രകാരമാണ് മൂല്യവർദ്ധിത ഉൽപന്നമായി ഈ കൂൺ കേക്ക് നിർമ്മിച്ചത്. കൂൺ ഗ്രാമം മുമ്പ് കൂൺ ബൺ, ചമ്മന്തിപ്പൊടി, അച്ചാർ, കട്‌ലറ്റ് തുടങ്ങിയവയും വിപണിയിൽ ഇറക്കിയിരുന്നു. ചടങ്ങിൽ മോൻസ് ജോസഫ് എം.എൽ.എ. ആമുഖപ്രസംഗം നടത്തി. കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയ് ജോർജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗ്ഗീസ്, ജില്ലാ പഞ്ചായത്ത് അംഗം ആൻമരിയ, ഉഴവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാഞ്ഞൂർ മോഹൻകുമാർ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ജോ ജോസ് സി, പ്രോജക്റ്റ് ഡയറക്ടർ (ആത്മ) മിനി ജോർജ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ (ഹോർട്ടികൾച്ചർ) ഡോ. ലെൻസി തോമസ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ സ്വപ്ന ടി.ആർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കടന്തേരി കൂൺ ഗ്രാമം പ്രസിഡന്റ് സണ്ണി ജോസ്, സെക്രട്ടറി മാത്യു തുടങ്ങിയവർ പങ്കെടുത്തു.