ലോറികൾ തമ്മിൽ കൂട്ടി ഇടിച്ച് അപകടം: ലോറി ഡ്രൈവർക്ക് പരിക്ക്
തലയോലപ്പറമ്പ്: പാഴ്സൽ ലോറി എതിരെ വന്ന ഗുഡ്സ് ലോറിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ കോട്ടയം സ്വദേശിയായ ഗുഡ്സ് ലോറി ഡ്രൈവർക്ക് പരിക്കേറ്റു. അപകടത്തെ തുടർന്ന് വെട്ടിക്കാട്ട്മുക്ക് - എറണാകുളം പ്രധാന റോഡിൽ 45 മിനിട്ടോളം ഗതാഗതം തടസ്സപ്പെട്ടു. വരിക്കാംകുന്ന് പ്രസാദഗിരി പള്ളിക്ക് സമീപം വൈകിട്ട് 4 മണിയോടെയാണ് അപകടം. എറണാകുളത്ത് നിന്നും കോട്ടയത്തേക്ക് പാഴ്സലുമായി വന്ന തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറിയും കോട്ടയത്ത് നിന്നും എറണാകുളത്തേക്ക് ലോഡ് എടുക്കാൻ പോകുകയായിരുന്ന ഗുഡ്സ് ലോറിയും തമ്മിലാണ് കൂട്ടി ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഗുഡ്സ് ലോറിയുടെ ക്യാബിൻ ഉള്ളിലേക്ക് അമർന്ന് കോട്ടയം സ്വദേശിയായ ഡ്രൈവറുടെ കാലിന് ഗുരുതരമായി പരിക്കേറ്റു. ഓടിയെത്തിയ പ്രദേശവാസികളാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലയോലപ്പറമ്പ് സബ് ഇൻസ്പെക്ടർ പി.എസ്. സുധീരൻ്റ നേതൃത്വത്തിൽ പോലിസ് എത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്. തുടർന്ന് ക്രെയിൻ എത്തിച്ച് റോഡിൻ്റെ മധ്യഭാഗത്ത് കിടന്ന ഗുഡ്സ് ലോറി മാറ്റിയതിന് ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്. പരിക്കേറ്റ ലോറി ഡ്രൈവറെ പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇടിയുടെ ആഘാതത്തിൽ ഗുഡ്സ് ലോറിയുടെ ഡ്രൈവർ ഭാഗത്തുള്ള ക്യാബിൻ ഭാഗം തകർന്നു.