കുലവാഴ പുറപ്പാട് ഭക്തിസാന്ദ്രം
ആർ. സുരേഷ്ബാബു
വൈക്കം: ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാർത്തിക ഉത്സവത്തിന്റെ ഭാഗമായി നടത്തിയ കുലവാഴ പുറപാട് ഭക്തി നിർഭരമായി. ഉദയനാപുരത്തെ സംയുക്ത എൻ.എസ്.എസ് കരയോഗങ്ങളുടെ ആഭിമുഖ്യത്തിൽ നടക്കുന്ന കുലവാഴ പുറപ്പാട് താലപ്പൊലി വിവിധ വാദ്യമേളങ്ങൾ, ഗജവിരൻ എന്നിവയുടെ അകമ്പടിയോടെ ക്ഷേത്രത്തിൽ പ്രവേശിച്ചു. പടിഞ്ഞാറെമുറി കരയോഗത്തിന്റെ കുലവാഴ പുറപ്പാട് ശ്രീനാരായണ പുരം ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് ക്ഷേത്രത്തിലെത്തി പടിഞ്ഞാറ് ഭാഗത്ത് കെട്ടി അലങ്കരിച്ചു. കിഴക്കേമുറിയുടെത് ഇരുമ്പൂഴിക്കര എൻ.എസ്.എസ് കരയോഗം ഓഫിസിൽ നിന്നും പുറപ്പെട്ട് ക്ഷേത്രത്തിലെത്തി കിഴക്കുഭാഗത്തും വടക്കേമുറി കരയോഗം പടിക്കൽ ഭഗവതി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് ക്ഷേത്രത്തിലെത്തി വടക്കുഭാഗത്തും, തെക്കേ മുറി കരയോഗത്തിന്റെ കുലവാഴ പുറപ്പാട് കൊച്ചു ഭഗവതിക്കൽ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് ക്ഷേത്രത്തിലെത്തി തെക്കുഭാഗവും കെട്ടി അലങ്കരിച്ചു. വിവിധ കരയോഗം ഭാരവാഹികളായ അശോക് ബി. നായർ, മനോജ് തച്ചാട്ട്, ആർ. വിജയകുമാർ, ജി.വി.കെ നായർ ആർ.രവികുമാർ അയ്യേരി സോമൻ, ഗിരിജ മണികണ്ഠൻ, രേണുക, എം.സി. ഹരിക്കുട്ടൻ, എം.ആർ. അനിൽകുമാർ, എൻ. ശിവൻ നായർ, ആർ. ശശികുമാർ, ചന്ദ്രമോഹൻ എന്നിവർ നേതൃത്വം നൽകി.