ലോകത്ത് കണ്ടിരിക്കേണ്ട സ്ഥലങ്ങളിൽ കേരളവും
എസ്. സതീഷ്കുമാർ
കൊച്ചി: 2026 ൽ ലോകത്തിൽ കണ്ടിരിക്കേണ്ട 26 സ്ഥലങ്ങളിൽ കേരളവും ഇടം പിടിച്ചു. റഫ് ഗൈഡ്സിന്റെ വാർഷിക യാത്ര റിപ്പോർട്ടിലാണ് കേരളത്തിന് പതിനാറാം സ്ഥാനം. ലണ്ടൻ ആസ്ഥാനമായുള്ള ട്രാവൽ പബ്ലീഷർ ആണ് റഫ് ഗൈഡ്.റഫ് ഗൈഡിന്റെ റിപ്പോർട്ടിൽ ഇന്ത്യയിലെ ഏകസ്ഥലമായാണ് കേരളത്തിൻ്റെ സ്ഥാനം. മുപ്പതിനായിരം അന്വേഷണങ്ങളിൽ നിന്നാണ് 26 സ്ഥലങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയത്. റോം, ലിസ്ബൺ, ബാലി, ഹാനോയ് എന്നീ സ്ഥലങ്ങൾക്ക് ഒപ്പമാണ് കേരളത്തിനും സ്ഥാനം. കായലുകളും മലകളും കടലും തേയിലത്തോട്ടവും പുഴകളും ഒക്കെ ഒരുക്കുന്ന അനുഭവങ്ങളാണ് കേരളത്തെ ശ്രദ്ധേയമാക്കുന്നത്.രുചി വൈവിധ്യങ്ങളും, വൈവിധ്യമാർന്ന സംസ്കാരങ്ങളും കേരളത്തെ സഞ്ചാരികൾക്ക് മുന്നിൽ കൂടുതൽ ആകർഷകമാക്കുന്നു.
റോമും പാരീസും ഒക്കെ ഇടംപിടിച്ച പട്ടികയിലാണ് കേരളത്തിനും പതിനാറാമതായി സ്ഥാനം കിട്ടിയിരിക്കുന്നത്.
പരിസ്ഥിതി സൗഹൃദമായ വിനോദസഞ്ചാര മേഖലയാണ് കേരളത്തിൻ്റെ പ്രത്യേകത.
കൊച്ചിയിലെ കൊളോണിയൽ പാതകളും ആലപ്പുഴയിലെ വഞ്ചിവീടും കേരളത്തിലെ വെള്ളച്ചാട്ടങ്ങളും മലനിരകളും എല്ലാം വ്യത്യസ്ത അനുഭവങ്ങളാണ് സഞ്ചാരികൾക്ക് കേരളത്തിൽ ലഭിക്കുന്നത്.