ലോക്പോളിൻ്റെ പ്രീ-ഇലക്ഷൻ സർവേ ഫലം പുറത്ത്: കേരളത്തിൽ ഭരണമാറ്റമെന്ന് പ്രവചനം
തിരുവനന്തപുരം: ലോക് പോളിൻ്റെ പ്രീ-ഇലക്ഷൻ സർവേ ഫലം പുറത്ത്. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കേരളത്തിൽ ഭരണമാറ്റമുണ്ടാകുമെന്നാണ് ലോക് പോളിൻ്റെ പ്രീ-ഇലക്ഷൻ സർവേ ഫലം. നിയമസഭ തെരഞ്ഞടുപ്പില്‍ യു.ഡി.എഫിന് മുന്‍തൂക്കം ഉണ്ടാകുമെന്ന സൂചനയാണ് സർവേയിലുള്ളത്. 81മുതല്‍ 86 സീറ്റുകള്‍ വരെ യു.ഡി.എഫ് നേടുമെന്നും, എൽ.ഡി.എഫിന് 51 മുതല്‍ 59 വരെ സീറ്റ് ലഭിച്ചേക്കാമെന്നും സർവേ പറയുന്നു. ബി.ജെ.പിക്ക് രണ്ട് സീറ്റ് ലഭിക്കുമെന്നും സർവേയിലുണ്ട്. ഫെബ്രുവരി 9 മുതല്‍ 24 വരെ 140 നിയോജക മണ്ഡലങ്ങളിലെ 42,000 പേരില്‍ നിന്ന് വിവരശേഖരണം നടത്തിയാണ് സർവേ ഫലം പുറത്തുവിട്ടതെന്ന് ഏജന്‍സി അറിയിച്ചു.
മുന്നണി സീറ്റുകള്‍ വോട്ട് ശതമാനം
എൽഡിഎഫ് 51-59 39-42%
യുഡിഎഫ് 81-86 43-45%
എൻഡിഎ 0-2 13 - 25%
തെക്ക്, വടക്ക്, മധ്യകേരളം എന്നിങ്ങനെ മേഖല തിരിച്ചുള്ള ചിത്രങ്ങളും ലോക് പോള്‍ പുറത്തുവിട്ടിട്ടുണ്ട്. വടക്കന്‍ കേരളത്തില്‍ മുസ്‌ലിം ലീഗിന്റെ കരുത്തില്‍ യു.ഡി.എഫ് വമ്പന്‍ മുന്നേറ്റം നടത്തുമെന്നാണ് പ്രതീക്ഷ. എങ്കിലും കണ്ണൂരും, പാലക്കാടും എല്‍.ഡി.എഫ് കോട്ടകളില്‍ മാറ്റമുണ്ടാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മധ്യകേരളത്തില്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ നിര്‍ണായകമായി മാറും. ഇത് കോണ്‍ഗ്രസിന് മുതല്‍കൂട്ടാകുമെന്നാണ് പ്രതീക്ഷ. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ യു.ഡി.എഫ് മുന്നേറ്റം നടത്തും. കേരള കോണ്‍ഗ്രസ് എമ്മിലെ ആഭ്യന്തര തര്‍ക്കങ്ങള്‍ വോട്ട് ചോര്‍ച്ചക്ക് കാരണമാവാനും സാധ്യതയുണ്ട്.
എല്‍.ഡി.എഫിന്റെ ശക്തി കേന്ദ്രമായ തെക്കന്‍ കേരളത്തില്‍ മുന്നണി ഭേദപ്പെട്ട പ്രകടനം കാഴ്ച്ച വെച്ചേക്കും. അതിനിടയിലും പത്തനംതിട്ട ഉള്‍പ്പെടെയുള്ള ജില്ലകള്‍ യു.ഡി.എഫ് തൂത്തുവാരും. ബി.ജെ.പിയുടെ മുന്നേറ്റം തിരുവനന്തപുരം ജില്ലയിലെ ചില മണ്ഡലങ്ങളില്‍ മാത്രമായി ഒതുങ്ങുമെന്നും സര്‍വേ ഫലം വ്യക്തമാക്കുന്നു.