ലോറിയിൽ നിറച്ച ഗ്യാസ് സിലണ്ടർ കുത്തിത്തുറന്ന് യുവാവ് തീ കൊളുത്തി
എസ്. സതീഷ്കുമാർ
തലയോലപ്പറമ്പ്: ഗ്യാസ് സിലിണ്ടർ ലോഡുമായി പാർക്ക് ചെയ്ത ലോറിയിൽ കയറി സിലിണ്ടർ കുത്തി തുറന്ന് യുവാവ് തീ കൊളുത്തി.വെട്ടിക്കാട്ടുമുക്കിൽ ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. വെട്ടിക്കാട്ടുമുക്ക് സ്വദേശിയായ ലോറി ഡ്രൈവർ ഡ്രൈവർ ജംഗ്ഷന് സമീപം ഗ്യാസ് നിറച്ച സിലിണ്ടർ ലോഡുമായി എത്തി ലോറി റോഡരികിൽ പാർക്ക് ചെയ്ത ശേഷം വീട്ടിൽ പോയി.രാവിലെ യാത്ര തുടരുന്നതിനായി ലോറി ഇവിടെ ഇട്ട ശേഷം വീട്ടിലേക്ക് പോയതെന്നാണ് വിവരം. ഈ ഭാഗത്ത് കറങ്ങി നടന്ന കടപ്ലാമറ്റം സ്വദേശിയായ യുവാവാണ് ഗ്രില്ല് വഴി ലോറിക്ക് മുകളിൽകയറി ഒരു സിലിണ്ടർ കമ്പി കൊണ്ട് കുത്തിത്തുറന്ന ശേഷം തീ കൊളുത്തിയത്. ലോറിയിൽ നിന്നും തീ ഉയരുന്നത് ജംഗ്ഷനിലെ ഓട്ടോ ഡ്രൈവർമാരും മറ്റുമാണ് ആദ്യം കണ്ടത്. ഇവർ ഓടിയെത്തി യുവാവിനെ പിടികൂടുകയായിരുന്നു.കടുത്തുരുത്തി ഫയർഫോഴ്സ് യൂണിറ്റ് എത്തി തീയണച്ചതിനാലാണ് മറ്റ് ഗ്യാസ് സിലിണ്ടറുകളിലേക്ക് തീ പടരാതെ വൻ ദുരന്തം ഒഴിവായത്. തലയോലപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി അക്രമം നടത്തിയ യുവാവിനെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാൾക്ക് മാനസിക പ്രശ്നങ്ങൾ ഉള്ളതായാണ് കരുതുന്നത്