കുടുംബശ്രീ ഭക്ഷ്യമേളയ്ക്ക് തുടക്കമായി
വൈക്കം: കുടുംബശ്രീ ജില്ലാ മിഷന്റെയും നബാര്‍ഡിന്റെയും സംയുക്താഭിമുഖ്യത്തിൽ വൈക്കം കായലോര ബീച്ചിൽ സംഘടിപ്പിക്കുന്ന കഫേ കുടുംബശ്രീ ഭക്ഷ്യമേളയ്ക്ക് തുടക്കമായി. 28ന് സമാപിക്കും. വിവിധ ജില്ലകളില്‍ നിന്നുള്ള കുടുംബശ്രീ സംരംഭകര്‍ പങ്കാളികളാകുന്ന മേളരുചിയുടെ വൈവിധ്യവും കുടുംബശ്രീയുടെ സംരംഭകശേഷിയും വെളിവാക്കുന്ന വേദിയായി. ഭക്ഷ്യമേളയില്‍ കുടുംബശ്രീയുടെ വിവിധ യൂണിറ്റുകള്‍ തയാറാക്കുന്ന രുചികരമായ വിഭവങ്ങളും തനത് ഉല്‍പ്പന്നങ്ങളും പ്രദര്‍ശിപ്പിക്കുകയും വില്പന നടത്തുകയും ചെയ്യുന്നുണ്ട്. ലൈവ് ഫുഡ് സ്റ്റാളുകള്‍, ലൈവ് ജ്യൂസ് കൗണ്ടറുകള്‍ എന്നിവ മേളയുടെ പ്രധാന ആകര്‍ഷണങ്ങളാണ്. പ്രാദേശിക രുചികളോടൊപ്പം കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ വിഭവ വൈവിധ്യങ്ങളും സന്ദര്‍ശകര്‍ക്ക് അനുഭവിക്കാനാകും. മേളയുടെ ഭാഗമായി കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും ബാലസഭ കുട്ടികളുടെ വിവിധ സാംസ്‌കാരിക പരിപാടികളും അരങ്ങേറി. കുടുംബശ്രീ സൂക്ഷ്മ സംരംഭ യൂണിറ്റുകളുടെ ഉല്‍പ്പന്നങ്ങളുടെ മേളയും ഒരുക്കിയിട്ടുണ്ട്. വൈക്കം നഗരസഭ ചെയര്‍മാന്‍ അബ്ദുല്‍സലാം റാവുത്തര്‍ മേള ഉദ്ഘാടനം ചെയ്തു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാര്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ, നബാര്‍ഡ് പ്രതിനിധികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.